ഓസ്കാര്‍ ചിന്തകള്‍

ഫെബ്രുവരി 23, 2009

അങ്ങനെ ഓസ്കാര്‍ കഴിഞ്ഞു.

വിചാരിച്ചത് പോലെ സ്ലം ഡോഗ് തൂത്ത് വാരി കൊണ്ടു പോയി.

ഡാനീ ബോയ്ലിന്റെ റ്റൈം. അല്ലെങ്കിലും മൂപ്പരുടെ പടങ്ങള്‍ എനിക്ക് ഇഷ്ടമാണ്.

ട്രെയിന്‍ സ്പോട്ടിംഗിനു ഒരു കള്‍ട്ട് സ്റ്റാറ്റസ്സൊക്കെയുണ്ടെങ്കിലും എനിക്ക് അതിലും പ്രിയപ്പെട്ടത് ദി ബീച്ച് ആയിരുന്നു. സ്ലം ഡോഗ് കണ്ടില്ല, നല്ലതായിരിക്കും എന്ന് ഉറപ്പുണ്ട്-ഏതായാലും ഓസ്കാര്‍ അങ്ങനെ ജാഡകളുടെ പുറത്ത് , ഒരു വസ്തുവിനും കൊള്ളാത്ത പടങ്ങള്‍ക്ക് എടുത്ത് കൊടുക്കുന്നത് ഇതു വരെ കണ്ടിട്ടില്ല.

അമിതാബച്ചനും പ്രിയദര്‍ശനുമൊക്കെ ഇന്ത്യയുടെ പട്ടിണി പരിവട്ടം കാണിച്ചത് ഇഷ്ടപെട്ടില്ലത്രേ!

ശരി, അതെല്ലാം തൂത്ത് കാര്‍പ്പറ്റിന്റെ അടീലേക്കിടാം. എന്നിട്ട് ചവുട്ടി ലെവലാക്കാം. എന്നിട്ട് ഷാരൂഖിനെ വിളിച്ചോണ്ട് വന്ന് മറജാനീ മറജാനീ കുറേ മേല്‍‌ക്കൂരയില്ലാത്ത തൂണിന്റെ ഇടയില്‍ നിര്‍ത്തി ആടിക്കാം-ബെസ്റ്റ് പടമായി.

(അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ-ഈ മേല്‍‌ക്കൂരയില്ലാത്ത തൂണുകള്‍ കണ്ടിടത്തെല്ലാം പണിഞ്ഞു വയ്കുന്നത് എന്ത് കുന്തത്തിനാണ്? ചാരി നില്‍ക്കാനോ? അതോ ആ ഏരിയയിലെ പട്ടികള്‍ക്ക് മൂത്രിക്കാനോ? ഈ സാബുസിറിലിനു കാണിക്കാന്‍ വേറെ ഒന്നും ഇല്ലേ?)

 

എ ആര്‍ റഹ്‌മാന്റെ ഒരു ആവറേജ് പാട്ടായിരുന്നു ജയ് ഹോ. ആഹ് പിന്നെ കിട്ടിയതാകട്ടെ, മൂപ്പര്‍ക്ക് എന്തായാലും ഓസ്കാര്‍ ഒക്കെ പുല്ലു പോലെ കിട്ടാനുള്ള ജീനിയസ്സ് ഉണ്ട്. എ ആര്‍ റഹ്‌മാന് പാട്ട് വെടിക്കെട്ട് ചെയ്യാന്‍ അത് പാടിയ കൊച്ചിനെ വിളിച്ചോണ്ട് വന്ന് എന്‍ ഡി റ്റി വി  ജയ് ഹോ പാടിച്ചു-ചളം കുളം എന്ന് പറഞ്ഞാല്‍ മതിയല്ലോ. എ ആര്‍ അത് കേട്ടിരുന്നെങ്കില്‍ ഓസ്കാറിന്റെ പ്രതിമയെടുത്ത് മണ്ടക്ക് മേടിയേനെ.

മ്യൂസിക്കില്‍ ആ പടത്തില്‍ മികച്ചു നില്‍ക്കുന്നത് ഇന്‍‌സ്ട്രമെന്റല്‍സ് ആണ്. ഓ സായായിലെ ട്രെയിനിന്റെ താളം ബ്രില്ല്യന്റ്. വേറേം ണ്ട്.

 

റസൂല്‍ പൂക്കുട്ടിയുടെ മുഖം എന്ത് നിഷ്കളങ്കമാണ്! കണ്ടാല്‍ ഒരു രണ്ട് ഓസ്‌കാര്‍ എടുത്ത് കൊടുക്കാന്‍ തോന്നണ നിഷ്കളങ്ക മുഖം ചിരി. പൂനാ ഇന്‍‌സ്റ്റിറ്റ്യൂട്ടിന്റെ സന്താനമായ അദ്ദേഹം കാരണം ഏറ്റവും കൂടുതല്‍ ബൂസ്റ്റ് കിട്ടാന്‍ പോകുന്നത് ഇന്‍‌സ്റ്റിറ്റ്യൂട്ടിന് തന്നെയാണ്. കുറേ നാളായി തുറന്ന് വച്ചോണ്ടിരിക്കുന്നു, അവസാനം ഒരു മലയാളി വേണ്ടി വന്നു…ങ്‌ഹാ!

