കണ്‍‌ട്രി ഓഫ് ഒറിജിന്‍

മാര്‍ച്ച് 6, 2009

ഉല്‍‌പ്പന്നങ്ങളുടെ കണ്‍‌ട്രി ഓഫ് ഒറിജിനെക്കുറിച്ച് (country of origin) പണ്ട് എഴുതിയതാണ്.
ഈ ഒരു സംഭവം ഉപഭോക്താവിന്റെ ചോയിസ്സിനെ (choice) എങ്ങനെ ബാധിക്കുന്നു എന്ന് പല മാര്‍ക്കറ്റിംഗ് ഗുരുക്കളും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.
വളരെ സ്വാധീനം ചെലുത്തുന്നു എന്നു തന്നെയാണ് വയ്പ്.
കാര്‍ ആയാല്‍ ജര്‍മ്മന്‍ ആകണം.
ഇലക്ട്റോണിക്സ് ആയാല്‍ ജപ്പാന്‍ ആകണം (ഇപ്പോള്‍ കൊറിയ ആയാലും മതി)
വൈന്‍ ആയാല്‍ ഫ്രാന്‍സോ ദക്ഷിണ ആഫ്രിക്കയോ ആകണം (സത്യം!)
ഫാഷന്‍ ആയാല്‍ ഇറ്റാലിയന്‍ തന്നെ
ഫാര്‍മസ്യൂട്ടിക്കല്‍സ്, ചോക്ലേറ്റ്സ്, റ്റൈം പീസുകള്‍, ബാങ്കുകള്‍…അറിയാമല്ലോ..സ്വിറ്റ്‌സര്‍ലാന്റ്. വെറും പതിനാല് ലക്ഷം പേരുള്ള രാജ്യം!
പേസ്ട്രി ആണെങ്കില്‍ ഡെന്മാര്‍ക്ക്
ബിയര്‍ ജര്‍മ്മനി, ഐര്‍ലന്റ്.
വിസ്കി സ്കോച്ച് തന്നെ
വോഡ്‌ക റഷ്യന്‍. സ്വീഡനും തരക്കേടില്ല (അബ്‌സൊലൂട്ട് )
ഇങ്ങനെ ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ സാധങ്ങളുടെ ഗുണം അളക്കുന്നത് സര്‍‌വ്വസാധാരണമാണ്. അതുകൊണ്ടു തന്നെ, കമ്പനികള്‍ അത് എവിടെയുണ്ടാക്കി, എവിടെയുണ്ടാക്കിയില്ല എന്ന് കണ്‍‌സ്യൂമറോട് പറയാന്‍/പറയാതിരിക്കാന്‍ ശ്രമിക്കാറുമുണ്ട്.
പറഞ്ഞു വന്നത്, സാധനങ്ങളുടെ പുറത്ത് Made in എന്നു എഴുതി വയ്കുന്ന രീതിയുടെ ഉത്ഭവത്തെ കുറിച്ചാണ്.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍, ജര്‍മ്മനി നിരപ്പായല്ലോ (എല്ലാവരും കൂടെ നിരപ്പാക്കി).
യുദ്ധത്തിനുള്ള ശിക്ഷ എന്ന നിലക്കാണ്, ജര്‍മനിയില്‍ ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ പുറത്തെല്ലാം Made in Germany എന്നു എഴുതണമെന്ന നിയമം മറ്റു സഖ്യരാജ്യങ്ങള്‍ കൊണ്ടു വന്നതത്രേ. ഉപഭോക്താക്കള്‍ക്ക് ജര്‍മ്മന്‍ സാധങ്ങള്‍ കണ്ടു പിടിച്ച് അവ വാങ്ങാതെയിരിക്കാമല്ലോ.
ജര്‍മ്മന്‍ കമ്പനികളെല്ലാം അങ്ങനെ പണ്ടാറടക്കിപ്പോട്ടെ എന്ന ഉദ്ദേശമായിരുന്നു പിന്നില്‍. ലോക മാര്‍ക്കെറ്റില്‍ ജര്‍മ്മനിയോടുള്ള വെറുപ്പിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷേ എന്തായി?
ജര്‍മനിയില്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ ക്വാളിറ്റി കാരണം ആള്‍‌ക്കാര്‍ അത് തിരഞ്ഞ് പിടിച്ച് വാങ്ങാന്‍ തുടങ്ങി.
വന്ന് വന്ന് ആള്‍ക്കാര്‍ Made in Germany അല്ലേ ? എങ്കില്‍ വേണ്ട എന്ന് പറയുന്ന സ്ഥിതി ആയി.
കാശു മുടക്കി സാധനം വാങ്ങുമ്പോള്‍ എന്തു രാജ്യസ്നേഹം! മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ കുത്തുപാളയായി.
അപ്പോള്‍ മറ്റു രാജ്യങ്ങളും തുടങ്ങി.. Made in Britain എന്നൊക്കെ നമ്പറിറക്കാന്‍ തുടങ്ങി…
ജര്‍മ്മനി അല്ലെങ്കിലും ഇറ്റാലിയന്‍ ആണെന്ന് തെറ്റിദ്ധരിക്കരുതല്ലോ. കിട്ടുന്ന കാശിങ്ങ് പോരട്ടെ.
യേത്!

മേഡ് ഇന്‍ ഇന്ത്യ എന്നു കണ്ടാല്‍ ഒരു വിദേശിക്ക് ക്വാലിറ്റി പെര്‍‌സെപ്ഷന്‍ കാരണം വാങ്ങാന്‍ തോന്നുന്നതെന്തൊക്കെയുണ്ട് ആവോ?

Advertisements

പാക്കിസ്ഥാന്‍

മാര്‍ച്ച് 4, 2009

പാക്കിസ്ഥാന്‍!
അതൊരു രാജ്യമാണോ? ശരിക്കും കീടബാധയേറ്റ ഒരു പാടത്തെയാണ് ഓര്‍മ വരുന്നത്.
ക്ഷുദ്രജീവികള്‍ക്ക് ഇത്രക്കും സ്വാതന്ത്ര്യം ഉള്ള ഒരു പ്രദേശം. ലോകത്തിന്റെ ശാപഗ്രസ്തമായ ഒരു ക്യാന്‍സര്‍ ബാധിത അവയവം പോലെ അതിങ്ങനെ കിടക്കുന്നു.
എത്ര ആയാസരഹിതമായാണ് തീവ്രവാദികള്‍ കളിക്കാരുടെ ബസ്സിനു നേരെ വെടി വയ്കുന്നത്!
ബോംബെയിലെ പോലെ ഓര്‍ക്കാപ്പുറത്ത് ഒന്നുമല്ല എന്ന് അലോചിക്കണം. പ്രസിഡന്റല്‍ സെക്യൂരിറ്റി വാഗ്‌ദാനം നല്‍കി കൊണ്ടുവന്ന ഒരു റ്റീമിനെതിരെയാണ് വെടിവെപ്പ് എന്നതാണ് പ്രസക്തം.
ബസ്സ് പോകുന്ന വഴിക്ക് ഒരു ഡസന്‍ “പാറ്റകള്‍” തോക്കും റോക്കറ്റും ലോഞ്ചറുകളുമേന്തി കട്ടന്‍ ചായയടിച്ചു വെയിറ്റ് ചെയ്യുകയായിരുന്നത്രേ. കൊടുങ്കാടുമല്ല-തനി സിറ്റി പ്രദേശത്ത്!
മാച്ച് റഫറിയായിരുന്ന ക്രിസ്സ് ബോര്‍ഡ് പറഞ്ഞത്, വെടിവയ്പ് തുടങ്ങിയതും ചുറ്റുമുണ്ടായിരുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ സ്ഥലം കാലിയാക്കി എന്നാണ്! വെടിയേറ്റ ഫോര്‍ത്ത് അം‌പയര്‍ ഹസന്‍ റാസയുടെ മുകളില്‍ മറഞ്ഞ് കിടന്ന് ക്രിസ്സ് ബോര്‍ഡ് ആവും‌വിധം ആ സാധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നത്രേ.
കുറേക്കഴിഞ്ഞപ്പോള്‍ ഒരു എലീറ്റ് പോലീസ് കമാന്റോ വണ്ടിയുടെ വാതില്‍ തുറന്ന് അകത്ത് വന്ന് ക്രിസ്സ് ബോര്‍ഡിന്റെ മുകളില്‍ കയറിക്കിടന്ന് അട്ടിയിട്ടത്രേ! മൂന്ന് പേരാണ് ഇപ്പോള്‍ മുകളില്‍ മുകളില്‍ കിടക്കുന്നത്. എന്തോന്നാടേ ഈ കാട്ടുന്നത്? പോയി വണ്ടിയോടിച്ച് ഞങ്ങളെ രക്ഷിക്കൂ എന്ന് ക്രിസ്സ് ബോര്‍ഡ് കമാന്റോയോട് പറഞ്ഞപ്പോള്‍ മുകളില്‍ കിടന്ന ലവന്‍ “എനിക്ക് ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞൂടടേ” എന്നാണത്രേ തിരിച്ച് പറഞ്ഞത്.
കേരള പോലീസ് വി ഐ പികള്‍ക്ക് സെക്യൂരിറ്റിയുടുന്നത് ഇതിലും ഭേദമായിരിക്കും എന്ന് തോന്നുന്നു.
പണ്ട് കാര്യമാക്കാതിരുന്ന, ബ്യൂട്ടീ‌സ്പോട്ടായി കരുതിയ ഒരു മറുക് വളര്‍ന്ന് വളര്‍ന്ന് മുഖത്താകെ പടര്‍ന്ന് ക്യാന്‍സറസായി ജീവന് ഭീഷണിയാകും വിധം ആയിത്തീരുന്ന പ്രതിഭാസമാണ് പാക്കിസ്ഥാനില്‍ കാണുന്നത്. മറുക്, മത‌തീവ്രവാദം.
ഇസ്ലാം മുസ്ലീം എന്നൊന്നും വിളിക്കാനാവാത്ത വിധം കാടത്തവും, ക്രൂരതയും, ചെറ്റത്തരവും ഈ പാറ്റകള്‍ കാണിച്ചുവരുന്നു എന്നതാണ് ആകെയൊരു ഗുണം. ഒരു മതം ഇവരുടെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിതം ചില്ലറയൊന്നുമല്ല. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു, ഇത് മതവും ജാതിയുമൊന്നുമല്ല…മള്‍ട്ടിപ്പീള്‍ ഫ്രന്റില്‍ യുദ്ധം നടക്കുന്ന നാലാം ലോകമഹായുദ്ധം തന്നെയാണ്. തീവ്രവാദികള്‍ക്കെതിരെ. അല്‍‌കൊയ്ദയും. ലഷ്കറും, പുലികളും എല്ലാം ഒന്നു തന്നെ. മതത്തെ ഒരു മറയാക്കി ഒരുളുപ്പുമില്ലാതെ പിടിച്ചിരിക്കുന്നു എന്നു മാത്രം!
മതം ഓപ്പിയം ആണെന്ന് പറഞ്ഞതെത്ര ശരിയാണ്!
ചെയ്യുന്ന ചെറ്റത്തരമെന്തും മതത്തിന്റെ പേരില്‍ വളച്ചൊടിച്ചാക്കിയാല്‍ മതത്തെ ഭയത്തോടെ മാത്രം സമീപിക്കുന്ന വിഡ്ഢികള്‍ അംഗീകരിക്കും എന്ന കുടിലമായ തന്ത്രമാണ് ഈ പാറ്റകള്‍ സ്വീകരിക്കുന്നത്. മതം ഓപിയമാകുന്നത് ഇവര്‍ക്കല്ല, മതം നോക്കി ഇവര്‍ക്കെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കാണ്. മതത്തിന്റെ കൂടെ അമേരിക്ക എന്ന ദ്രാവകം രണ്ട് ഔണ്‍സ് ചേര്‍ക്കുമ്പോള്‍ ഓപ്പിയത്തിന്റെ സ്വാധീനം പതിമടങ്ങ് വര്‍ദ്ധിക്കുകയായി. പിന്നെയെന്തും ചെയ്യാം..സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാം, സ്കൂളുകള്‍ തകര്‍ക്കാം, ബോംബ് പൊട്ടിക്കാം..ആഹഹ. ലഹരി തന്നെ ലഹരി.

