നന്ദിപ്രകടനം

ഫെബ്രുവരി 20, 2009

സദുദ്ദേശ്യത്തോടെ ചെയ്യുന്ന പലതും പാരയായി മാറുന്നത് നമ്മള്‍ എത്ര കണ്ടിരിക്കുന്നു!

പണ്ട് ജനം അട്ടിയിട്ട് പോയിരുന്ന ഒരു ബസ്സില്‍ ഞാനിരുന്നിരുന്ന വിന്‍‌ഡോ സീറ്റ്, അടുത്ത് നിന്നിരുന്ന ഒരു പള്ളീലച്ചന് ത്യാഗമനോഭാവത്തോടെ (ഞാനൊരു ഹിന്ദുവായിട്ടും!) ഒഴിഞ്ഞു കൊടുത്തപ്പോള്‍ പള്ളീലച്ചന്റെ പിന്നില്‍ നിന്നിരുന്ന ഒരു കടും‌വെട്ട് നൂഴ്ന്ന് കയറി വന്ന് ഞാന്‍ ഒഴിഞ്ഞ സീറ്റ് എന്റെ ചന്തിക്കും അച്ചന്റെ ചന്തിക്കുമിടയില്‍ നിന്ന് കവര്‍ന്നെടുത്തത് ഇന്നും മറന്നിട്ടില്ല! പള്ളീലച്ചന്‍ സാരമില്ല കുഞ്ഞാടിരുന്നു കൊള്ളട്ടെ എന്ന് എന്നോട് പറഞ്ഞെങ്കിലും സീറ്റ് പോയത് എന്റെയായിരുന്നല്ലോ. അച്ചനെന്നാ, മൂപ്പര് എന്താണെങ്കിലും തൂങ്ങി നില്‍ക്കുവായിരുന്നു.

ഫ്രീസറിലിരുന്ന ഇറച്ചി കൊണ്ടു പോയി കഴിച്ചോട്ടെ എന്ന് കരുതി കറമ്പന്‍ വാച്ച്‌മാനു കൊടുത്തിട്ട് പാവം ഒരാഴ്ച കഴിഞ്ഞാണ് പണിക്ക് കയറിയത്. എറിഞ്ഞ് തൂറ്റലും ശര്‍ദ്ദിയും ആയിരുന്നത്രേ. കോം‌പ്ലെക്സില്‍ ആയിടക്ക് പകല്‍ സമയം ഫുള്‍ പവര്‍‌കട്ടായിരുന്നു എന്ന് ജോലിക്ക് പോയിരിക്കുന്ന ഞാനെങ്ങനെ അറിയാന്‍?

അങ്ങനെ പല സംഭവങ്ങള്‍.

ഇതൊക്കെ പറഞ്ഞു വന്നത് ഓഫീസില്‍ എന്റെയടുത്തിരിക്കുന്ന ഒരു സായിപ്പിനു പറ്റിയ ഒരു സംഭവത്തെക്കുറിച്ച് പറയാനാണ്. അത്രക്കൊന്നൂല്യ-എന്നാലും ആലോചിക്കുമ്പോള്‍ എനിക്ക് ചിരിവരും.
ടിയാന്‍ ഉഗാണ്ടയിലെ ഏതോ പ്രൊ‌ജക്റ്റ് ഇവിടിരുന്ന് മാനേജ് ചെയ്യുന്ന ആവറേജ് ഒരു പ്രാരാ‌ബ്ധക്കാരന്‍ ആണ്. പ്രൊജെക്റ്റ് ഉഗാണ്ടയിലും അങ്ങേരിവിടെയുമായത് കൊണ്ട് എല്ലാം ഫോണ്‍‌വിളി മുഖാന്തിരം ആണ് മാനേ‌ജ്‌മെന്റ്. എന്നും രാവിലെ സായിപ്പ് ഉഗാണ്ടക്ക് വിളിച്ചിട്ട് രണ്ട് മണിക്കൂര്‍ മീറ്റിംഗ് ആണ്.
സാധാരണ നേരെ വാ നേരെ പോ എന്ന മട്ടിലാണ് മീറ്റിംഗ്.
ഉഗാണ്ടയല്ലേ, ക്ലൈന്റിനു ഇം‌ഗ്ലീഷ് അത്ര പിടി പോര, പോരാഞ്ഞ് ഫോണ്‍ കണക്ഷനും ചിലപ്പോള്‍ മോശം. പറഞ്ഞതൊക്കെ മിക്കവാറും റീപ്ലേ ചെയ്യണം അങ്ങ‌ടെത്തണെങ്കില്‍.