 

ശബ്ദലേഖനത്തിനൊക്കെ നമ്മുടെ പടത്തില്‍ എന്തു സ്ഥാനമാണുള്ളത്? നൂറ് കണക്കനു ആള്‍‍ക്കാരുള്ള തെരുവില്‍ കൂടെ നടന്നു പോകുമ്പോള്‍ മലയാളം സിനിമയില്‍ കേള്‍ക്കുക നായകന്റെ ഷൂസിന്റെ ടക് ടക്, അല്ലെങ്കില്‍ ചെരുപിന്റെ ടിഷ്ക്യാ ടിഷ്ക്യാ. കാറ് വന്നു നില്‍ക്കുമ്പോഴുള്ള ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ? പതറ്റിക് ആണ്. ബര്‍‌ര്‍‌ര്‍. എന്നിട്ട് ബ്രേക്കിന്റെ കീഈഈഈ. എത്ര പതുക്കെ വരുന്ന കാറായാലും ലോറിയായാലും. പിന്നെ ഡോറടക്കുന്ന ശബ്ദം, ഏത് കാറായാലും ഒന്നന്നെ.

 

അല്ല, കഥ പറയാന്‍ ഇതൊന്നും വേണ്ട. എന്നാലും, കൊല്ലം 2009 ആയില്ലേ?

 

ഏതായാലും വളരെ സന്തോഷം. ഇതിന്റെ ഒരു ആഫ്റ്റര്‍ എഫക്റ്റായി ധാരാവി ഗവര്‍മെന്റ് ഒന്നു പുനരുദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. ഇന്നലെ അല്‍ ജസീരയില്‍ ധാരാവിയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കണ്ടാല്‍ ഞെട്ടുന്ന പരുവം. ഞാനാലോചിക്കുകയായിരുന്നു, ഇച്ഛാശക്തിയുണ്ടെങ്കില്‍ ആ ആള്‍ക്കാര്‍ക്ക് മുഴുവനും അധികം തെറ്റില്ലാത്ത ഒരു വീട് വെച്ചുകൊടുക്കാന്‍ എത്ര സമയം വേണ്ടി വരും?

 

ഇവിടെ ഒരു സായിപ്പിന്റെ കൂടെ കാറില്‍ പോകുകയായിരുന്നു. വഴിക്ക് കറുത്ത വര്‍ഗ്ഗക്കാര്‍ ധാരാളം താമസിക്കുന്ന ഇന്‍‌ഫോര്‍മല്‍ സെറ്റില്‍‌മെന്റുകളായി. ചേരി തന്നെ. നമ്മുടെ നാടു പോലെ തന്നെ. ഇത്തിരി കൂടി മെച്ചം ഉണ്ട് എന്ന് മാത്രം.

ഉടന്‍ സായിപ്പ് എന്നോട് “ലുക്സ് ലൈക്ക് ഇന്ത്യ” എന്ന്.

എനിക്ക് ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു, “നോ, ലുക്സ് ഡെഫനിറ്റിലി ലൈക്ക് ബ്ലഡി സൊഉത്ത് ആഫ്രിക്ക” എന്ന്.

കൊള്ളാത്തതൊക്കെയെടുത്ത് ഇന്ത്യക്ക് ചാര്‍ത്തി തരാന്‍ എന്തൊരാവേശം.ഹും!

 

അയാളൊന്നും മിണ്ടിയില്ല. 

കാറില്‍ നിന്ന് ഇറക്കി വിട്ടതുമില്ല. എന്റെ ഭാഗ്യം.

20 പ്രതികരണങ്ങള്‍ to “ഓസ്കാര്‍ ചിന്തകള്‍”


  1. ധാരാവി ഒക്കെ സിനിമയില്‍ കാണിക്കാന്‍ കൊള്ളാമോ.. മോളൂ ധാരാവീ ധാരാവീന്ന് കേട്ടിട്ടുണ്ടോ എന്ന മോഡല്‍ ഡയലോഗിലൊക്കെ ഒതുക്കണം ചേരികളെ. അല്ലെങ്കില്‍ അറ്റ് ദ മാക്സിമം നായികയും നായകനും ചേര്‍ന്നുള്ള ഒരു സംഘനൃത്തം രണ്ടു കൂട്ടത്തല്ല് ഒരു ബോംബ് സ്ഫോടനം ഇതിന്റെ ഒക്കെ പശ്ചാത്തലമായി പാസ്സിംഗായി കാണിക്കാം. അതിനപ്പുറമൊക്കെ ആയാല്‍ നാണക്കേടല്ലേ..

    ഈ ജയ് ഹോയ്ക്ക് അവാഡ് കൊടുത്തവര്‍ റഹ്മാന്റെ നൈനാ നീര്‍ ബഹായെ (വാട്ടര്‍) ഒക്കെ കേട്ടിരുന്നെങ്കില്‍ എന്തെടുത്ത് കൊടുത്തേനേ ..


  2. ഹഹ ഗുപ്തരേ കറക്റ്റ്
    മലയാളം സില്‍‌മകളില്‍ ചേരി കണ്ടിറ്റില്ലേ?
    എല്ലാവരും വളരെ ഹാപ്പി. നല്ല ബ്രൈറ്റ് മഞ്ഞ, പച്ച, ചൊമല ഉടുപ്പൊക്കെയിട്ടിട്ട്.
    പാട്ടിന് പാട്ട്, കൂത്തിനു കൂത്ത്. മാക്സിമം പ്രശ്നം ഒരു പ്രേമ നൈരാശ്യം. അത്രേള്ളൂ.
    അത്രേയൊക്കേ പാടൂ.

    പിന്നെ എ ആറ്. ഉം, മൂപ്പരുടെ കഴിവിന് കിട്ടിയതാണെന്ന് കരുതാം.