ഭയത്തില്‍ അധിഷ്ഠിതമായ മാതാപിതാക്കള്‍ ഉപദേശിച്ചു തന്ന മതാനുഷ്ടാനം ഉപേക്ഷിച്ചിട്ടു അല്പകാലമായി. മ്യൂസിക് കേള്‍ക്കുന്നത് പാപമായി കാണുന്ന ദൈവം, പഠിക്കുന്നത് പാപമായി കാണുന്ന ദൈവം, സിനിമകാണുന്നത് പാപമായി കാണുന്ന ദൈവം, ബീഫ് കഴിക്കുന്നത് പാപമായി കാണുന്ന ദൈവം, അമ്പലത്തില്‍ പോകാത്തതും പിരിവ് കൊടുക്കാത്തതും പാപമായി കാണുന്ന ദൈവം..താടി വളര്‍ത്തിയില്ലെങ്കിലും, കുറി തൊട്ടില്ലെങ്കിലും, പള്ളിയില്‍ പോയില്ലെങ്കിലും കോപിഷ്ഠനാകുന്ന ദൈവം. അങ്ങനെയൊരു ദൈവത്തിന്റെ സ്വര്‍ഗത്തില്‍ എനിക്ക് സ്ഥാനം വേണ്ട! നോ താന്‍‌ക്സ്. ഞാന്‍ നരകത്തില്‍ കിടന്നു വെന്തോളാം, സസന്തോഷം.

ഇതൊക്കെ വെറും മനുഷ്യന്റെ തട്ടിപ്പാണെന്ന് ലോകം മനസ്സിലാക്കുന്നത് എന്നാണാവോ!

ആ മുഷാറഫ് ആയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്ന സമയമാണിത്. സ്വയം കൃതനാര്‍ത്ഥമാണെങ്കിലും ഇമ്മാതിരി ഉഡായിപ്പുകള്‍ അടിച്ചമര്‍ത്താന്‍ അയാള്‍ക്ക് അല്പം നട്ടെല്ലും സ്വബോധവും മനുഷ്യസ്നേഹവും ബാക്കിയുണ്ടായിരുന്നു. ലാല്‍ മസ്ജിദ് ഒരു മതവും നോക്കാതെ കയറി നിരപ്പാക്കിയത് ഓര്‍ക്കുക.

ലോകത്തിലെ എല്ലാ കൃമികള്‍ക്കും എ കെ ഫോട്ടിസെവനും എടുത്ത് കൊണ്ടുവന്നു നുരയ്കാന്‍ പറ്റിയ സെപ്റ്റിക് റ്റാങ്കായി പാക്കിസ്ഥാന്‍ മാറുന്നത് , വെറുപ്പാണെങ്കിലും, ഏതിന്ത്യക്കാരനും ആശങ്കക്ക് വക നല്‍കുന്നതാണ്. അവിടെ എല്ലാം തകര്‍ന്നടിഞ്ഞ് സോമാലിയ ആകുമ്പോള്‍ ഇപ്പുറത്ത് മള്‍ട്ടി നാഷണല്‍സും, ആള്‍ക്കാര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് എങ്ങനെ സഹിക്കുമോ ആവോ! നമ്മള്‍ കരുതിയിരിക്കുക.

പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി: ഈയിടെയായി ഇന്ത്യയുടെ മുഖത്തും ഒരു ചെറിയ മറുക് കാണുന്നില്ലേ എന്നൊരു സംശയം. ചിലര്‍ക്ക് കാണാല്‍ നല്ല ചേല് എന്ന് തോന്നുന്ന ഒരു ബ്യൂട്ടീ സ്പോട്ട്.
അടിയിലും പിടിയിലും, കല്ലേറിലും , വാലന്റൈന്‍സ് ഡേയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഈ മറുകിനെ ഇപ്പോള്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ആകാന്‍ എല്ലാ ചാന്‍സും കാണുന്നുണ്ട്.
മതത്തിന്റെ ഓപ്പിയമടിച്ച ഇത്തരം ക്ഷുദ്രജീവികളെ നമ്മുടെ നാട്ടില്‍ നിന്ന് തുരത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്റെ വഴിയേ ഇന്ത്യയും പോകും എന്നുള്ളതിന് ഒരു സംശയവും വേണ്ട.


സ്ലം ഡോഗ് മില്യനയര്‍

ഫെബ്രുവരി 28, 2009

 

images4അങ്ങനെ ഞാനും സ്ലം ഡോഗ് മില്യനയര്‍ കണ്ടു.

ആദ്യമേ പറയെട്ടെ, 1996 മുതല്‍ അക്കാദമി അവാര്‍‌ഡ്  കിട്ടുന്ന പടങ്ങളില്‍ ചിക്കാഗോയും ദി ഡിപ്പാര്‍ട്ടഡും(അത് ഈയടുത്ത് കാണും) ഒഴിച്ച് ബാക്കിയെല്ലാം കാണാന്‍ പറ്റിയിരുന്നു. അക്കാഡമി അവാര്‍ഡ് കൊടുക്കുന്നതിന്റെ ആ ഒരു സ്റ്റൈല്‍ വെച്ചു നോക്കിയാല്‍ സ്ലംഡോഗ് അവാര്‍ഡിന് എന്തു കൊണ്ടും അനുയോജ്യമാണെന്ന് തോന്നി.ഇതിലും നല്ല ഹിന്ദി സിനിമയുണ്ട്, ഇറാനി സിനിമയുണ്ട്, ചെക്കോസ്ലോവാക്യന്‍ സിനിമയുണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം? എന്തിന് റ്റൈറ്റാനിക്കിനേക്കാള്‍ നല്ല സിനിമ ആ കൊല്ലം ഇറങ്ങിയിരുന്നില്ലേ?

പടം കണ്ടാല്‍ തന്നെ അറിയാം ഡാനി ബോയ്‌ല്‍ അവാര്‍ഡൊന്നും ലക്ഷ്യം വച്ചെടുത്ത പടമേയല്ലെന്ന്..ആ ഒരു പെര്‍‍ഫെക്ഷനും, ശ്രദ്ധയും, ഫിനസ്സും ഒന്നും എന്തോ എനിക്ക് തോന്നിയില്ല (?). ഒരു ലോ ബഡ്ജറ്റ്  റ്റി വി മൂവി പോലെ തോന്നി (അദ്ദേഹത്തിന്റെ അടുത്ത പടം ദക്ഷിണ ആഫ്രിക്കയെക്കുറിച്ചാണെന്ന് തോന്നുന്നു-പോണ്‍‌ടി റ്റവര്‍ എന്ന് ജോബര്‍ഗ്ഗിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടത്തെക്കുറിച്ച്-തെറ്റിദ്ധരിക്കണ്ട, അതിനകത്തേക്ക് ജീവന്‍ പണയം വെച്ചേ കയറാന്‍ പറ്റൂ. ജോബര്‍ഗ്ഗിലെ ബഹുനിലകെട്ടിടങ്ങളധികവും സ്ലംസ് ആണ്. അപകടകരവും, വൃത്തിഹീനവും, നിയമം തിരിഞ്ഞു നോക്കാത്തതുമായ, നൈജീരിയന്‍ ഡ്രഗ് ലോര്‍ഡ്‌സ് വാഴുന്ന ചെറിയ ചെ‍റിയ എക്കോസിസ്റ്റംസ്)

ആകെ മൊത്തം പടം എനിക്ക് ബോധിച്ചു. 

ഇന്ത്യയുടെ എന്ത് സംസ്കാരത്തിനാണ് ഈ പടം കാരണം കോട്ടം തട്ടുക? എവിടെയാണ് ഇന്ത്യക്കാരനെ കളിയാക്കുന്നത്? ഇന്ത്യയില്‍ നടക്കാത്ത എന്താണ് സം‌വിധായകന്‍ ഇവിടെ കാട്ടുന്നത്? 

അത്ഭുതം തന്നെ, ഏറ്റവും ജീര്‍‌ണ്ണിച്ചതും, അടിമത്വവും, അന്ധവിശ്വാസവും, സോഷ്യല്‍ ക്ലാസ്സിഫിക്കേഷന്‍സും, സെല്‍‌ഫിഷ്നെസ്സും പ്രചരിപ്പിക്കുന്നതായി തോന്നിയിട്ടുള്ള ആ തനത് ഇന്ത്യന്‍ സംസ്കാരത്തിനെ ആള്‍ക്കാര്‍ ഇങ്ങനെ രക്ഷിച്ച് പിടിക്കാന്‍ ശ്രമിക്കുന്നത് .

ശ്രീ അഞ്ചല്‍‌ക്കാരന്‍ എഴുതിയത് പോലെ എണ്ണമിട്ട് ചോദിക്കുന്നില്ല, എങ്കിലും പടം കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു, അതേയ് ഈ പടം ഇന്ത്യക്കാരെ നാറ്റിക്കാന്‍ ഇറക്കിയതാണെന്നാ ചിലര്‍ പറേണെ എന്ന്. തനി പഴഞ്ചന്‍ തലമുറയായ അമ്മയുടെ ശക്തമായ സപ്പോര്‍ട്ട് അവര്‍ക്കു ലഭിക്കും എന്ന് കരുതിയ എനിക്ക് തെറ്റി. ഹും, ഇന്ത്യയില്‍ ശരിക്കും നടക്കുന്നതിന്റെ പകുതീടെ പകുതി ഇതില്‍ കാണിച്ചിട്ടുണ്ടോടാ? എന്നാണ് അമ്മ ചോദിച്ചത്-പഴയ പത്രവാര്‍ത്തകളും മറ്റും ഓര്‍‍ത്തിട്ടാകാം.

ഇന്ത്യയില്‍ സ്ലംസ് ഉണ്ട്.

പ്രോപ്പര്‍ സാനിട്ടേഷന്‍ ഇല്ലാത്ത മലക്കുഴികള്‍ ഉണ്ട് (കേരളത്തില്‍ പുഴയിലേക്ക് തള്ളി നില്‍ക്കുന്ന താഴെ ജലം മാത്രമായ കക്കൂസുകള്‍ ഇല്ലേ?)

മത സ്പര്‍ദ്ധയുണ്ട്

കുഞ്ഞുങ്ങളുടെ കണ്ണു പൊട്ടിച്ച് ബെഗ്ഗറി നെറ്റ്‌വര്‍ക്സ് നടത്തുന്ന ചെറ്റകള്‍ ഉണ്ട്

അധോലോകമുണ്ട്, കര്‍ട്ടനിട്ട് അപ്പുറവുമിപ്പറവും കസ്റ്റമര് സര്‍‌വ്വീസ് നടത്തുന്ന വേശ്യാലയങ്ങള്‍ ഉണ്ട്.

അങ്ങനെ എല്ലാം ഉണ്ട്.

സ്വന്തം വീടിന്റെ അളിഞ്ഞ അവസ്ഥ അയ‌ല്‍‌വക്കക്കാരന്‍ ഫോട്ടോയെടുത്ത് പബ്ലീക് റോട്ടില്‍ പ്രദര്‍ശനത്തിന് വെച്ചാല്‍ ദുരഭിമാനമുള്ളവര്‍ക്ക് ചൊറിയാതിരിക്കില്ല. അഭിമാനമുള്ളവര്‍ അതിന് പരിഹാരമെന്താണ് എന്നാണ് നോക്കേണ്ടത്. ഗവര്‍മെന്റ് സ്ലം ഡോഗിന്റെ വിജയം തങ്ങളുടെ വിജയമായി അവകാശപ്പെട്ടത്രേ (എവിടെയോ വായിച്ചു)! ആലുമുളച്ചാലും അഭിമാനം എന്നൊക്കെ കേട്ടിട്ടേയുള്ളൂ!

ഇത്രയും ഞെട്ടിപിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ത്യയെ മനപ്പൂര്‍‌വ്വം താറടിക്കാന്‍ ആ സായിപ്പ് കാണിച്ചിട്ടും, അദ്ദേഹം വളരെ സറ്റിലായി ഇന്ത്യന്‍ ജനതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു നല്ല കാര്യം ഈ സംസ്കാര സം‌രക്ഷകര്‍  കാണാതെ പോയതില്‍ എനിക്ക് ദുഖമുണ്ട്.

selflessness.

ഒരു കോടിയടിച്ച  ജമാലിനോട് വഴിയരികിലെ അജ്ഞാതയായ സ്തീ “ജീത് ജാ ബേടാ, ജീത് ജാ” എന്ന് ചങ്കില്‍ തട്ടി പറയുന്നു. ജമാല്‍ ജയിക്കുന്നത് കാണാന്‍ ജനം റ്റി വി കടകള്‍ക്ക് മുന്‍‌പില്‍ തിങ്ങുന്നു-അവന്റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുന്നു. അസൂയയുടെ, നിരാശയുടെ “കണ്‍ഗ്രാജുലേറ്റീവ് ചിരി” മുഖത്ത് ഫിറ്റ് ചെയ്യാതെ ആഘോഷമായി ഡാന്‍‌സ് കളിക്കുന്നു, മനസ്സു തുറക്കെ ചിരിക്കുന്നു. 

ഇത് ഇന്ത്യയെക്കുറിച്ച്  ‘വിദേശികള്‍’ മനസ്സിലാക്കിയിരിക്കുന്നതാണ് എന്നോര്‍ക്കണം. ഈ പട്ടിണിക്കും പരിവട്ടത്തിനും അഴുക്കിനുമിടക്ക്  ഇന്ത്യയിലെ പാവങ്ങളുടെ ആ ഒരു നിര്‍‌‍മലമായ ക്വാളിറ്റി, അതുള്ളതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, കാണിച്ചത് വളരെ നന്നായി എന്നു തോന്നി.

മില്യണയറിന്റെ ഓരോ ചോദ്യങ്ങള്‍ക്കിടയിലായി കഥ പറഞ്ഞു പോകുന്നത് ഹൃദ്യം.

എല്ലാവരും തരക്കേടില്ലാത്ത അഭിനയവും കാഴ്ച വെച്ചിരിക്കുന്നു. ജമാലും സലിമും എല്ലാം നന്നായി. ലതികയും കപൂറും തരക്കേടില്ല.

ട്രെയിനില്‍ കയറി ചപ്പാത്തി റാഞ്ചുന്നത് അവിശ്വസനീയമായി തോന്നി-എങ്കിലും നന്നായി.

വടക്കേന്ത്യയില്‍ ജോലി ചെയ്യുമ്പോള്‍ പട്ടിണി നിഴലിക്കുന്ന മുഖത്തോടെ സ്വന്തം വേലക്കാരി കുട്ടി അടുത്ത് നില്‍ക്കുമ്പോള്‍ റെസ്റ്റോറന്റില്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന എത്ര ഫാമിലികളെ കണ്ടിരിക്കുന്നു!   ഒന്നു വഴി മാറി കൊടുക്കാത്തതിന് നടു റോഡിലിട്ട് റിക്ഷാകാരന്റെ കരണം പുകക്കുന്ന ബാബുമാരെ കണ്ടിരിക്കുന്നു! വൃത്തിയുള്ള ഒരു പബ്ളിക് റ്റോയ്‌ലെറ്റ് നോക്കി എത്ര അലഞ്ഞിരിക്കുന്നു! ഇന്ത്യയുടെ സംസ്കാരം!

ഇന്ത്യക്കാര്‍ക്ക് അറിയാത്തതൊന്നും ഇത് കാണിക്കുന്നില്ല എന്നത് കൊണ്ടാകാം “no big deal” എന്ന്  ചിലര്‍ക്ക് തോന്നുന്നത്.  ക്രാഷും, ബാബേലും ഒക്കെ കാണുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു ക്യൂര്യോസിറ്റി തോന്നാറില്ലേ? കാണത്തതു പലതും കാണുമ്പോള്‍? അതു പോലെ ഒരു കൊഉതുകം അവര്‍ക്കും ഈ പടം കണ്ടപ്പോള്‍ തോന്നിക്കാണാം, അത് അവാര്‍ഡ് സാധ്യതകളെ ബലപ്പെടുത്തിക്കാണാം..അതിനെന്ത്?

വെല്‍ ഡണ്‍ ഡാനി ബോയ്‌ല്‍.

ഇന്ത്യക്കാരെ സ്വയം നാണിപ്പിക്കുന്ന പടങ്ങള്‍ ഇനിയും വരട്ടെ. അങ്ങനെയെങ്കിലും ഭരിക്കുന്നവര്‍ക്ക് നാണം തോന്നി ആ പാവങ്ങളുടെ ജീവിതം ഒന്നു മെച്ചപ്പെടട്ടെ. (എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം!) .


ബാലന്‍‌ ബാര്‍ബര്‍ (ബില്ലു ബാര്‍ബര്‍ മലയാളം)

ഫെബ്രുവരി 27, 2009

വലിയ പ്രതീക്ഷകളോടെയാണ് ഈ പടം കാണാനിരുന്നത്.

സത്യം പറയട്ടെ, ഒട്ടും ഇഷ്ടപ്പെട്ടില്ല-അവസാനം മമ്മൂട്ടി നടത്തുന്ന ഒറ്റയാള്‍ റെസ്ക്യൂ അറ്റെം‌പ്റ്റ് ഒഴിച്ചാല്‍!

തികച്ചും കൃതിമത്വം നിറഞ്ഞ കഥയും ചുറ്റുപാടും.

പഴയ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് പടങ്ങളാണെന്ന് പ്രേക്ഷകരെ ‘തെറ്റിദ്ധരിപ്പിക്കാന്‍’ ഒരു ചായക്കട, നാടന്‍ വേഷത്തില്‍ മാമുക്കോയ, പട്ടിക്കാട് പ്രദേശം ഇതൊക്കെ മതിയോ?

അഴകിയ രാവണനില്‍ പണക്കാരനായ കൂട്ടുകാരന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ ടെയ്‌ലറായ സുഹൃത്തിനെ ഒപ്പം കൂട്ടുന്നു. ആ പടത്തിന്റെ ചെറിയ ഒരു ഭാഗം തിരിച്ചിട്ടിരിക്കുന്നതായേ എനിക്ക് തോന്നിയുള്ളൂ. 

പുല്ലു പോലെ ഊഹിക്കാന്‍ പറ്റുന്ന അവസാന രംഗം ആശയ ദാരിദ്യം കാരണമാകാം.

അശോക് രാജ് മമ്മൂട്ടിയായത് കൊണ്ട് നല്ലവനാണ് , അവസാനം അരുതാത്തത് ഒന്നും സംഭവിക്കില്ല, എന്ന് സംശയിക്കേണ്ട കാര്യമേയില്ലല്ലോ. കൂടാതെ കഥയിലൊരിടത്തും “ഇനി ബാലന്‍ പുളുവടിച്ചതാണോ?” എന്നൊരു സംശയം കാണികള്‍ക്ക് വരുന്നതേയില്ല. അപ്പോള്‍ ഊഹം ശരിയാണോ അല്ലിയോ എന്നൊരു നേര്‍ത്ത സസ്‌പെന്‍സ് മാത്രം. എനിക്ക് ശരിക്കും ബോറടിച്ച് എഴുന്നേറ്റ് പോകാന്‍ തോന്നാഞ്ഞത് കുറേ നാളായി ഒരു സിനിമയും കാണാഞ്ഞത് കൊണ്ടാവാം.