അന്നെന്തു കൊണ്ടോ സായിപ്പ് നല്ല മൂഡിലായിരുന്നത് കൊണ്ടാണോ ആവോ, ഫോണ്‍ കണക്റ്റായ ഉടനെ ഉഗ്ഗാണ്ടനോട്
“താന്‍‌ക്യു ഫോര്‍ മേക്കിംഗ് യു‌വര്‍ സെല്‍ഫ് അവൈലബിള്‍ ഫോര്‍ ദിസ് മീറ്റിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് ” എന്ന് പറഞ്ഞു പോയി.

കാള കുത്താനായിറ്റ്!

ഉഗാണ്ടനത് മനസ്സിലായില്ലെന്ന് മാത്രമല്ല, പ്രധാനപ്പെട്ട എന്തോ വിവരമാണെന്നു കരുതി (കാശ് മുടക്കണതയാളല്ലേ) യ്യ് ദിപ്പോ ന്താ പറഞ്ഞത് എന്ന് ചോദിക്കാന്‍ തുടങ്ങി.

നമ്മടെ സായിപ്പ് വീണ്ടും പറഞ്ഞു “താന്‍‌ക്യു ഫോര്‍ മേക്കിംഗ് യു‌വര്‍ സെല്‍ഫ് അവൈലബിള്‍ ഫോര്‍ ദി മീറ്റിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് “.

എവടെ കത്താന്‍!
ഉഗാണ്ടന്‍ പിന്നേം ചോദിച്ചു, അല്ല, എന്താണ് ആക്‌ച്വലി സായിപ്പ് ഉദ്ദേശിച്ചത്?

നമ്മള്‍ ചില പൊട്ടന്മാരോട് ‘നീ -ഫുഡ്-ഞംഞം-ങേ?’ എന്നൊക്കെ സം‌സാരിക്കുന്നത് പോലെ സായിപ്പ് “ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് “എന്നൊക്കെ വിസ്തരിക്കാന്‍ തുടങ്ങി.

കിം‌ ഫലം? നോ രക്ഷ.

സംഗതി സായിപ്പിന് ഇത്രയും സിം‌പിള്‍ ആയ ഒരു വാക്യത്തിന്റെ വ്യാകരണവും അ‍‌ര്ത്ഥവും പറഞ്ഞു കൊണ്ടിരിക്കേണ്ടി വന്നു.

നന്ദി പ്രകടനം അഞ്ചാറായപ്പോള്‍ ഓഫീസിന്റെ അവിടെ നിന്നും ഇവിടെ നിന്നും ഒരോ തല പൊങ്ങി ഇയാളെ നോക്കിത്തുടങ്ങി.

പൊട്ടന്മാരെ മനസ്സിലാക്കല്‍ മോഡ് സൈഡില്‍ വെച്ചിട്ട് ജഗതി കിലുക്കത്തില്‍ “ജോജീ-ഞാന്‍- ജഗഡ ജഗഡ” അവസ്ഥയിലേക്ക് സായിപ്പ് കട്ട മാറ്റിപ്പിടിച്ചു.