  3. Swantham jeevithayaathrayil ninnum ellaa chodyangngalkkumulla utharangngal parayunna oru chaayavilppanakkaaran kuttiyute kadha enthukondum puthiyathu thanneyaanu. kadhayude fluency nashtamaavaathe eduthathil director re namiche theeroo.

    ichasakthiyundel Dharavi nannaavanam ennilla. Kaaranam ath Mumbaiyil aayathond thanne. Oru Mumbaikar enna nilaykk avidathe sthithiviseshangalekkurich vyakthamaayariyaam.

    slum nte clear cut picture aanu aa chithrathilullath… theerththum puthiyoranubhavamaanu aa film.

    Rahman ottanavadhi nalla paattukal cheythittund. But, ithaavum addehathe sradhayilppeduthiyath. ippo kittiyath varshangalkkumunpe kittendathaayirunnu ennu parayunnathil enthu kaaryama haafe? ippazhenkilum mkitteellonnu samadhinykk

  4. hayy Says:

    we want to proud and celebrate for this bcs it is not natural.


  5. http://anakkoodan.blogspot.com/2009/02/blog-post.html

    ഇങ്ങനെ ഒരു വശം കൂടിയുണ്ട് സംഗതിക്ക്. മള്‍ട്ടി നാഷനല്‍ ഏന്റെര്‍റ്റെന്മെന്റ് കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള താല്പര്യം ടെലവിഷനില്‍ ഒതുങ്ങുന്ന അവസ്ഥ കഴിഞ്ഞിരിക്കുന്നു. (അതുമാത്രമാണ് വിഷയം എന്ന് കരുതേണ്ടതില്ല എങ്കിലും)


  6. അല്ല ബ്രിട്ടീഷ്കാരന്‍ ഇന്ത്യന്‍ കഥ സീനിമയാക്കിയതിന് അമേരിക്കക്കാരന്‍ ഓസ്കാര്‍ കൊടൂക്കുന്നു.
    ഇതില്‍ ഇന്ത്യന്‍ വിപണി പിടിക്കാന്‍ ആണെന്ന് എങ്ങനെ വരും?
    ഓസ്കാര്‍ കൊടുത്ത് പകരം ഗവര്‍മെന്റില്‍ നിന്നും മറ്റും മാര്‍ക്കെറ്റ് എണ്ട്രിക്ക് അനുകൂലമായ നയം ഉണ്ടാക്കിയെടുക്കാമെന്നോ? അത്രക്ക് ബാലിശമാണോ ഗവര്‍മെന്റ്?
    മില്യണയര്‍ സിനിമ ഇന്ത്യയില്‍ ഒത്തിരി പേര് കാണും എന്നല്ലാതെ എന്താണ് അമേരിക്കന്‍ സിനിമാ കമ്പനികള്‍ക്കുള്ള ഗുണം? ഇനി അമേരിക്കക്കാര്‍ ഇറക്കുന്ന ഇന്ത്യന്‍ പടമെല്ലാം ഇന്ത്യക്കാര്‍ കാണുമെന്നോ?
    വാര്‍ണര്‍ ബ്രോ കാശിറക്കിയ ചാന്ദ്നി ചോക്ക് എട്ട് നിലയില്‍ പൊട്ടിയിലേ?

    കോസ്മറ്റിക് സ്റ്റ്റാറ്റെജിയുമായി ഇതിനെ കൂട്ടിക്കുഴക്കുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല.
    ഇന്ത്യന്‍ സിനിമകള്‍ എടുക്കാന്‍ അമേരിക്കക്കാര്‍ ഇടിച്ചെത്തിയാല്‍ ഗുണം ഇന്ത്യക്കാര്‍ക്കാകും-കുറേപേര്‍ക്ക് ഒരുപജീവനം. അല്ലാതെ ഇന്ത്യന്‍ സിനിമാ മാര്‍ക്കെറ്റ് പിടിക്കാന്‍ ഓസ്കാര്‍ ഒന്നും പോര എന്നു തോന്നുന്നു.
    ഈ പുഷ് കൊണ്ട് എത്ര ആംഗ്ലോ ഇന്ത്യന്‍ പടങ്ങള്‍ ഓടും എന്ന് കണ്ടറിയണം.


  7. വിനോദരംഗത്ത് ഇന്ത്യയുടെ മാര്‍ക്കറ്റ് പൊട്ടന്‍ഷ്യലിനെ ഇന്ത്യയില്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കുന്നു എന്നുമാത്രമായി ഒതുക്കണ്ട. അതും ഒരു ഘടകമായി വരും എന്നേയുള്ളൂ.

    ഇറ്റലി നമ്മുടെ കേരളം പോലെ തനത് സിനിമയുടെ നാടായിരുന്നു. പസൊലിനിയെയും ഫെല്ലിനിയെയും പോലെയുള്ള കുലപതികളുടെ നാട്. ഇപ്പോള്‍ ഇവിടെ ഇറങ്ങുന്ന സിനിമ/ടിവി ഫിലിംസ് 90% ഹോളിവുഡ് മൊഴിമാറ്റങ്ങളാണ്. ഇന്‍ഡ്സ്റ്റിയിലെ നല്ല ഒരു ശതമാനം ‘ഭാഷാന്തരീകരണത്തിനായും’ അങ്ങനെ വരുന്ന സിനിമകളുടെ വിതരണത്തിനായും മാറ്റിവയ്ക്കപ്പെടുന്നതോടെ ഭാഷാസിനിമകളുടെ നിര്‍മാണത്തില്‍ പണം മുടക്കാന്‍ ആളുകുറയുകയും പോപുലര്‍ മീഡിയ ഫോര്‍മാറ്റുകള്‍ക്കായി നിലകൊള്ളുന്നവര്‍ വളരെ വേഗം കളം മാറ്റി ചവിട്ടുകയും ചെയ്യും. ഇന്‍ഡസ്ട്രിയില്‍ നാട്ടുചിത്രങ്ങള്‍ക്കുള്ള സ്പെയ്സ് കുറയുകയാണ് ചെയ്യുന്നത്. ഫലത്തില്‍ ഇറ്റലിക്ക് ഇപ്പോള്‍ വമ്പ് പറയാന്‍ ഒരു ബെനീഞ്ഞി ഉണ്ട്: ബെര്‍ത്തലൂച്ചി പണ്ടുമുതലേ ഫ്രാന്‍സ്/അമേരിക്ക ലൈനിലാണ് സിനിമാ നിര്‍മാനം.

    വെറും ആറു കോടി ജനങ്ങളാണിവിടെ. ഇന്ത്യയിലെ ഉപരി മധ്യവര്‍ഗങ്ങളെ കൂട്ടിയാല്‍ വരുന്ന ഏകദേശം 40 ശതമാനം ഇതിന്റെ ഏഴിരട്ടി വരും. മാര്‍ക്കറ്റ് സാധ്യതകള്‍ ഇതൊക്കെ നോക്കിവേണം കണക്കുകൂട്ടാന്‍. ഇപ്പോള്‍ പത്തുവര്‍ഷം മുന്‍പ് കിട്ടുന്നതിനെക്കാള്‍ പലമടങ്ങ ലോക്കല്‍ സപ്പോര്‍ട്ട് വിദേശചിത്രങ്ങള്‍ക്ക് നാട്ടില്‍ കിട്ടുന്നുണ്ട്(ഡബ് ചെയ്യപ്പെടുന്ന സിനിമകളുടെ എണ്ണം മാത്രം വെറുതെ ഒന്നു ശ്രദ്ധിക്കൂ). വേണ്ട രീതിയില്‍ ഡബ്ബ് ചെയ്ത് ഇന്റര്‍ നാഷനല്‍ നിലവാരത്തില്‍ പരസ്യവും പ്രചരണവും നടത്തി തികഞ്ഞ പ്രൊഫഷണലിസത്തോടെ രൂപം മാറിവരുന്ന വിദേശസിനിമകള്‍ക്കുമുന്നില്‍ ലോക്കല്‍ സിനിമകള്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടും.

    (ഇപ്പോള്‍ മലയാളത്തില്‍ ഡബ് ചെയ്തുവരുന്ന ഡയലോഗുകള്‍ കേട്ടാല്‍ ചെടിക്കും: വിദേശകമ്പനികള്‍ തികഞ്ഞ പ്രൊഫഷണത്സിനെ രംഗത്തിറക്കിയാല്‍ അതായിരിക്കില്ല അവസ്ഥ.ചൈനീസ് സ്ലാംഗിനെ കോമിക്കല്‍ ആയി അവതരിപ്പിക്കുന്ന ഷാവോലിന്‍ സോക്കര്‍ ഇറ്റലിയില്‍ വന്നപ്പോള്‍ ചൈനീസ് സ്ലാംഗിന്റെ കോമഡി എലമെന്റ് അവതരിപ്പിക്കാന്‍ ഇറ്റാലിയനിലെ ഏറ്റവും കോമിക്ക് സ്ലാംഗ് ആയ കലാബ്രിയന്‍ രൂപം എടുത്തു .. സെയിം കോമിക്ക് ഇഫക്റ്റ്. ലോക്കല്‍ തമാശപോലെ എല്ലാവരും ആസ്വദിച്ചു-സിനിമ തകര്‍ത്തോടി)


  8. സ്ലം ഡോഗ് ഇറങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ, ഇന്ത്യന്‍ മാര്‍‌ക്കറ്റിനെ ഹോളിവുഡ് നോട്ടമിടുന്നത് വാര്‍ത്തയായിരുന്നു.

    അതില്‍ പറഞ്ഞ ഒരു പോയിന്റ് ഞാന്‍ ഓര്‍ക്കുന്നു… ബോളിവുഡ് സിനിമകള്‍ ഗുണപരമായി ഹോളിവുഡിനു പിറകിലാണ്‌( സാങ്കേതികതയില്‍ അല്ല …. അണ്‍റിയലിസ്റ്റിക് അപ്രോച് കാരണം.
    എങ്കില്‍ കൂടെ ബോളിവുഡിന്റെ പ്രാധാന്യം അതിന്റെ തനിമയില്‍ ആണ്. അതായത് ഹോളിവുഡിന്റെ സാംസ്കാരികമായ അധിനിവേശത്തെ ബോളിവുഡ് എന്നും ചെറുത്തു നിന്നു എന്ന്….

    ഹോളിവുഡ് പടങ്ങളൂടെ മാതൃക പിന്തുടര്‍ന്ന പല രാജ്യങ്ങളിലേയും സിനിമകള്‍ക്ക് തനിമ നഷ്ടം വന്നു.. ഗുപ്തന്‍‌ജീ പറഞ്ഞ ഇറ്റലി ഒരുദാഹരണം…

    (ഇതില്‍ ബോളിവുഡും മറ്റൊരര്‍‌ഥത്തില്‍ പ്രതിസ്ഥാനത്ത് വരും.. അതായത് ഹിന്ദി സിനിമകള്‍ക്ക് കൂടുതല്‍ പ്രചാരമുള്ള ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ , പ്രാദേശികസിനിമാവ്യ്വസായം പുരോഗമിക്കുന്നില്ല…. നല്ല സിനിമകള്‍ എടുക്കാന്‍ കഴിവുള്ളവര്‍ അവിടേയും ഉണ്ട്…( ഉദാ:- മറാഠി, ഓറിസ്സാ മുതലായവ…)

    വ്യക്തിപ്രമായി എനിക്ക് ഹോളിവുഡില്‍ നിന്നും ഗുണപരമായ മാറ്റങ്ങള്‍ ബോളിവുഡ് ഉള്‍ക്കൊള്ളുന്നതില്‍ സന്തോഷമേ ഉള്ളൂ… പക്ഷേ അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ എന്ത് എന്ന് ആശങ്ക ഇല്ലാതില്ല…

    ഇന്ന് കേരളത്തില്‍ തെലുങ്ക് ഡബ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആവും പോലെ, നാളെ ഇന്ത്യന്‍ സിനിമാ വ്യവസായം ക്ഷീണിക്കുകയും ഹോളിവുഡ് ഡബ് ചിത്രങ്ങള്‍ വ്യാപകമാവുകയും ചെയ്താലോ?

    എ.ആര്‍ റഹ്മാനെക്കൂറിച്….:- ജയ്ഹോ ഒരു പക്ഷേ അദ്ദേഹത്തിന്റെ മികച്ചതാവില്ല.. മുന്‍പ് ഇറങ്ങിയ മികച്ച സംഗീതങ്ങള്‍ക്ക് ഓസ്കാര്‍ കിട്ടാഞ്ഞതിന്‌ പകരം ആയിക്കാണാം… ഹീ ട്രൂലി ഡിസേര്വ് ഇറ്റ്

  9. Melethil Says:

    എറ്റവും നല്ല പടം സ്ലം ഡോഗ് ആണോ എന്നൊരു സംശയം ഉണ്ട് എനിയ്ക്ക്.. ഇതിന് കൊടുക്കാമെങ്കില്‍ പലരും പറഞ്ഞ പോലെ നമ്മടെ ബാറ്റ്മാന്‍ പടത്തിനു കൊടുക്കാരുന്നു.പൊതുവെ വലിയ നിലവാരം ഒന്നുമില്ലാത്ത പടങ്ങള് തന്നെയായിരുന്നു ഇത്തവണ എന്നും തോന്നുന്നു..

  10. Vince Says:

    //എനിക്ക് ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു, “നോ, ലുക്സ് ഡെഫനിറ്റിലി ലൈക്ക് ബ്ലഡി സൊഉത്ത് ആഫ്രിക്ക” എന്ന്.//

    kalakkan 🙂 enney aayirunnel chilappam irakki vitteney 🙂

    Batman padam nallathayirunnu. pakshe entha parayuka, oru tharam maasmarika lokathu ethikkan aa padathinu kazhinjirunnilla. I was really mesmerized while watching Slumdog.


  11. അല്ല, അതിന് ഹോളിവുഡ്ഡ് സിനിമ ഇന്ത്യയില്‍ ഓടുമോ ഇല്ലയോ എന്നത് ഓസ്കാര്‍ കൊടുക്കും എന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
    ലോക്കല്‍ നിര്‍മാതാക്കള്‍ കൂട്ടത്തോടെ ഹോളിവുഡ്ഡില്‍ ഇറങ്ങി ഇംഗ്ലീഷ് പടം പിടിക്കും എന്നാണോ?
    എനിക്ക് നല്ല സംശയമുണ്ട്.
    എന്റെ നോട്ടത്തില്‍ ഇന്ത്യ/ബോളിവുഡ്ഡിന്റെ സ്കോപ്പ് കൂടുകയാണ് ചെയ്യുന്നത്. കുറേ ഹോളിവുഡുകാര്‍ ചിലപ്പോള്‍ ഇന്ത്യന്‍ തീമില്‍ പടം എടുത്തെന്നു വരും.
    മഹാഭാരതമൊക്കെ ട്രോയ് പോലെ പടമാവില്ലെന്ന് (നോ പണ്‍) ആരു കണ്ടു?
    എത്ര ഓസ്കാര്‍ കൊടുത്താലും ഇംഗ്ലീഷ് പേഷ്യന്റോ, ക്യൂരിയസ്സ് കേസോ ഒന്നും ഇന്ത്യയില്‍ ഓടില്ല. എന്തിന് ബാറ്റ്‌മാന്‍ പോലും പൊട്ടി.
    ബോളിവുഡ്ഡ് പോണ വഴിയെ തെളിക്കലേ നടക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. പുതിയ കുപ്പിയില്‍ പഴയ എണ്ണ തന്നെ വില്‍ക്കേണ്ടി വരും ഹോളിവുഡ്ഡ്‌കാര്‍ക്ക്.
    ഇന്ത്യന്‍ പ്രേക്ഷകനെ സംബന്ധിച്ച് ഹോളിവുഡ്ഡിന്റെ വരവ് ഒരു പക്ഷേ നല്ലതിനുമാകാം.
    നല്ല ഒന്നാന്തരം ഇന്ത്യന്‍ കഥകള്‍ സിനിമകള്‍ ആവില്ലെന്ന് ആരു കണ്ടു?

    ഇന്ത്യന്‍ സിനിമാ മാര്‍ക്കെറ്റും ഈ ഓസ്കാറു കൊടുക്കലും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തന്നെയാണ് എന്റെ അനുമാനം.
    ആനക്കൂടന്റെ ലേഖനത്തില്‍ കോസ്മറ്റിക്സ്കാര് അതു ചെയ്തു ഇതു ചെയ്തു (അതൊക്കെ ശര്യാണ്), അതു കൊണ്ട് ഇതും അത് എന്ന മട്ടില്‍ എഴുതിയിരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.


  12. “ശബ്ദലേഖനത്തിനൊക്കെ നമ്മുടെ പടത്തില്‍ എന്തു സ്ഥാനമാണുള്ളത്? നൂറ് കണക്കനു ആള്‍‍ക്കാരുള്ള തെരുവില്‍ കൂടെ നടന്നു പോകുമ്പോള്‍ മലയാളം സിനിമയില്‍ കേള്‍ക്കുക നായകന്റെ ഷൂസിന്റെ ടക് ടക്, അല്ലെങ്കില്‍ ചെരുപിന്റെ ടിഷ്ക്യാ ടിഷ്ക്യാ. കാറ് വന്നു നില്‍ക്കുമ്പോഴുള്ള ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ? പതറ്റിക് ആണ്. ബര്‍‌ര്‍‌ര്‍. എന്നിട്ട് ബ്രേക്കിന്റെ കീഈഈഈ. എത്ര പതുക്കെ വരുന്ന കാറായാലും ലോറിയായാലും. പിന്നെ ഡോറടക്കുന്ന ശബ്ദം, ഏത് കാറായാലും ഒന്നന്നെ.

    ഞാന്‍ എത്രയോനാള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം..

    നല്ല/ ശരിക്കുള്ള ഒരു ഗണ്‍ ഷോട്ട് ശബ്ദം ഇതുവരെ ഞാന്‍ നമ്മുടെ സിനിമയില്‍ കേട്ടിട്ടില്ല.

    അല്ല, കഥ പറയാന്‍ ഇതൊന്നും വേണ്ട. എന്നാലും, കൊല്ലം 2009 ആയില്ലേ??”


  13. “മഹാഭാരതമൊക്കെ ട്രോയ് പോലെ പടമാവില്ലെന്ന് (നോ പണ്‍) ആരു കണ്ടു?”

    പണ്‍ പണ്‍ തന്നെ… അരവിന്ദ്ജീ ചിരിപ്പിക്കാതെ….. അതു കോമഡി പോസ്റ്റീല്‍ ആവശ്യത്തില്‍ കൂടുതല്‍ ചെയ്യുന്നുണ്ടല്ലോ….

    മണിരത്നം ആണെന്ന് തോന്നുന്നു ഡയറക്ഷന്‍ അപ്പോ മോശമാവില്ല…
    എന്നാലും അര്‍ജ്ജുനനും പാഞ്ചാലിയും കൂടെയുള്ള രണ്ട് പാട്ടുസീന്‍ തുടങ്ങി എല്ലാ ഗിമ്മിക്കും ഉണ്ടാവും…

    പിന്നെ അമീര് ഖാന്‍ ലീഡ് റോളാണെങ്കില്‍ സമ്വിധാനം പുള്ളി തന്നെ അങ്ങ്‌ ഏറ്റെടുത്തോളും.. മംഗള്‍ പാണ്ഢേ ആവാതിരുന്നല്‍ മതി…

    പിന്നെ ട്റോയ് അത്ര നല്ല സിനിമ ആയിരുന്നോ? ഗ്ലാഡിയേറ്റര്‍ ആണ് എനിക്കിഷ്ടം ആയത്…
    (ഒന്ന് എപ്പിക്കും മറ്റത് ഹിസ്റ്റോറിക് ഭാവനയും ആണെന്ന് മറക്കുന്നില്ല)
    ആ പടം ഇറങ്ങിയില്ലായിരുന്നെങ്കില്‍ രംഗ് ദേ ബസന്തി, ഗാംഗ്‌സ്റ്റര്‍ മുതലായ ഹിന്ദി സിനിമകള്‍ക്കും ഒട്ടനവധി തമിഴ് സിനിമകള്‍ക്കും ക്ലൈമാക്സ് രംഗം ഉണ്ടാവില്ലായിരുന്നു…

    (മണ്‍മറഞ്ഞ ആള്‍ക്കാരുടെ ഇമേജ് പുല്ലിനിടയില്‍ കൂടെ കൈവിരലോടിച്ചും കൊണ്ട് പോകുന്ന സീനേ….)

    പക്ഷേ കഴിവുള്ള കുറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്… ഒരു പക്ഷേ ഓസ്കാര്‍ ഒക്കെ അര്‍ഹിച്ചിരുന്നവ തന്നെ ( ലഗാന്‍ അല്ല സോറി…)

  14. t.k. Says:

    സ്ലം ഡോഗിന്റെ ബോക്സോഫീസ് വിജയം, ബോളിവുഡ് ശൈലിയിലുള്ള ചിത്രങ്ങള്‍ക്ക് ചെറുതെങ്കിലും ഒരു വിപണി അമേരിക്കയില്‍ ഉണ്ടെന്നതിന് തെളിവാണ്. അതിന്റെ വിജയം മൊത്തത്തില്‍ ബോളിവുഡിന് ഗുണകരമാവും എന്നാണ് എനിക്ക് തോന്നുന്നത്. ഹോങ്ക് കോങ് മാര്‍‌ഷ്യല്‍ ആര്‍ട്സ് പടങ്ങള്‍ വന്‍‌തോതിലും കൊറിയന്‍ കണ്ണീര്‍ സോപ്പുകള്‍ ചെറിയതോതിലും അമേരിക്കന്‍ പ്രേക്ഷകരെ ഇതിന് മുമ്പ് ആകര്‍ഷിച്ചിട്ടുണ്ട്. ജാപ്പനീസ് അനിമേ/മാന്‍‌ഗ തുടങ്ങിയവയുടെ പ്രചാരം പ്രത്യേകം എടുത്തുപറയേണ്ടല്ലോ. ഒരുപക്ഷേ, അത്തരം ഒരു അവസരം ബോളിവുഡ് സിനിമയ്ക്കും കിട്ടിയേക്കാം. അവ മാര്‍ക്കറ്റ് ചെയ്യുന്നതിലും പാക്കേജ് ചെയ്യുന്നതിലും അമേരിക്കന്‍ സ്റ്റുഡിയോകളുടെ പൈസയും വൈഭവവും ഉപകാരപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ സ്ലം ഡോഗിന്റെ വിജയം ബോളിവുഡിന് ദോഷത്തേക്കാള്‍ ഗുണമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്; പ്രത്യേകിച്ചും കലാകാരന്മാര്‍ക്കും സാങ്കേതികവിദഗ്ദര്‍ക്കുമൊക്കെ.


  15. @ TK എക്സാക്റ്റ്ലി അതു തന്നെയാണ് ഇറ്റാലിയന്‍ സിനിമയ്ക്ക് സംഭവിച്ചതും. മികച്ച ടെക്നീഷന്‍സും (ബെര്‍ത്തലൂച്ചി ഒക്കെ)മികച്ച നടീനടന്മാരും (ബെല്ലൂച്ചി ഉദാഹരണം) ഹോളിവുഡിലേക്ക് നീങ്ങി.

    നാട്ടിലെ ഇന്‍ഡസ്ട്രിയിലെ നല്ല ഒരു പങ്ക്
    പുതിയ നാട് അതിന്റെ സംസ്കാരമൊക്കെ പശ്ചാത്തലമായി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകള്‍ക്കായി മാറ്റിവയ്ക്കപ്പെടും. ഹോങ്കോംഗ് സിനിമകള്‍ക്ക് പറ്റിയതു നോക്കൂ: ജാക്കിചാനെ ഹോളിവുഡ് അഡോപ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റില്‍ നിന്നൊക്കെ തദ്ദേശീയമായി എടുത്ത നിരവധിചിത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഓടിയിരുന്നു. ചാന്‍ ജെറ്റ്ലീ ഗോര്‍ഡന്‍ ലിയൂ കെന്‍ വതാംബെ തുടങ്ങിയ ഹെവി വെയ്റ്റുകള്‍ ഹോളിവുഡില്‍ എത്തിയതോടെ ഹോങ്കോംഗ് ഇന്‍ഡസ്ട്രിയുടെ ഇന്റര്‍നാഷനല്‍ സാധ്യതകള്‍ മുഴുവന്‍ നിയന്ത്രണം അമേരിക്ക ബെയ്സ് ചെയ്തുള്ള മള്‍റ്റീ നാഷനലുകളുടെ കൈയ്യിലായി. വതാംബെയൊക്കെ ഇപ്പോഴും ലോക്കല്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. ആ ചിത്രങ്ങളെക്കുറിച്ച് ആരും കേള്‍ക്കുന്നുപോലും ഇല്ല

    അന്താരാഷ്ട്ട്ര വിപണനസാധ്യതയുള്ള വന്‍ പ്രോജക്റ്റുകള്‍ കൊത്തിയെടുക്കുക മാത്രമേ അവര്‍ ചെയ്യൂ. കഴിഞ്ഞ ദശകത്തിലൊക്കെ ബോളിവുഡിന്റെ ഫിനാന്‍ഷ്യല്‍ ബാക്ബോണായി നിന്ന ലഗാന്‍ ധൂം റേഞ്ചിലുള്ള ചിത്രങ്ങള്‍.. ആറ്ട്ടിസ്റ്റുകള്‍ക്കും റ്റെക്നീഷന്മാര്‍ക്കും മെച്ചമുണ്ടാവും. പണക്കാര്‍ പിന്നെയും പണക്കാരാവും. വന്‍ നാമങ്ങള്‍ പിന്നെയും വളരും. ലോക്കല്‍ ഇന്‍ഡസ്ട്രി പ്രാദേശികസാധ്യതകള്‍ മാത്രമുള്ള ചെറീയ പ്രോജക്റ്റുകളില്‍ ഒതുങ്ങും.

    അരവിന്ദ് .. ഇന്‍ഡസ്ട്രി കൊത്തിപ്പിടിക്കാനുള്ള ഗൂഡാലോചനയായിത്തന്നെ ഓസ്കറിനെ വായിച്ചെടുക്കണം എന്ന് എനിക്കും അഭിപ്രായം ഇല്ല. പക്ഷെ അതൊരു സാധ്യതയാണെന്ന കാര്യത്തില്‍ സംശയവും ഇല്ല


  16. അര്‍‌ഹ്ഹതയുള്ളവര്‍ അവര്‍ക്കിണങ്ങുന്ന പ്ലെയിംഗ് ഫീല്‍ഡില്‍ കളിക്കട്ടെ, അതിനെന്താ?
    എ ആര്‍ റഹ്മാനേം പൂക്കുട്ടിയേമൊക്കെ ലോകം മൊത്തം അറിയട്ടെ.
    ഡൂക്കിലി ശങ്കര്‍ പടങ്ങള്‍ക്ക് മാത്രമല്ല, ഹോളിവുഡ് എപ്പികുകള്‍ക്കും സംഗീതവും ശബ്ദവും കൊടുക്കട്ടെ.
    പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിള്ളേര് ഐ ഐ ടിക്കാരെ പോലെ കൊത്തിയെടുക്കപ്പെടട്ടേ.
    ടെക്നോളജിയിലെന്ന പോലെ ഇന്ത്യക്കാര്‍ കലാരംഗത്തും അറിയപ്പെടട്ടെ.
    അതിനെന്താ?
    ഇത്രേം എഞ്ചിനീയര്‍മാര്‍ പോയിട്ടും നമ്മടെ നാട്ടില് വല്ല കുറവും ണ്ടാ? 😉

    (ഹരി–ട്രോയ് വെറും പൊട്ടപ്പമാണ്. അക്കിലസ്സിനെ കണ്ട കാഴ്ച! വെറുതേ ഉദാഹരിച്ചെന്നേയുള്ളൂ.)

  17. P.R Says:

    “ജയ് ഹോ” ശരിയ്ക്കു കേട്ടിട്ടില്ല ഇനിയും..
    എന്തായാലും എ.ആര്‍.റഹ്മാന്‍ അവാറ്ഡിനു അര്‍ഹന്‍ തന്നെ എന്നതിലൊരു സംശയം ഇല്ലാത്തതുകൊന്ടു ശരിയ്ക്കും സന്തോഷം തോന്നുന്നു..

    ഇതാ ഇവിടെ നല്ലൊരു ലേഖനം കാണാം, എ.ആര്‍.റഹ്മാനെ കുറിച്ച് വളരെ വിശദമായി തന്നെ..
    പുതിയ ഒരു ബ്ലോഗാണ്, ഇന്നാ ശ്രദ്ധിച്ചത്..

  18. P.R Says:

    അയ്യോ,ലിങ്കിടാന്‍ വിട്ടുപോയി..
    http://lokasamgeetham.blogspot.com/2009/02/desangal.html


  19. അതേയ് എന്നാല്‍ റഹ്‌മാന്‍ എങ്ങനെയാ സിനിമക്ക് മ്യൂസിക് കൊടുക്കുന്നതെന്നറിയാമോ?
    വളരെ വ്യത്യസ്തമായ ഒരു രീതിയാണത്രേ.

    ആദ്യം സം‌വിധായകനോട് രംഗം ഒക്കെ ചോദിച്ച് മനസ്സിലാക്കും, നോട്ട്സ് ഒക്കെ കുറിക്കും.
    പിന്നെ സോഫ്റ്റ്വയര്‍ സിന്തസൈസര്‍ ഒക്കെയുപയോഗിച്ച് കുറേ ശബ്ദങ്ങളും റിഥങ്ങളും ഒക്കെ കേള്‍പ്പിക്കുമത്രേ.
    സം‌വിധായകന്‍ പറയണം, ആ റിഥം കൊള്ളാം, ഇത് കൊള്ളാം എന്നൊക്കെ.
    അപ്പോള്‍ അതിന്റെ കൂടെ വേറെ ഒരു ലെയര്‍ കൂടി ചേര്‍ത്ത് വീണ്ടും കേള്‍പ്പിക്കും.

    അങ്ങനെ നൂറ് കണക്കിന് വാദ്യ ലെയറുകള്‍.

    ഓ-സായാ എന്ന മ്യൂസിക്കിന് ആദ്യമുപയോഗിച്ച റിഥം കേള്‍പ്പിച്ചിരുന്നു. സത്യം പറഞ്ഞാല്‍ വേറെ ഒരു പാട്ടു പോലെ തോന്നി. നല്ല ഇമ്പമുള്ള റിഥം, വേറെ പാട്ടാക്കാന്‍ കൊള്ളാം.

    ഹാര്‍‌മോണിയം കൊണ്ടിരുന്ന് ആ കട്ട ഒന്നു താഴ്ത്തി പിടി, ഇതൊന്നു കേറ്റിപ്പിടി പരിപാടി ഒന്നും അല്ലത്രേ!

  20. jithendrakumar Says:

    ഒരു മലയാളം പടത്തില്‍ ഇടിക്കാന്‍ തയ്യാറാകുന്ന നായകന്‍ മുഷ്ടിചുരുട്ടുന്നതിന്‍റെ ശബ്ദം എന്നെഏറെക്കാലം ചിരിപ്പിച്ചിട്ടുണ്ട്‌. അതൊക്കെ ആസായിപ്പന്‍മാര്‍ കണ്ടാല്‍ അന്തംവിട്ടിരുന്നു പോകും.

    (ഗണ്‍ ഷോട്ടിനെക്കുറിച്ചൊരു കമണ്റ്റു കണ്ടു – “മാച്ചീസ്‌” സിനിമയുടെ അവസാനഭാഗത്ത്‌ “ആട്ടിടയനായി വരുന്നവനെ കൊല്ലുന്നത്‌”അത്തരത്തിലൊരു ഗണ്‍ ഷോട്ടു കേട്ടിട്ടുണ്ട്‌. )


Leave a reply to ശ്രീഹരി::Sreehari മറുപടി റദ്ദാക്കുക