വേറേയുമുണ്ട് പോരായ്മകള്‍.

മീന- നമ്പര്‍ വണ്‍ മിസ്കാസ്റ്റ്.  ഈ ഡബ്ബിംഗ് ശബ്ദം കേട്ട് മടുത്തു. മലയാളത്തില്‍ ആകെ ഒരു സ്ത്രീയേയുള്ളോ നായികമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍? ഛേ!

പിന്നെ മീനയുടെ ഉജാല പരസ്യം പോലെയുള്ള വസ്ത്രങ്ങള്‍…, നാടന്‍ കോഴികളുടെ ഇടയില്‍ വൈറ്റ്‌ലഗോണ്‍ പൂവന്‍ നില്‍ക്കുന്നത് പോലെ മീന സിനിമയിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഭയങ്കര കോണ്‍‌ട്രാസ്റ്റ് അടിച്ചു നില്‍ക്കുന്നു.

ബാലനുമുണ്ട്, അശോക്‌രാജിന്റെയത്രയും പുത്തന്‍ വസ്ത്രങ്ങള്‍. ഇതൊക്കെ എനിക്ക് കല്ലുകടിയായി. ദാരിദ്ര്യം ആണെന്ന് വേറുതേ പറഞ്ഞാല്‍ മതിയോ? കണ്ടാല്‍ തോന്നണ്ടേ?

കൃതിമത്വം നിറഞ്ഞ സലിം‌കുമാറീന്റെ കവി, രാഷ്ട്രീയക്കാരന്‍ (ആഗോളീകരണം പറയല്‍, മുടി വെട്ടല്‍ താമാശ..കഷ്ടം), മാമുക്കോയ, ഇന്നസെന്റ്, കോട്ടയം നസീര്‍ എല്ലാവരും മടുപ്പിക്കുന്നു.

കൂട്ടത്തില്‍ ഭേദം സുരാജ് വെഞ്ഞാറന്മൂട്. പച്ചക്കറിക്കടയില്‍ ചെന്ന് കാപ്സിക്കം ഉണ്ടോ എന്നൊക്കെ ചോദിച്ചത് ചിരി വരുത്തി. പിന്നെ ആകെ കൂടി ഒന്നു പുഞ്ചിരിച്ചത്  അഗസ്റ്റിനെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി പൂട്ടുന്ന രം‌ഗം ഓര്‍ത്താണ്.

ജഗതിയുടെ കഥാപാത്രം, വല്ല അന്ധവിശ്വാസത്തിന്റെ പുറത്തും സം‌വിധായകന്‍ അങ്ങേരെ കൊണ്ട് ചെയ്യിപ്പിച്ചതാകാനാണ് വഴി.

മുകേഷിന്റെ കഥാപാത്രം എന്തിനാണാവോ! പരിവട്ടം പറയുന്ന മാഷടെ വേഷവിധാനം അപാരം. ലിവൈസ് ഷര്‍‌ട്ടൊക്കെയാണ്.

ശ്രീനിവാസന്റെ  അഭിനയമൊക്കെ ഒരു വഴിക്കായിരിക്കുന്നു. എന്തോ ആ വേഷവും വീങ്ങിയ മുഖഭാവങ്ങളും ഒട്ടും സുഖിച്ചില്ല.

ആകെയൊരു സില്‍‌വര്‍ ലൈനിംഗ് മമ്മൂട്ടിയുടെ പ്രകടനമാണ്. പ്രത്യേകിച്ച് ആ സ്പീച്ച്.

എന്തിറ്റാ ഗെറ്റപ്പ്! നല്ല പെര്‍‌ഫോര്‍മന്‍സ് ആയിരുന്നു. ചെറിയ നേരമേയുള്ളെങ്കിലും മമ്മൂട്ടി ഭംഗിയാക്കി.

എന്നാല്‍ ഇത്രയും പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനം കാണുമ്പൊള്‍ ഒന്നു കെട്ടിപ്പിടിക്കുന്നു പോലുമില്ല അശോക്‌രാജ്!  രണ്ടു ഡയലോഗ് വിട്ടിട്ട് കാറില്‍ കേറി ഒറ്റാ പോക്ക്! അതും അത്ഭുതകരമായി തോന്നി.

അരോചകമായി തോന്നുന്ന ‘കോമഡി’ മ്യൂസിക്, കോട്ടയം നസീറീന്റെ മിമിക്രി റ്റൈപ്പ് ചറപറ സം‌സാരം…ഈച്ചപ്പന്റെ അമിത പ്രയോഗം….എന്തിനേറെ പറയുന്നു, പഴയ പടം പോലെയായിരിക്കുമെന്ന് കരുതി ഇരുന്നതാണ്. അമ്പേ നിരാശനായി. യേസ് യുവര്‍ ഓണര്‍ എന്ന പാട്ട ഇതിലും ഭേദമായിരുന്നു എന്നു തോന്നുന്നു (റിലേറ്റീവ്‌ലി)

പിന്നെ, മലയാളസിനിമ ചവച്ചു തുപ്പി ചണ്ടിയാക്കിയ ഒരു കോവിലകം, തമ്പുരാന്‍, കടന്നു വരുമ്പോള്‍ എപ്പോളും വീണ കൊണ്ട് മ്യൂസിക് കേള്‍ക്കുന്ന തമ്പുരാട്ടി, തറവാട്ട് മഹിമ, ഒരു വില്ലന്‍ കഥാപാത്രം ഇതൊന്നും ഇല്ലാത്തത് കൊണ്ട് അത്രയും ഭേദം.

ബില്ലു ബാര്‍ബര്‍ കാണുന്നില്ലെന്ന് വെച്ചു. ഹാള്‍ മാര്‍ക്ക് ചാനലിലോ മറ്റോ ഒരു റ്റെലിഫിലിം പോലെ കാണിക്കാവുന്ന ഒരു കഥ സിനിമയാക്കിയതും അത് വിജയിച്ചതും മലയാള സിനിമയിലെ ഇപ്പോഴത്തെ പടങ്ങളുടെ റിലേറ്റീവ് ക്വാളിറ്റി കൊണ്ടാണെന്ന് കരുതുന്നു.

ശ്രീനിവാസന്റെ ഈ പടം കണ്ടിട്ട്  പുലി ബ്ലോഗേര്‍സ് ആരാധകരുടെ പ്രഷര്‍ കാരണം ചീളു പോസ്റ്റിടുമ്പോള്‍ തോന്നുന്ന ഒരു നീരസം തോന്നി. 🙂


ഡോഗ്‌സ് ആന്റ് ക്യാറ്റ്‌സ് ആര്‍ ഫോര്‍ സിസ്സീസ്….

ഫെബ്രുവരി 25, 2009

 

11

 

2

 

എന്നോട് കളിക്കുന്നത് ഇനി സൂക്ഷിച്ചു വേണം ന്ന്..

മ്മടെ ഗടീസിനെ കണ്ടല്ലോ. ഉം.


ഓസ്കാര്‍ ചിന്തകള്‍

ഫെബ്രുവരി 23, 2009

അങ്ങനെ ഓസ്കാര്‍ കഴിഞ്ഞു.

വിചാരിച്ചത് പോലെ സ്ലം ഡോഗ് തൂത്ത് വാരി കൊണ്ടു പോയി.

ഡാനീ ബോയ്ലിന്റെ റ്റൈം. അല്ലെങ്കിലും മൂപ്പരുടെ പടങ്ങള്‍ എനിക്ക് ഇഷ്ടമാണ്.

ട്രെയിന്‍ സ്പോട്ടിംഗിനു ഒരു കള്‍ട്ട് സ്റ്റാറ്റസ്സൊക്കെയുണ്ടെങ്കിലും എനിക്ക് അതിലും പ്രിയപ്പെട്ടത് ദി ബീച്ച് ആയിരുന്നു. സ്ലം ഡോഗ് കണ്ടില്ല, നല്ലതായിരിക്കും എന്ന് ഉറപ്പുണ്ട്-ഏതായാലും ഓസ്കാര്‍ അങ്ങനെ ജാഡകളുടെ പുറത്ത് , ഒരു വസ്തുവിനും കൊള്ളാത്ത പടങ്ങള്‍ക്ക് എടുത്ത് കൊടുക്കുന്നത് ഇതു വരെ കണ്ടിട്ടില്ല.

അമിതാബച്ചനും പ്രിയദര്‍ശനുമൊക്കെ ഇന്ത്യയുടെ പട്ടിണി പരിവട്ടം കാണിച്ചത് ഇഷ്ടപെട്ടില്ലത്രേ!

ശരി, അതെല്ലാം തൂത്ത് കാര്‍പ്പറ്റിന്റെ അടീലേക്കിടാം. എന്നിട്ട് ചവുട്ടി ലെവലാക്കാം. എന്നിട്ട് ഷാരൂഖിനെ വിളിച്ചോണ്ട് വന്ന് മറജാനീ മറജാനീ കുറേ മേല്‍‌ക്കൂരയില്ലാത്ത തൂണിന്റെ ഇടയില്‍ നിര്‍ത്തി ആടിക്കാം-ബെസ്റ്റ് പടമായി.

(അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ-ഈ മേല്‍‌ക്കൂരയില്ലാത്ത തൂണുകള്‍ കണ്ടിടത്തെല്ലാം പണിഞ്ഞു വയ്കുന്നത് എന്ത് കുന്തത്തിനാണ്? ചാരി നില്‍ക്കാനോ? അതോ ആ ഏരിയയിലെ പട്ടികള്‍ക്ക് മൂത്രിക്കാനോ? ഈ സാബുസിറിലിനു കാണിക്കാന്‍ വേറെ ഒന്നും ഇല്ലേ?)

 

എ ആര്‍ റഹ്‌മാന്റെ ഒരു ആവറേജ് പാട്ടായിരുന്നു ജയ് ഹോ. ആഹ് പിന്നെ കിട്ടിയതാകട്ടെ, മൂപ്പര്‍ക്ക് എന്തായാലും ഓസ്കാര്‍ ഒക്കെ പുല്ലു പോലെ കിട്ടാനുള്ള ജീനിയസ്സ് ഉണ്ട്. എ ആര്‍ റഹ്‌മാന് പാട്ട് വെടിക്കെട്ട് ചെയ്യാന്‍ അത് പാടിയ കൊച്ചിനെ വിളിച്ചോണ്ട് വന്ന് എന്‍ ഡി റ്റി വി  ജയ് ഹോ പാടിച്ചു-ചളം കുളം എന്ന് പറഞ്ഞാല്‍ മതിയല്ലോ. എ ആര്‍ അത് കേട്ടിരുന്നെങ്കില്‍ ഓസ്കാറിന്റെ പ്രതിമയെടുത്ത് മണ്ടക്ക് മേടിയേനെ.

മ്യൂസിക്കില്‍ ആ പടത്തില്‍ മികച്ചു നില്‍ക്കുന്നത് ഇന്‍‌സ്ട്രമെന്റല്‍സ് ആണ്. ഓ സായായിലെ ട്രെയിനിന്റെ താളം ബ്രില്ല്യന്റ്. വേറേം ണ്ട്.

 

റസൂല്‍ പൂക്കുട്ടിയുടെ മുഖം എന്ത് നിഷ്കളങ്കമാണ്! കണ്ടാല്‍ ഒരു രണ്ട് ഓസ്‌കാര്‍ എടുത്ത് കൊടുക്കാന്‍ തോന്നണ നിഷ്കളങ്ക മുഖം ചിരി. പൂനാ ഇന്‍‌സ്റ്റിറ്റ്യൂട്ടിന്റെ സന്താനമായ അദ്ദേഹം കാരണം ഏറ്റവും കൂടുതല്‍ ബൂസ്റ്റ് കിട്ടാന്‍ പോകുന്നത് ഇന്‍‌സ്റ്റിറ്റ്യൂട്ടിന് തന്നെയാണ്. കുറേ നാളായി തുറന്ന് വച്ചോണ്ടിരിക്കുന്നു, അവസാനം ഒരു മലയാളി വേണ്ടി വന്നു…ങ്‌ഹാ!

 

ശബ്ദലേഖനത്തിനൊക്കെ നമ്മുടെ പടത്തില്‍ എന്തു സ്ഥാനമാണുള്ളത്? നൂറ് കണക്കനു ആള്‍‍ക്കാരുള്ള തെരുവില്‍ കൂടെ നടന്നു പോകുമ്പോള്‍ മലയാളം സിനിമയില്‍ കേള്‍ക്കുക നായകന്റെ ഷൂസിന്റെ ടക് ടക്, അല്ലെങ്കില്‍ ചെരുപിന്റെ ടിഷ്ക്യാ ടിഷ്ക്യാ. കാറ് വന്നു നില്‍ക്കുമ്പോഴുള്ള ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ? പതറ്റിക് ആണ്. ബര്‍‌ര്‍‌ര്‍. എന്നിട്ട് ബ്രേക്കിന്റെ കീഈഈഈ. എത്ര പതുക്കെ വരുന്ന കാറായാലും ലോറിയായാലും. പിന്നെ ഡോറടക്കുന്ന ശബ്ദം, ഏത് കാറായാലും ഒന്നന്നെ.

 

അല്ല, കഥ പറയാന്‍ ഇതൊന്നും വേണ്ട. എന്നാലും, കൊല്ലം 2009 ആയില്ലേ?

 

ഏതായാലും വളരെ സന്തോഷം. ഇതിന്റെ ഒരു ആഫ്റ്റര്‍ എഫക്റ്റായി ധാരാവി ഗവര്‍മെന്റ് ഒന്നു പുനരുദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. ഇന്നലെ അല്‍ ജസീരയില്‍ ധാരാവിയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കണ്ടാല്‍ ഞെട്ടുന്ന പരുവം. ഞാനാലോചിക്കുകയായിരുന്നു, ഇച്ഛാശക്തിയുണ്ടെങ്കില്‍ ആ ആള്‍ക്കാര്‍ക്ക് മുഴുവനും അധികം തെറ്റില്ലാത്ത ഒരു വീട് വെച്ചുകൊടുക്കാന്‍ എത്ര സമയം വേണ്ടി വരും?

 

ഇവിടെ ഒരു സായിപ്പിന്റെ കൂടെ കാറില്‍ പോകുകയായിരുന്നു. വഴിക്ക് കറുത്ത വര്‍ഗ്ഗക്കാര്‍ ധാരാളം താമസിക്കുന്ന ഇന്‍‌ഫോര്‍മല്‍ സെറ്റില്‍‌മെന്റുകളായി. ചേരി തന്നെ. നമ്മുടെ നാടു പോലെ തന്നെ. ഇത്തിരി കൂടി മെച്ചം ഉണ്ട് എന്ന് മാത്രം.

ഉടന്‍ സായിപ്പ് എന്നോട് “ലുക്സ് ലൈക്ക് ഇന്ത്യ” എന്ന്.

എനിക്ക് ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു, “നോ, ലുക്സ് ഡെഫനിറ്റിലി ലൈക്ക് ബ്ലഡി സൊഉത്ത് ആഫ്രിക്ക” എന്ന്.

കൊള്ളാത്തതൊക്കെയെടുത്ത് ഇന്ത്യക്ക് ചാര്‍ത്തി തരാന്‍ എന്തൊരാവേശം.ഹും!

 

അയാളൊന്നും മിണ്ടിയില്ല. 

കാറില്‍ നിന്ന് ഇറക്കി വിട്ടതുമില്ല. എന്റെ ഭാഗ്യം.


നന്ദിപ്രകടനം

ഫെബ്രുവരി 20, 2009

സദുദ്ദേശ്യത്തോടെ ചെയ്യുന്ന പലതും പാരയായി മാറുന്നത് നമ്മള്‍ എത്ര കണ്ടിരിക്കുന്നു!

പണ്ട് ജനം അട്ടിയിട്ട് പോയിരുന്ന ഒരു ബസ്സില്‍ ഞാനിരുന്നിരുന്ന വിന്‍‌ഡോ സീറ്റ്, അടുത്ത് നിന്നിരുന്ന ഒരു പള്ളീലച്ചന് ത്യാഗമനോഭാവത്തോടെ (ഞാനൊരു ഹിന്ദുവായിട്ടും!) ഒഴിഞ്ഞു കൊടുത്തപ്പോള്‍ പള്ളീലച്ചന്റെ പിന്നില്‍ നിന്നിരുന്ന ഒരു കടും‌വെട്ട് നൂഴ്ന്ന് കയറി വന്ന് ഞാന്‍ ഒഴിഞ്ഞ സീറ്റ് എന്റെ ചന്തിക്കും അച്ചന്റെ ചന്തിക്കുമിടയില്‍ നിന്ന് കവര്‍ന്നെടുത്തത് ഇന്നും മറന്നിട്ടില്ല! പള്ളീലച്ചന്‍ സാരമില്ല കുഞ്ഞാടിരുന്നു കൊള്ളട്ടെ എന്ന് എന്നോട് പറഞ്ഞെങ്കിലും സീറ്റ് പോയത് എന്റെയായിരുന്നല്ലോ. അച്ചനെന്നാ, മൂപ്പര് എന്താണെങ്കിലും തൂങ്ങി നില്‍ക്കുവായിരുന്നു.

ഫ്രീസറിലിരുന്ന ഇറച്ചി കൊണ്ടു പോയി കഴിച്ചോട്ടെ എന്ന് കരുതി കറമ്പന്‍ വാച്ച്‌മാനു കൊടുത്തിട്ട് പാവം ഒരാഴ്ച കഴിഞ്ഞാണ് പണിക്ക് കയറിയത്. എറിഞ്ഞ് തൂറ്റലും ശര്‍ദ്ദിയും ആയിരുന്നത്രേ. കോം‌പ്ലെക്സില്‍ ആയിടക്ക് പകല്‍ സമയം ഫുള്‍ പവര്‍‌കട്ടായിരുന്നു എന്ന് ജോലിക്ക് പോയിരിക്കുന്ന ഞാനെങ്ങനെ അറിയാന്‍?

അങ്ങനെ പല സംഭവങ്ങള്‍.

ഇതൊക്കെ പറഞ്ഞു വന്നത് ഓഫീസില്‍ എന്റെയടുത്തിരിക്കുന്ന ഒരു സായിപ്പിനു പറ്റിയ ഒരു സംഭവത്തെക്കുറിച്ച് പറയാനാണ്. അത്രക്കൊന്നൂല്യ-എന്നാലും ആലോചിക്കുമ്പോള്‍ എനിക്ക് ചിരിവരും.
ടിയാന്‍ ഉഗാണ്ടയിലെ ഏതോ പ്രൊ‌ജക്റ്റ് ഇവിടിരുന്ന് മാനേജ് ചെയ്യുന്ന ആവറേജ് ഒരു പ്രാരാ‌ബ്ധക്കാരന്‍ ആണ്. പ്രൊജെക്റ്റ് ഉഗാണ്ടയിലും അങ്ങേരിവിടെയുമായത് കൊണ്ട് എല്ലാം ഫോണ്‍‌വിളി മുഖാന്തിരം ആണ് മാനേ‌ജ്‌മെന്റ്. എന്നും രാവിലെ സായിപ്പ് ഉഗാണ്ടക്ക് വിളിച്ചിട്ട് രണ്ട് മണിക്കൂര്‍ മീറ്റിംഗ് ആണ്.
സാധാരണ നേരെ വാ നേരെ പോ എന്ന മട്ടിലാണ് മീറ്റിംഗ്.
ഉഗാണ്ടയല്ലേ, ക്ലൈന്റിനു ഇം‌ഗ്ലീഷ് അത്ര പിടി പോര, പോരാഞ്ഞ് ഫോണ്‍ കണക്ഷനും ചിലപ്പോള്‍ മോശം. പറഞ്ഞതൊക്കെ മിക്കവാറും റീപ്ലേ ചെയ്യണം അങ്ങ‌ടെത്തണെങ്കില്‍.

അന്നെന്തു കൊണ്ടോ സായിപ്പ് നല്ല മൂഡിലായിരുന്നത് കൊണ്ടാണോ ആവോ, ഫോണ്‍ കണക്റ്റായ ഉടനെ ഉഗ്ഗാണ്ടനോട്
“താന്‍‌ക്യു ഫോര്‍ മേക്കിംഗ് യു‌വര്‍ സെല്‍ഫ് അവൈലബിള്‍ ഫോര്‍ ദിസ് മീറ്റിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് ” എന്ന് പറഞ്ഞു പോയി.

കാള കുത്താനായിറ്റ്!

ഉഗാണ്ടനത് മനസ്സിലായില്ലെന്ന് മാത്രമല്ല, പ്രധാനപ്പെട്ട എന്തോ വിവരമാണെന്നു കരുതി (കാശ് മുടക്കണതയാളല്ലേ) യ്യ് ദിപ്പോ ന്താ പറഞ്ഞത് എന്ന് ചോദിക്കാന്‍ തുടങ്ങി.

നമ്മടെ സായിപ്പ് വീണ്ടും പറഞ്ഞു “താന്‍‌ക്യു ഫോര്‍ മേക്കിംഗ് യു‌വര്‍ സെല്‍ഫ് അവൈലബിള്‍ ഫോര്‍ ദി മീറ്റിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് “.

എവടെ കത്താന്‍!
ഉഗാണ്ടന്‍ പിന്നേം ചോദിച്ചു, അല്ല, എന്താണ് ആക്‌ച്വലി സായിപ്പ് ഉദ്ദേശിച്ചത്?

നമ്മള്‍ ചില പൊട്ടന്മാരോട് ‘നീ -ഫുഡ്-ഞംഞം-ങേ?’ എന്നൊക്കെ സം‌സാരിക്കുന്നത് പോലെ സായിപ്പ് “ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് “എന്നൊക്കെ വിസ്തരിക്കാന്‍ തുടങ്ങി.

കിം‌ ഫലം? നോ രക്ഷ.

സംഗതി സായിപ്പിന് ഇത്രയും സിം‌പിള്‍ ആയ ഒരു വാക്യത്തിന്റെ വ്യാകരണവും അ‍‌ര്ത്ഥവും പറഞ്ഞു കൊണ്ടിരിക്കേണ്ടി വന്നു.

നന്ദി പ്രകടനം അഞ്ചാറായപ്പോള്‍ ഓഫീസിന്റെ അവിടെ നിന്നും ഇവിടെ നിന്നും ഒരോ തല പൊങ്ങി ഇയാളെ നോക്കിത്തുടങ്ങി.

പൊട്ടന്മാരെ മനസ്സിലാക്കല്‍ മോഡ് സൈഡില്‍ വെച്ചിട്ട് ജഗതി കിലുക്കത്തില്‍ “ജോജീ-ഞാന്‍- ജഗഡ ജഗഡ” അവസ്ഥയിലേക്ക് സായിപ്പ് കട്ട മാറ്റിപ്പിടിച്ചു.

അപ്പുറത്ത് ക്ലൈന്റാണ്..അല്ലായിരുന്നെങ്കില്‍ ഈ സായിപ്പ് “അതേയ് നിന്റെ അമ്മേനെ കെട്ടിക്കാന്‍ സ്തീധനം എത്ര ചിലവായെടാ കാണ്ടാമൃഗമേ എന്നാണ് ഞാന്‍ ചോദിച്ചത്, വെച്ചേച്ച് പോടാ പട്ടീ” എന്ന് പറഞ്ഞേനെ. മൂന്നര‌ത്തരം.
നന്ദി പ്രകടനം നടത്തുന്നതിന് ഒരതിരൊക്കെയില്ലേ!

ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, ഇരുപത് മിനിട്ടായിട്ടും ഈ സായിപ്പ് ഇതു തന്നെ വിസ്തരിച്ചു കൊണ്ടിരുന്നു. മീറ്റിംഗ് തുടങ്ങിയതേയില്ല. “ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് “……..ഹലോ ഹലോ…യേസ്…”ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് ദാറ്റ്സ് ആള്‍.” ഇദന്നെ.

ഒരു മീറ്റിംഗിനു മുന്‍പ് ഒന്നു നന്ദി പ്രകടനം ചെയ്യാന്‍ പോയത് കൊണ്ട് വന്ന ഒരോ ഗതികേടേയ്.

സമയം പോകുന്നതില്‍ സഹികെട്ട് (ഉഗാണ്ടക്കാരനോ അതോ സായിപ്പോ? ആ?!) അവസാനം മീറ്റിംഗ് തുടങ്ങുകയായിരുന്നു എന്നു തോന്നുന്നു.

അവസാനം മീറ്റിംഗ് കഴിഞ്ഞപ്പോഴും ഒരു പ്രാവശ്യം അയാള്‍ പറയുന്നത് കേട്ടു “”ഐ വാസ് റ്റെല്ലിംഗ്, ഐ റിയലി അപ്രിഷ്യേറ്റ് ദാറ്റ് യു കെയിം ഫോര്‍ ദി മീറ്റിംഗ് -ഹലോ ഹലോ”

അതു കഴിഞ്ഞ് ഇനി ഇ-മെയില്‍ അയച്ചോ ആവോ!


എ ആര്‍ റഹ്‌മാന്‍

ഫെബ്രുവരി 17, 2009

എ ആര്‍ റഹ്‌മാനെ എന്റെ സ്വന്തം ആളാണെന്ന് കരുതി/പറഞ്ഞ് നടന്ന ഒരു കാലമുണ്ടായിരുന്നു.

നവോദയയില്‍ ആദ്യമായി റോജയുടെ കാസറ്റ് വാങ്ങി ചെന്നത് ഞാനായിരുന്നല്ലോ-അത് പുല്ലാട്ടെ രാജേട്ടന്റെ കൈയ്യില്‍ നിന്ന് അടിച്ച് മാറ്റിയതായിരുന്നെങ്കിലും!
റോജ നവോദയയില്‍ ഇന്‍‌സ്റ്റന്റ് ഹിറ്റായി. കൂട്ടത്തില്‍ ഈ പുതിയ മ്യൂസിക് സം‌വിധായകനെ “കണ്ടു പിടിച്ച്” സ്കൂളില്‍ കൊണ്ടു വന്നത് അരവിന്ദാണെന്ന ഒരു വെയിറ്റും എനിക്ക് കിട്ടി – എന്നു വെച്ചാല്‍ ആ റ്റൈമില്‍ മണിരത്നത്തിന് മോളീവുഡ്ഡില്‍ കിട്ടിയ അത്രേം
-ഇത്തിരി കൂടിപ്പോയോ? നമ്മടെ സ്കൂള്, കുട്ട്യോള്, പെണ്‍‌കുട്ട്യോള് ആ ഒരു സെറ്റപ്പില്‍.

ജെന്റില്‍മാന്റെ കാസറ്റ് തിരൂരില്‍ നിന്ന് അജയന്‍ കൊണ്ടുവന്നത് നമുക്ക് ഒരു ക്ഷീണമായെങ്കിലും അടുത്ത പ്രാവശ്യം ഗുരുവായൂരില്‍ പോയപ്പോള്‍ കാതലന്‍ ഇറക്കി ഞാന്‍ ഗംഭീരമായ തിരിച്ചു വരവ് നടത്തി (കാതലന്‍ വാങ്ങിച്ചിട്ട് അന്‍‌പത് രൂപാ കൊടുത്തപ്പോള്‍ ആ കടക്കാരന്‍ എനിക്ക് എഴുപത് രൂപ തിരിച്ചു തന്നു. ഒന്നു ഞെട്ടിയ ഞാന്‍ മനസാന്നിദ്ധ്യം വീണ്ടെടുത്ത് വേറെ കടേല്‍ പോയി ഒരു കാസറ്റൂടെ വാങ്ങി-മെയ്‌മാതം ആയിരുന്നോ എന്നു സംശയം?)
അവസാനം വന്നു വന്ന് അവധി കഴിഞ്ഞു വരുമ്പോള്‍ കുട്ടികള്‍ മാത്രമല്ല ചില ടീച്ചേര്‍‌സും ചോദിച്ചു തുടങ്ങി – അരവിന്ദാ പുതിയ പാട്ട് വല്ലതുമുണ്ടോ എന്ന്! അതും എ ആര്‍ റഹ്‌മാന്റെ. എന്നോട്. ശോ!.
അങ്ങനെ എത്രയെത്ര എ ആര്‍ റഹ്‌മാന്റെ കാസറ്റുകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു!

വണ്ടിചോലൈ ചിന്നരാസു മുതലായ അധികമാരും ആയിടെ കേട്ടിട്ടില്ലാത്ത കാസറ്റുകളും എനിക്ക് കിട്ടിയിരുന്നിരുന്നു,
അതു വെച്ച് എ ആര്‍ റഹ്‌മാന്റെ മലപ്പുറത്തെ ലോക്കല്‍ ഗാര്‍‌ഡിയന്‍‍ എന്നൊരു സ്ഥാനം ആരാധനാ ഭാവത്തോടെ കൂട്ടുകാര്‍ തന്നിരുന്നു-
ഡിഗ്രിക്കു പഠിച്ചിരുന്ന പുല്ലാട്ടെ രാജേട്ടനു സ്തുതി.

പിന്നെ എത്രയെത്ര പാട്ടുകള്‍…

പിന്നെയെപ്പോഴോ റ‌ഹ്മാനെ അത്രക്കങ്ങട് പിടിക്കാതെയായി. എല്ലാ പാട്ടുകളിലും ആ ഫൈന്‍ ടച്ച് ഇല്ലാതെ വന്നു. സറ്റിലായി ഓരോ ഇന്‍‌സ്റ്റ്റമെന്റും ചിലപ്പോള്‍ ഒരിക്കല്‍ മാത്രം, ഒരു സെക്കന്റ് മാത്രം ഉപയോഗിക്കുന്ന ആ രീതി മോശം വന്നു.
എല്ലാത്തിലും കുറേ അല‌ര്‍ച്ച, ആ ആ ആ എന്ന ഓലിയിടല്‍, ഡപ്പാം കുത്ത് പോലെ ഡ്രംസ്, ആകെ ബഹളമയം.
എ ആര്‍ റഹ്‌മാനും ലക്ഷ്മികാന്ത് പ്യാരിലാലും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത അവസ്ഥ.
അവിടെയും ഇവിടെയും നല്ല പാട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഓന്‍ ആന്‍ ആവറേജ് ക്വാളിറ്റി കുറഞ്ഞു. എ ആര്‍ റഹ്‌മാന്റെ കാലം കഴിഞ്ഞെന്ന് കരുതി, നല്ല മ്യൂസിക്കിനു വേണ്ടി അലഞ്ഞു.

പക്ഷേ ഈയിടെ എ ആറിന്റെ രണ്ട് മൂന്ന് എണ്ണം പറഞ്ഞ പാട്ടുകള്‍ കേട്ടു- ഹൃദ്യം, സുന്ദരം, സുരഭിലം. പണ്ട് കാതലനിലെ ഉര്‍‌വ്വശീ റ്റൈപ്പില്‍ നിന്നും ആള്‍ എത്രയോ മുന്നോട്ട് പോയിരിക്കുന്നു എന്നു തെളിയിക്കുന്ന ശ്രവണമധുരമായ ഗാനങ്ങള്‍.

അരവിന്ദ്സ് റോഡ് ട്രിപ്പ് റ്റോപ്പ് ഫൈവ് എന്ന കാറില്‍ കേള്‍ക്കാന്‍ പാകത്തിനുള്ള പാട്ടുകളുടെ ആദ്യ ലിസ്റ്റ്.

ഇപ്പോഴത്തെ എന്റെ ഫേവറിറ്റ്സ് :
1.ഡല്‍ഹി സിക്സ് : ദില്‍ ഗിരാ കഹി പര്‍ ദഫതന്‍ (ഇതിന്റെ താളം…സൂപ്പര്‍‌ബ്ബ്)
2.ഗജനി : കൈ സെ മുജ്ജേ തു മില്‍ ഗയി (ഈയൊരോറ്റ പാട്ടേ അതില്‍ കൊള്ളാവുന്നതായി തോന്നിയുള്ളൂ എങ്കിലും ഇത് ധാരാളം!)
3.ഡല്‍ഹി സിക്സ് : ഗെന്‍ഡാ ഫൂല്‍ (ഇതിലെ ബീറ്റ് തുടങ്ങുമ്പോള്‍ അച്ചൂന്റെ ഒരു കുണുക്കമുണ്ട്)
4.ഡല്‍ഹി സിക്സ് : മസ്സക്കലി
5.കണക്ഷന്‍സ് : മന് ചന്ദ്രെ.(ബാക്കി എല്ലാ പാട്ടും ഈ ആല്‍‌ബത്തിലെ വെറും തറ എന്ന് തോന്നി. കാശ് പോയത് മിച്ചം) എ ആര്‍ റഹ്‌മാന്‍ പൂ‌ര്‍‌വ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നത് കാണുമ്പോള്‍ പഴയ “ലോക്കല്‍ ഗാര്‍ഡിയന്‍” ആയ എനിക്കൊരു സന്തോഷം.

(ഈ വേര്‍ഡ് പ്രസ്സ് ഉണ്ടാക്കിയോനാരാ? സമയമില്ലാത്ത സമയത്ത് ഒരു ചിത്രം അപ്‌ലോഡ് ചെയ്യാന്‍ നോക്കീട്ട് അര മണിക്കൂറായി.എവടെ!
അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് പോസ്റ്റിലിട്ടാല്‍ – ഠിം. സ്ക്രീനില്‍ വെള്ള മാത്രം! ഇവനൊക്കെ ഇതും തുറന്ന് വെച്ച് കെടന്നുറങ്ങുവാണോ? ഡേഷുകള്.)


മും‌ബൈയും ദോസ്താനയും

ഡിസംബര്‍ 18, 2008

images11മും‌ബൈ മേരി ജാന്‍ എന്ന പടം അതിന്റെ പ്രൊമോസ് കാണുമ്പോള്‍ തന്നെ കാണണം എന്നു കരുതിയതാണ്. കഴിഞ്ഞയാഴ്ച റ്റി വി യില്‍ വന്നപ്പോഴേ കാണാന്‍ സാധിച്ചുള്ളൂ.
7/11 നില്‍ മുംബൈയില്‍ തീവ്രവാദികള്‍ നടത്തിയ ട്രെയിന്‍ സ്ഫോടനങ്ങളാണ് ഇതിന്റെ തീം.
അഞ്ചു വ്യക്തികളുടെ ജീവിതം ഈ സ്ഫോടനത്തിന് മുന്‍പും പിന്‍പും എങ്ങിനെ പോകുന്നു എന്നതാണ് കഥാതന്തു.
തരക്കേടില്ലാതെ വളരെ സറ്റിലായ ഒരു മെസ്സേജ് നല്‍കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്. ഫുഡ് ചെയിന്‍ പോലെ ഇന്ത്യന്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ഫസ്ട്റേഷന്‍ ചെയിന്‍, അതിന്റെ കണ്ണികള്‍, സിനിമ കാണുന്നത് പോലെ സമൂഹത്തെ നോക്കികാണുന്ന നിര്‍‌വ്വികാരനായ ഉദ്യോഗസ്ഥര്‍, എവിടെയും വിവേചനത്തിന് ഇരയാകുന്ന താഴേത്തട്ടുകാര്‍, എന്തും വിറ്റു കാശാക്കുന്ന മീഡിയ, രാജ്യസ്നേഹമുള്ളവരെപ്പോലും മനസ്സ് മടുപ്പിച്ചെടൂക്കുന്ന വ്യവസ്ഥിതി, കെടുകാര്യസ്ഥത, ഇതെല്ലാം ഈ സിനിമയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.
അതാണ് ഈ സിനിമയുടെ ദോഷവും. എല്ലാം കൂടെ ഒരു മിക്സ് ആണ്. അവസാനം ഒന്നും ഒന്നിലും കണ്‍‌വേര്‍ജ് ചെയ്യാതെ സമാന്തരങ്ങളായി തന്നെ തീരുന്നു. ഒരു തീമില്‍ ഊന്നി കഥപറയുകയോ പാരലല്‍ ത്രെഡുകള്‍ മനോഹരമായി യോജിപ്പിക്കുകയോ ആവാമായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ടത്  സോഹാ അലി ഖാന്റെ പത്രപ്രവര്‍ത്തകയുടെ കഥയാണ്. താജ് ആക്രമണത്തിന് ശേഷം മീഡിയ നടത്തുന്ന ഇന്‍സെ‌ന്‍സിറ്റീവ് സെന്‍സേഷണലിസത്തെക്കുറിച്ച് പല ചര്‍ച്ചകളും നടക്കുകയുണ്ടായി. ഈ സിനിമയില്‍ സോഹാ അലി ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സംഭവിക്കുന്നത് മീഡിയകളില്‍ അല്പം എതിക്സ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതക്ക് അടിവരയിടുന്നു. പരേഷ് റാവലിന്റെ പോലീസ് കോണ്‍സ്റ്റബിള്‍ ആണ് തിളങ്ങിയ മറ്റൊരു താരം. പഞ്ച് ഡയലോഗുകള്‍ എല്ലാം അദ്ദേഹത്തിനാണ്. കാണികളൂമായി സം‌വദിക്കുന്നതും, സിനിമയുടെ കാതല്‍ വ്യക്തമാക്കുന്നതും ഈ കഥാപാത്രം തന്നെ. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ബാക്കിയെല്ലാവരും ശരാശരി പ്രകടനം മാത്രം.
അത്യാവശ്യം തരക്കേടില്ലാത്ത പടം, ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ പ്രസ്ക്തിയുള്ളത് തന്നെ. ചോരയോ വയലന്‍സോ കാതടപിക്കുന്ന ഡയലോഗ് വര്‍ഷമോ ഇല്ലാതെ പറയാനുള്ളത് അത്യാവശ്യം വൃത്തിയായി പറഞ്ഞിരിക്കുന്നു. റ്റി വിയില്‍ കാണാന്‍ പറ്റിയ പടം.

ദോസ്താന

images2ഇതിനൊക്കെ അഭിപ്രായം എഴുതണോ എന്ന് കരുതിയതാണ്. എന്നാലും എഴുതിയേക്കാമെന്ന് വെച്ചു. കരണ്‍ ജോഹാറിന്റെ ഏറ്റവും പുതിയ പ്രൊഡക്ഷനാണ് അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും സ്വവര്‍ഗ്ഗ സ്നേഹികളായി അഭിനയിക്കുന്ന ദോസ്താന. കണ്ടത് പ്രമേയത്തിലെ വ്യത്യസ്തത മൂലവും, അത് കോമഡി ആണെന്ന് അറിയാവുന്നത് കൊണ്ടും-അല്ലാതെ മറ്റൊരു ബ്രോക്ക് ബായ്ക് മൊഉന്റന്‍ പ്രതീക്ഷിച്ചല്ല.
ലൈറ്റ് എന്റര്‍റ്റൈന്‍‌മെന്റ് പ്രതീക്ഷിച്ചു വരുന്നവരെ ഇത് ഒട്ടും നിരാശപ്പെടുത്തില്ല.
എത്ര മസിലു പിടിച്ചിരുന്നിട്ടും (ബ്ലോഗില്‍ ബുജി അല്ലെങ്കിലും, വീട്ടില്‍ അതാ ഇമേജ്..ബൈസിക്കിള്‍ തീവ്‌സും, മോട്ടര്‍സൈക്കിള്‍ ഡയറീസ് ഒക്കെയേ ഇഷ്ടെപ്പെടൂ!) ഒന്നോ രണ്ടൊ സീനുകളില്‍ ചിരിച്ചു പോയി.
അഭിഷേകും ജോണും നന്നായി അഭിനയിച്ചിരിക്കുന്നു. അഭിഷേക് ആണ് മെച്ചം-ദിലീപിന്റെ ചാന്ത് പൊട്ട് അഭിഷേക് കണ്ടിരുന്നെങ്കില്‍ ഇതിലും തമാശയാക്കുമായിരുന്നു. ജോണ്‍ എബ്രഹാമിന്റെ മുഖത്തെ സ്ഥായിയായ “ശവഭാവം” ഈ സിനിമയില്‍ ഇല്ല. ബോഡി അപാരം. സുന്ദരം. ജോണിന്റെ വേഷം എല്ലാം തനി ഗേ സ്റ്റൈല്‍ ആണ്. മനപ്പൂര്‍‌വ്വം കോസ്റ്റ്യൂം ഡയറക്റ്റര്‍ ചെയ്തതാണെന്ന് തോന്നുന്നില്ല. ബോളിവുഡിലെ നായകന്മരുടെ സിനിമാ വേഷങ്ങള്‍ തനി “ഗേയിഷ്” ആണ്.സല്‍മാന്‍ ഖാന്‍ അകത്ത് ഒന്നും ധരിക്കാതെ പിങ്ക് കോട്ട് മാത്രമിട്ട് ചെസ്റ്റ് കാണിച്ച് വരുന്നത് കണ്ടാല്‍…ഇതൊക്കെ എന്ത് സ്റ്റൈല്‍ ആണ് !
അതു പോട്ടെ, ദോസ്താന തരക്കേടില്ലാത്ത ഒരു രസികന്‍ പടം ആണ്. വലുതായി ഒന്നും പ്രതീക്ഷിക്കേണ്ട. രണ്ടാം പകുതിയിലെ വലിച്ചു നീട്ടല്‍ അരോചകം. ബോബി ഡിയോളും പ്രിയങ്കയും നന്നായിരിക്കുന്നു. ബൊമാന്‍ ഇറാനി അനാവശ്യം. തനി തറ ഹിന്ദി ലവ് സ്റ്റോറികളെക്കാള്‍ എന്തു കൊണ്ടും മെച്ചം. കരണ്‍ ജോഹാറിന്റെ കുച്ച് കുച്ച് ഹോത്താ ഹെ തുടങ്ങിയ തനി പൊട്ടപ്പടങ്ങളേക്കാള്‍ വളരെ നല്ലത്.
കാണണമെങ്കില്‍ കാണുക, പ്രത്യേകിച്ച് ഗേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ദഹനക്കേടില്ലാത്തവര്‍ക്ക്  അല്പം ചിരിക്കാനുള്ള വക തരുന്നു ഈ പടം.

എങ്കിലും ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഗേ എന്നാല്‍ നമുക്കൊക്കെ തമാശ! അവരും മനുഷ്യരല്ലേ? എന്റെ ക്ലാസ്സില്‍ രണ്ട് ഗേകള്‍ ഉണ്ട്..ഉയര്‍ന്ന പൊസിഷനില്‍ (തെറ്റിദ്ധരിക്കരുത്) ഉള്ളവര്‍. കൊഞ്ചിക്കുഴയലോ, നുള്ളലോ ഒന്നും ഞാന്‍ കണ്ടിട്ടില്ല..അബ്‌സൊല്യൂട്ടിലി നോര്‍മല്‍.

ഇത്തരം സിനിമകള്‍ കണ്ട് തീയറ്ററുകള്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ നമുക്കിടയിലുള്ള ഇവര്‍ക്ക് തോന്നുന്നതെന്താകും? സ്വയം പുശ്ചമോ? സമൂഹത്തോട് ദേഷ്യമോ? നിരാശയോ? സങ്കടമോ? ആ!


ദി ഹാപ്പെനിംഗ്

നവംബര്‍ 25, 2008

imagesമനോജ് നൈറ്റ് ശ്യാമളന്റെ ദയനീയമായ ക്രിയേറ്റിവിറ്റി/ഒറിജിനാലിറ്റി തകര്‍ച്ച പൂര്‍ണ്ണമായും പുറത്ത് കൊണ്ടുവരുന്ന ചിത്രമാണ് ദി ഹാപ്പെനിംഗ് (2008).
ദി സിക്ത് സെന്‍സിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ശ്യാമളന്റെ ക്വാളിറ്റി‍ ഗ്രാഫ് അവിടുന്നിങ്ങോട്ട് താഴേക്ക് ചരിഞ്ഞു തന്നെയായിരുന്നു.
സിക്സ്ത് സെന്‍സില്‍ ശക്തമായ ഒരു ഒറിജിനല്‍ കഥയുണ്ടായിരുന്നു. നല്ല ഒരു അവസാനം ഉണ്ടായിരുന്നു, സാധാരണയില്‍ നിന്നും വ്യത്യസ്തമായി സംഭാഷണങ്ങളിലൂടെ ഭീകരത/സസ്പെന്‍സ് സൃഷ്ടികുന്ന ഒരു സമീപനം ഉണ്ടായിരുന്നു.
അണ്‍‍ബ്രേക്കബിളില്‍ ഒറിജിനാലിറ്റിയുണ്ടായിരുന്നു, എങ്കിലും ആ കഥയുടെ “ഫീസിബിളിറ്റി” എല്ലാവര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. കോമിക് ബുക്ക് ഹീറോ/വില്ലനിസത്തിന്റെ ഡാര്‍ക്ക് സൈഡ്  കാട്ടുകായായിരുന്നോ ഉദ്ദേശ്യം? ഏതായാലും കഥ ദഹിക്കാന്‍ പാടുള്ള വണ്ണം കോം‌പ്ലെക്സ് ആയിരുന്നു, അവിശ്വസനീയവും-പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ മോട്ടീവ്‌സ്.
സൈന്‍സ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പടമാണ്. ചിലപ്പോള്‍ ശ്യാമളന്റെ ദി ബെസ്റ്റ് പടം. അന്യഗ്രഹജീവികളെന്നാല്‍  വൃത്തികെട്ട രൂപങ്ങളോടെ അലറി വിളിച്ചു വരുന്ന ജീവികള്‍, അവയുമായ പോരാട്ടമെന്നാല്‍ ഫൈറ്റര്‍ ജെറ്റ്സും, ബോംബുകളും മിസൈലുകളൂം വെച്ചുള്ള പടയോട്ടം എന്ന ക്ലീഷേ ഫോര്‍മാറ്റില്‍  നിന്നും, ഒരു കുടുംബത്തിന്റെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടം എന്ന നിലയിലേക്ക് മനോഹരമായി ശ്യാമളന്‍ കൊണ്ടു വന്നിരിക്കുന്നു. അതിനു സഹായകമായി തകര്‍പ്പന്‍ അഭിനയപ്രകടനവും. ദൈവവിശ്വാസവും, സയന്‍സും എല്ലാം മനോഹരമാക്കി ഇഴ ചേര്‍ത്തിരിക്കുന്നു, ആ കഥയില്‍. സസ്പെന്‍സിനും യാതൊരു കുറവുമില്ല.

അവിടെ നിന്നങ്ങോട്ട് പതനമായിരുന്നു.
ദി വില്ലേജില്‍ വെറും ഒരു റ്റെലിഫിലിമിനോ മറ്റോ അനുയോജ്യമായ സസ്പെന്‍സേ ഉണ്ടായിരുന്നുള്ളൂ.
ലേഡി ഇന്‍ ദി വാട്ടറിലാകട്ടെ, ശ്യാമളന്‍ തിരിച്ച് കോമിക്സ് കഥാപാത്രങ്ങളിലേക്ക്  ഭീകരത ആവാഹിക്കാനുള്ള ശ്രമത്തിലായിരുന്നു. ചില രംഗങ്ങളും ഡയലോഗുകളുമൊഴിച്ചാല്‍ അമ്പേ പരാജയമായിരുന്നു അതും.
പിന്നീടാണ് ദി ഹാപ്പെനിംഗ് എന്ന ചിത്രവുമായി വരവ്. ഇന്ത്യക്കാരും ഇതിന്റെ പ്രൊഡക്ഷനില്‍ പങ്കാളികളായിരിക്കുന്നു. സ്ക്രൂവാലകളുടെ സ്ഥാപനമായ യു റ്റി വിയുടെ പൈസ പോയത് മിച്ചം.
മനുഷ്യരുടെ പ്രകൃതി നശീകരണം കാരണം സസ്യങ്ങള്‍ മനുഷ്യജീവനെ അവര്‍ക്ക് അപകടകരമായി കാണുന്നതും, ഒരു പ്രത്യേക ന്യൂറോറ്റോക്സിന്‍ പ്രസരിപ്പിച്ച് മനുഷ്യരെ ആത്മാഹുതി നടത്താന്‍ പ്രേരിപ്പിക്കുന്നതുമാണ് കഥയുടെ കാതല്‍.
നൈറ്റ് ഓഫ് ദി ലിവിംഗ് ഡെഡ് പോലെയുള്ള തറ ഹൊറര്‍ പടങ്ങളുടെ അനുകരണമാണ് പല ആത്മാഹുതി സീനുകളും.
കാണിക്കാതെ അനുഭവിപ്പിക്കുക എന്ന ആര്‍ട്ട് ഓഫ് മൂവീ മേക്കിംഗില്‍ നിന്നും , ഗ്രാഫിക്കല്‍ സീനുകളുടെ അകമ്പടി ഉപയോഗിച്ച് തിരക്കഥയിലില്ലാത്ത ഭീകരത ഉണ്ടാക്കുക എന്ന ബി ക്ലാസ്സ് തന്ത്രത്തിലേക്ക് ശ്യാമളന്‍ അ‍ധപ്പതിച്ചിരിക്കുന്നു. സിംഹത്തന ഇരയാവുന്നതും, ലോണ്‍ മോവറുടെ അടിയില്‍ കിടന്നു കൊടുക്കുന്നതും മറ്റും എന്ത് ഭീകരതയാണ് സൃഷ്ടിക്കുന്നത്? മനം‌മടുപ്പല്ലാതെ!
മാത്രമല്ല, ആത്മാഹുതി എന്ന രീതിയായത് കൊണ്ട് ചുറ്റുമുള്ളവര്‍ ആത്മഹത്യ നടത്തിയാലും എനിക്കെന്ത് എന്ന നായകന്റെ അതേ ഫീലിംഗാണ് കാണികള്‍ക്കും.
“It might have ended just before we got out”  എന്ന ഒരു ഡയലോഗിലൂടെയാണ് കഥയുടെ ക്ലൈമാക്സ് വെളിവാക്കുന്നത്! കൂവിപ്പോകും ഇത് കേള്‍ക്കുമ്പോള്‍. ചിന്താശക്തി അമ്പേ നഷ്ടപ്പെട്ടതോ അതോ വെറുതേ ഒരു പടം തല്ലിക്കൂട്ടിയതോ!
മാര്‍ക്ക് വാല്‍ബര്‍ഗ്ഗ് അപാര മിസ് കാസ്റ്റ് ആയിപ്പോയി. ഫോര്‍ ബ്രദേര്‍സിലും ഡിപ്പാര്‍ട്ടഡിലുമൊക്കെ തിളങ്ങിയ താരമാണ്..പിടിച്ച് റ്റീച്ചറാക്കിയപ്പോള്‍ ആകെ വശപ്പെശക് തോന്നി. ബാക്കി അഭിനേതാക്കളൊക്കെ വെറും ആവറേജ്. അഭിനയിക്കാനുള്ള ചാന്‍സുണ്ടെങ്കിലല്ലേ വിലയിരുത്തേണ്ടതുള്ളൂ.
ഏതായാലും വളരെ ആലോചിച്ച് ചിന്തിച്ച് പടം പിടിക്കുന്നതായിരിക്കും ശ്യാമളന്റെ ഭാവിക്ക് നല്ലത്. സ്വയം കഥ മെനയാനുള്ള സബ്ജെക്റ്റ് ഇല്ലെങ്കില്‍ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.
കഥ, തിരക്കഥ, സം‌വിധാനം എല്ലാം മനോജ് നൈറ്റ് ശ്യാമളന്‍ എന്നെഴുതണമെന്ന്‍ എന്തിന് പിടിവാശി? ഇക്കണക്കിന് പോയാല്‍ “പ്രൊഡക്ഷന്‍, കാണി”  എന്നതിനും അദ്ദേഹത്തിന്റെ പേരെഴുതേണ്ടി വരും.

വളരെ നിരാശനും ദുഖിതനുമായ ഒരു ശ്യാമളന്‍ ഫാന്‍.