അപ്പുറത്ത് ക്ലൈന്റാണ്..അല്ലായിരുന്നെങ്കില്‍ ഈ സായിപ്പ് “അതേയ് നിന്റെ അമ്മേനെ കെട്ടിക്കാന്‍ സ്തീധനം എത്ര ചിലവായെടാ കാണ്ടാമൃഗമേ എന്നാണ് ഞാന്‍ ചോദിച്ചത്, വെച്ചേച്ച് പോടാ പട്ടീ” എന്ന് പറഞ്ഞേനെ. മൂന്നര‌ത്തരം.
നന്ദി പ്രകടനം നടത്തുന്നതിന് ഒരതിരൊക്കെയില്ലേ!

ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, ഇരുപത് മിനിട്ടായിട്ടും ഈ സായിപ്പ് ഇതു തന്നെ വിസ്തരിച്ചു കൊണ്ടിരുന്നു. മീറ്റിംഗ് തുടങ്ങിയതേയില്ല. “ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് “……..ഹലോ ഹലോ…യേസ്…”ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് ദാറ്റ്സ് ആള്‍.” ഇദന്നെ.

ഒരു മീറ്റിംഗിനു മുന്‍പ് ഒന്നു നന്ദി പ്രകടനം ചെയ്യാന്‍ പോയത് കൊണ്ട് വന്ന ഒരോ ഗതികേടേയ്.

സമയം പോകുന്നതില്‍ സഹികെട്ട് (ഉഗാണ്ടക്കാരനോ അതോ സായിപ്പോ? ആ?!) അവസാനം മീറ്റിംഗ് തുടങ്ങുകയായിരുന്നു എന്നു തോന്നുന്നു.

അവസാനം മീറ്റിംഗ് കഴിഞ്ഞപ്പോഴും ഒരു പ്രാവശ്യം അയാള്‍ പറയുന്നത് കേട്ടു “”ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് -ഹലോ ഹലോ”

അതു കഴിഞ്ഞ് ഇനി ഇ-മെയില്‍ അയച്ചോ ആവോ!

Advertisements

15 പ്രതികരണങ്ങള്‍ to “നന്ദിപ്രകടനം”


 1. ഹഹഹഹ… എത്ര കാലം കൂടിയാ അരവിന്ദന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിറ്റു കേൾക്കുന്നതു്!

 2. Jayarajan Says:

  ഹഹഹ!!! 🙂
  എന്നാലും “appaappa naidu” ന്റെ അത്രേം വരില്ല അല്ലേ ഉമേഷേട്ടാ?
  {ലിങ്ക് നോക്കിയിട്ട് കിട്ടുന്നില്ല :(}


 3. അതിന്റത്രയും ഒന്നും വരികില്ല ജയരാജാ. ലിങ്ക് ഇവിടെ.

 4. wakaari Says:

  ഹ…ഹ…ഹ

  മലയാളത്തില്‍ ജനിച്ച് മലയാളത്തില്‍ പിച്ചവെച്ച് മലയാളത്തില്‍ മുട്ടുകുത്തി മലയാളത്തില്‍ നടന്ന്, ഇരിന്ന്, കിടന്ന്, ഉണ്ട്, ഉറങ്ങി മലയാളത്തില്‍ മാത്രം ജീവിച്ച് വളര്‍ന്ന് പടര്‍ന്ന്ന്‍ പന്തലിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍, ഒരുദിവസം മെസ് ഹാളില്‍ ഊണും കഴിഞ്ഞ് എഴുന്നേറ്റ് പോകാന്‍ നേരത്ത് കൂട്ടത്തിലൊരുത്തന്‍“എക്‍സ്‌ക്യൂസ്‌മീ” എന്ന് ഉപചാരിച്ചപ്പോള്‍ ,സത്യമായും അവന്‍ എന്താണ് പറഞ്ഞതെന്ന് ആര്‍ക്കും മനസ്സിലായില്ല. എല്ലാവരും കോറസ്സായി ചോദിച്ചു:

  “എന്താടാ പറഞ്ഞത്?”

