Posts Tagged ‘gossip’

കേരളഹോട്ടല്‍@ആഫ്രിക്ക

ജൂലൈ 10, 2009

Joburg2ആഫ്രിക്കയിലാണെങ്കിലും ജോബര്‍ഗ്ഗിനു എന്താണൊരു കുറവ്?

ലോകത്തിലെ ഏറ്റവും വലിയ ഫെരാരി ഷോ റൂം എവിടാ?
ലോകത്തിലെ ഒരത്ഭുതമായ ‘forests of Joburg’ എവിടാ?
ലോകത്തില്‍ എക്സ്‌പാറ്റ്സിനു താമസിക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞ സിറ്റി ഏതാ?
സതേണ്‍ ഹെമിസ്ഫിയറിലെ ഏറ്റവും തിരക്കുകൂടിയ ഹൈവേ എവിടാ?
മലയാള ബ്ലോഗിന്റെ പൊന്നോമനപുത്രന്‍ അരവിന്ദിന്റെ വാസസ്ഥലം ഏതാ?

എല്ലാം ജോബര്‍ഗ്ഗാ.

എന്നാലും ഒരു കുറവുണ്ടായിരുന്നു.
ഒരു കേരളാ റെസ്റ്റോറന്റിന്റെ.

ഉള്ള ഇന്ത്യന്‍ റെസ്റ്റോറന്റുകളെല്ലാം വടക്കന്‍. നാനും റൂമാലിയും പനീറും മുര്‍ഗ്ഗ് കടായിയും വെജിറ്റബിള്‍ ലാബ്രഡോറും(ലവാബ്‌ദാര്‍ എന്നും പറയും).
എന്നാല്‍ വടക്കേന്ത്യയില്‍ കിട്ടുന്ന റ്റേസ്റ്റ് ഉണ്ടോ അതും ഇല്ല.

പാവം മലയാളികള്‍!

രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ളവര്‍ അവിടെ സുഭിക്ഷമായി കിട്ടുന്ന കപ്പ, ഇടിച്ചക്ക, ചക്ക, മീന്‍ (ഫ്രെഷ്) മുതലായ ഫലമൂലമാംസ്യാദികള്‍ കൊണ്ട് രുചികരമായ ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്തു കേരളതനിമ പിന്‍‌തുടര്‍ന്നപ്പോള്‍ ഇങ്ങു നഗരത്തിലുള്ളവര്‍ ബ്രെഡ്ഡും ബട്ടറും പോത്തിനെ വെട്ടിഅരിഞ്ഞതും കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
പിന്നെ വല്ലപ്പോഴും ബോട്ട്‌സ്‌വാനയില്‍ നിന്നും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്ത ടിന്നിലടച്ച കപ്പ, ഇറക്കുമതി ചെയ്ത് കഴിക്കുകയായിരുന്നു ആശ്വാസമേകിയിരുന്നത്.

അതിനൊരു മാറ്റം വന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് ഗ്രീന്‍‌വേയില്‍ പുതുതായി തുറന്നു പ്രവര്‍ത്തനമാരംഭിച്ച സ്പൈസ്‌ബര്‍ഗ്ഗ് എന്ന സതേണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് കുഞ്ഞു കുട്ടി പരാധീനമടക്കം ചെന്നത്.

ഒരു സ്വകാര്യം : ജോബര്‍ഗ്ഗിലുള്ള മലയാളികളേ, എം1 സൊഉത്ത് എടുത്ത് വരുമ്പൊള്‍ ഗ്ലെന്‍‌ഹോവ് കയറി റൈറ്റ്. പിന്നെ നേരെ, ഗ്ലെന്‍‌ഹോഹ് ബോള്‍ട്ടന്‍ ആകും, ബോള്‍ട്ടന്‍ ചെസ്റ്ററാകും, ചെസ്റ്റര്‍ ഡെറി ആകും, ഡെറി ഗ്ലെന്‍ ഈഗിള്‍ ആകും. നേരെ നേരെ നേരെ. കുറേ കൂടി പോയാല്‍ ഇടത് ഗ്രീന്‍ വേ കാണാം, നേരെ നോക്കിയാല്‍ മുന്നില്‍ സ്പൈസ് ബര്‍ഗ്ഗും. വേറെ എവിടെ നിന്നെങ്കിലും വരുന്നവര്‍ എന്റെ വീടിന്റെ പരിസരത്ത് ആദ്യം വന്ന ശേഷം മുകളില്‍ പറഞ്ഞ വഴിയിലൂടെ വെച്ചു പിടിക്കുക-ഇത് വായിച്ചിറ്റ്.

മെനു കണ്ടപ്പോള്‍ ഞെട്ടി. സ്റ്റാര്‍ട്ടേര്‍സില്‍ തന്നെ വീണതല്ലോ കിടക്കുന്നു സാമ്പാര്‍ വട, മീന്‍‌പുട്ട് (ങേ?), മട്ടണ്‍ കൊത്തു പൊറോട്ട, മുട്ടകൊത്ത് പൊറോട്ട, ഉരുളക്കിഴങ്ങു ബോണ്ട, ഞണ്ടുരസം ഇത്യാദി.
ബാംഗ്ലൂര്‍ ആയിരുന്നപ്പോള്‍ ഞാനൊരു കൊത്തുപൊറോട്ട ആരാധകന്‍ ആയിരുന്നു.
മഡിവാലയില്‍ മുത്തശി ഒക്കെയുള്ള ഒരു സ്ട്രീറ്റ് ഉണ്ടല്ലോ..അവിടെ ആ ഓട കഴിഞ്ഞ് ഒരു ചെറിയ വൃത്തികെട്ട തമിഴ് കടയുണ്ടായിരുന്നു. ഇഡ്ഡലിയായിരുന്നു അവരുടെ സിഗ്നേച്ചര്‍ പീസ്. ഹോസ്റ്റലിലായിരുന്നപ്പോള്‍ ഇഡ്ഡലിക്കകത്തു നിന്നും ഈച്ചയെ കിട്ടിയതിനെ തുടര്‍ന്ന് എനിക്ക് ഇഡ്ഡലി കഴിക്കാന്‍ ഒരു വൈക്ലബ്യം ഉണ്ടായിരുന്നത് കൊണ്ട്, കൊത്തുപൊറോട്ട ട്രൈ ചെയ്യുകയായിരുന്നു.
നല്ല രസികന്‍ സാധനം!
പിന്നെ വാരാന്ത്യങ്ങളില്‍ ബിയറടിക്കുമ്പോള്‍ നല്ല മുളകിട്ട് മൂപ്പിച്ച കൊത്തു പൊറോട്ട റ്റേക്ക് അവേ പതിവായി.
അവിടം വിട്ടതില്‍ പിന്നെ ഇപ്പോഴാ മൂപ്പരെ കാണുന്നത്.

മുട്ട/മട്ടണ്‍ കൊത്തു പൊറോട്ടകള്‍ മുന്‍പില്‍ നിരന്നു. കണ്ടപ്പോഴേ എന്തോ പിശക്. അങ്ങോട്ട് മൂത്തിട്ടില്ല. മുട്ടയേക്കാള്‍ മട്ടന്‍ ഭേദം.
സാമ്പാര്‍ വടയില്‍ സാമ്പാര്‍ അയഞ്ഞു പോയി.
ഉഴുന്നുവടക്ക് നേരിയ കയ്പ്.
മീന്‍ പുട്ട് ദുരന്തമായി. മീന്‍‌പീരയുടെ കൂടെ തേങ്ങാ ചിരകിയിടുന്നതാണ് സാധനം എന്നറിയില്ലായിരുന്നു.
ഉള്ളത് പറയണമല്ലോ ഉരുളക്കിഴങ്ങ് ബോണ്ട നല്ലതായിരുന്നു.

കന്യാകുമാരിയില്‍ നിന്നും രവി എന്ന വ്യക്തി പാര്‍ട്ട് ടൈം ബേസിസില്‍ തുടങ്ങിയ സം‌രംഭം ആണ് ഇത്. കേരളഫുഡും കിട്ടുമെന്നേയുള്ളൂ. അതുകൊണ്ടാണല്ലോ മെയിന്‍ കോഴ്സിനു മലബാര്‍ മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അം‌ബൂര്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു കൂടേ എന്ന് അദ്ദേഹം ചോദിച്ചത്!
മലബാര്‍ മട്ടന്‍ ബിരിയാണി, നെയ്ചോര്‍, ഫിഷ് മോളി, കാലിക്കട്ട് ചിക്കണ്‍, അവിയല്‍, കായ്‌കറി കുറുമ , മലബാര്‍ പൊറോട്ട എന്നിവ നിരന്നു.
വിഭവമേതായാലും ചോറെല്ലാം ഒന്നു തന്നെ എന്നു മനസ്സിലായി. നെയ്‌ചോറും ബിരിയാണി ചോറും എല്ലാം ഒരേ റ്റേസ്റ്റ്. പക്ഷേ അത്ര കുഴപ്പമില്ലാരുന്നു. മലബാര്‍ ബിരിയാണി എന്നൊക്കെ ചേട്ടന്‍ ഒരു ധൈര്യത്തിന് പേരിട്ടതാണെങ്കിലും. പോട്ടെ, പേരെങ്കിലും ഉണ്ടല്ലോ.
ഫിഷ് മോളി ഫ്ലോപ്പ് എന്നു കേട്ടു. കാലിക്കട്ട് ചിക്കന്‍ പാസ്സ് മാര്‍ക്ക് – ജസ്റ്റ്. അവിയല്‍ റ്റോറ്റല്‍ ഡി‌സാസ്റ്റര്‍. അത് അവിയലല്ല അല്ല അല്ല അല്ല. കുറുമ ഞാന്‍ കൂട്ടിയില്ല. പൊറോട്ട സൂപ്പര്‍ ആയിരുന്നു. സോഫ്റ്റ് ആന്റ് ഫ്ലഫി. ജസ്റ്റ് ലൈക്ക് നാടന്‍.
എന്നാലും ബിരിയാണി കഴിക്കുകയാണ് ഭേദം. അറുപത് റാന്‍ഡ്. ഒരു മസാലദോശക്ക് അന്‍‌പത്! ഒരു പൊറോട്ടക്ക് പതിനഞ്ച്. മൊതലാവൂല.
ഡിസ്സേര്‍ട്ടിനു പഞ്ചാമൃതവും ഗുലാബ് ജാമുനു. പഴനിയിലോ മധുരയിലോ മറ്റോ നല്‍കുന്ന പഞ്ചാമൃതത്തിന്റെ രുചി വായിലിള്ളത് കൊണ്ട് പറഞ്ഞതാണ് – കൂടാതെ തമിഴ് ഡിസ്സേര്‍‌ട്ടല്ലേ..മോശമാവില്ല എന്ന് കരുതി. പഴവും പഞ്ചസാരയും മിക്സിയിലിട്ടടിച്ചാല്‍ പഞ്ചാമൃതമാകുമോ? അലപം ഉണക്കമുന്തിരിയെങ്കിലും ഇടാമായിരുന്നു. കുറ്റം പറയരുതല്ലോ, ഞാന്‍ റ്റേസ്റ്റ് നോക്കി വേണ്ടാ എന്ന് വെച്ചത് അച്ചു തിന്നു. പക്ഷേ ഗുലാബ് ജാമുന്‍ നന്നായി. നാട്ടിലേതുമായൊന്നും കം‌പയര്‍ ചെയ്യല്ലേ. ഇവിടുത്തെ ഒരു സെറ്റപ്പ് വെച്ച്.

സ്ഥലത്ത് മൊത്തം മലയാളികളായിരുന്നു. അങ്ങനെ ആരോടും മിണ്ടിയില്ല, കണ്ടാല്‍ അറിയാം. ഇങ്ങോട്ട് നോക്കുന്നത് കണ്ട് തിരിച്ച് നോക്കുമ്പോള്‍ ഐ കോണ്ടാക്റ്റ് തരാതെ പെട്ടെന്ന് മുഖം തിരിക്കുന്നത് മലയാളീകളല്ലേ? അങ്ങനെ ഊഹിച്ചതാ.
റ്റേസ്റ്റ് അത്രക്കൊന്നുമില്ലെങ്കിലും വിലക്കൊരു കുറവുമില്ല. ഞാനിനി അങ്ങോട്ടില്ല.
കൂടാതെ ബീഫ് എന്നു പറയുന്നതുമില്ല. ബീഫ് ഇല്ലാതെ എന്ത് കേരള ഫുഡ്! (ഞാന്‍ ബീഫ് കഴിക്കാറില്ലെങ്കിലും, അതിന്റെ മണമെങ്കിലും പ്രതീക്ഷിച്ചാണ് പോയത്! ഏയ് രാമസേനയെ പേടിച്ചൊന്നുമല്ലട്ടോ ബീഫ് നിര്‍ത്തിയത്)
വീട്ടില്‍ സാദാ ദോശയുണ്ടാക്കി നടുക്ക് അല്പം മസാല വെച്ച് കഴിച്ചോളാം. സാദാ പൊറോട്ട നെ‌ള്‍സ്പ്രീറ്റില്‍ നിന്ന് പാക്കറ്റിന് പതിനഞ്ച് റാന്‍ഡിനു വാങ്ങി കടിച്ച് മുറിച്ച് കൊത്തു പൊറോട്ട ആക്കി തിന്നാം. വീട്ടില്‍ റൈസ് കുക്ക് ചെയ്തിട്ട് മലബാര്‍ മട്ടന്‍ ബിരിയാണി എന്ന് ഞാന്‍ പേര് ചൊല്ലി വിളിച്ചോളാം.

പക്ഷേ ഈ സ്ഥലം ട്രൈ ചെയ്യാത്ത മലയാളികള്‍ ഒരു സഹകരണമനോഭാവം വെച്ച് ഒന്നു പോകേണ്ടതാണ്. എല്ലാര്‍ക്കും ഇഷ്ടപ്പെടാതെയിരിക്കണം എന്നില്ല! മാത്രമല്ല അം‌ബൂര്‍ ചിക്കന്‍ ബിരിയാണി ഞാന്‍ ട്രൈ ചെയ്തുമില്ല. യേത്?

ഫുള്‍ മെനു
Advertisements