  പാവം, അതില്‍ പിന്നെ അവന്‍ വീണ്ടും തനിമലയാളം ഏവൂരാനായി 🙂


 5. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ആ ഉഗാണ്ടക്കാരന്റെ അവസ്ഥ ശരിക്കും മനസില്ലാവുന്നുണ്ട്‌.

  ഇവിടെ എന്റെ ക്ലയന്റ്‌ മീറ്റിങ്ങോക്കെ ഏതാണ്ട്‌ ഈ വഴിക്കൊക്കെയാണ്‌. ആദ്യത്തെ മീറ്റിംഗിൽ അങ്ങേരു പറഞ്ഞതൊന്നും എനിക്കു പിടികിട്ടീല.. അവസാനം പോയി ഒരു സഹപ്രവർത്തകനോടു സഹായഭ്യർഥിച്ചു. അവൻ വന്നു ക്ലയന്റ്‌ പറയുന്നത്‌ പേപ്പറിലെഴുതി കാണിച്ചു തന്നാണ്‌ ഒരുവിധത്തിൽ എന്നെ രക്ഷപെടുത്തിയെടുത്തത്‌.

  ഇതിനിടയ്ക്ക്‌ ഒരു ദിവസം നമ്മടെ ക്ലയന്റ്‌ ഫോണിന്റെ അങ്ങേ തലയ്ക്കലിരുന്ന്‌ ഇടക്കിടക്ക്‌ ഡിപ്‌ടീ ഡിപ്‌ടീ എന്നു പറയുന്നതു കേട്ട്‌, അങ്ങേര്‌ വല്ല ചായയ്ക്കും ഓർഡർ ചെയ്യുകയാണെന്നും വിചാരിച്ച്‌ പാവം ഞാൻ ശല്യപ്പെടുത്താതിരുന്നു. ഒരഞ്ചു പത്തു തവണ അങ്ങേര്‌ ഓർഡർ പ്‌ളേസ്‌ ചെയ്തു കഴിഞ്ഞപ്പോഴല്ലേ മനസിലായത്‌ ടിയാൻ എന്നെയാണു വിളിച്ചു കൊണ്ടിരിക്കുന്നതെന്ന്‌. ദീപ്തി എന്ന ഇന്ത്യൻ പേരിനെ അങ്ങേരങ്ങ്‌ ഇംഗ്ലീഷീകരിച്ചതായിരുന്നു . എന്തായാലും ഞാൻ നല്ല അന്തസായി ഇരുന്നു ചമ്മി 🙂


 6. സത്യം. അരവിന്ദന്റെ ഒരു തമാശ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ.

  അലക്കീണ്ട്രാ! 🙂


 7. വയറുവേദനിക്കുന്നല്ലോടോ മനുഷ്യാ..!!


 8. ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് ….
  🙂


 9. ഹഹഹ കലക്കി ഹാഫേ 🙂

  ഒന്നര വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് എയര്‍പോട്ടില്‍‌ വെച്ച് ഇങ്ങനൊരു കളി ഞാനും കളിച്ചിരുന്നു. ഹോ, അതോര്‍ക്കുമ്പോ മുന്നീ കാണണ സായിപ്പിനിട്ടൊന്നു പൊട്ടിക്കാന്‍ തോന്നും ഇപ്പഴും

 10. punarjani Says:

  ചിരിച്ചു വശം കെട്ടു .. നന്നായിട്ടുണ്ട് മാഷേ !!!

 11. Siji Says:

  ഇടക്കിവിടെ വന്നുനോക്കി..പുതിയ പോസ്റ്റുകാണാതെയുള്ള ‘ദേഷ്യത്തോടെ’ മടങ്ങിയതാണ്‌. വെല്‍ക്കം ബാക്ക്‌ ….:))

 12. Zebu Bull Says:

  ഉമേഷ് സാര്‍ തന്ന ലിങ്കിലൂടെ പോയി അപ്പാപ്പനായിഡു വായിച്ചു ഞാന്‍ ചാവാറായി. എന്തൊരു തമാശ!
  ഇതും കലക്കിയിട്ടുണ്ട്.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: