അപചയം

ഓഗസ്റ്റ് 14, 2009

sgമലയാളം സിനിമക്ക് സംഭവിച്ച അപചയം എന്താണെന്നല്ലേ?
എനിക്ക് തോന്നുന്നത് ഇതാണെന്നാണ്.

കഴിഞ്ഞ ആഴ്ച മലയാളത്തിലെ ശരീരിക സൊഉന്ദര്യത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായ സുരേശ് ഗോവി അഭിനയിച്ച റ്റൈം എന്ന പടം കണ്ടു പോയി.
ഇത്രയും അസഹ്യമായ ഒരു പടം എങ്ങനെ കണ്ടു തീര്‍ത്തു എന്ന് എനിക്കു തന്നെ അറിയില്ല.
സുരേഷ് ഗോവിയുടെ ഓരോ ഭാവാഭിനയ മുഹൂര്‍ത്തങ്ങളും ഡയലോഗുകളും നല്ല തൊഴി അര്‍‌ഹ്ഹിക്കുന്ന റ്റൈപ്പ് ആയിരുന്നു.
ഡയലോഗൊക്കെ കാച്ചുന്നത് കേട്ടാല്‍ തലയില്‍ ഒരു കിരീടവും, കവച കുഢലങ്ങളും, കൈയ്യില്‍ കാര്‍‌ബോര്‍ഡിന്റെ ഉടവാളും ഉണ്ടോയെന്ന് തോന്നും..അത്രക്ക് കേമം.
ഗോവിയണ്ണന്‍ ഈ പോക്ക് പോവാണെങ്കില്‍ പുരാണ ബാലേ ട്രൂപ്പ്‌കാര്‍ക്ക് ഒരു വാഗ്ദാനമാണ്.

അതില്‍ ഒരു സീനുണ്ട്.
സുരേശ് ഗോവിയണ്ണന്‍ ആപ്പീസറായി ഇരിക്കുന്ന സ്ഥലത്തേക്ക് ചോറ്റുംപാത്രോം പിടിച്ചോണ്ട് കയറി വരുന്നു.
അപ്പോള്‍ ഒരു കീഴുദ്യോഗസ്ഥ, സാറേ ഇന്ന് ഞാന്‍ നേരത്തെ വന്നു, ഇന്നലെ താമസിച്ച് വന്നപ്പോള്‍ സാറ് ചീത്ത പറഞ്ഞു, ഇന്നു സമയത്തിനു വന്നപ്പോള്‍ ഒന്നഭിനന്ദിക്കേണ്ടെ എന്ന് ചോദിക്കുന്നു.
അപ്പോള്‍ സുരേശ് ഗോവി തിരിഞ്ഞു നിന്ന് ഇന്നലെ താമസിച്ച് വന്നപ്പോള്‍ നീ ബസ്സിനെ പഴി പറഞ്ഞു, അപ്പോള്‍ ഇന്ന് സമയത്തിന് വന്നതിന്റെ ക്രെഡിറ്റും ബസ്സിനാണ് എന്നു പറയുന്നു.

നല്ല ഒരു ഡയലോഗ് ആണ്, കൊയപ്പമില്ല.

ആദ്യം, ഈ സീന്‍ പണ്ട് നല്ല മലയാള പടമെടുത്ത വല്ലവരും എടുക്കുകയാണെങ്കില്‍ എങ്ങനെ ഇരിക്കുമെന്ന് നോക്കാം.

ഒന്നാമതേ ഈ ഡയലോഗ് ഓഫീസിലെ മാനേജര്‍ വേഷം അഭിനയിക്കുന്ന ഏതെങ്കിലും സഹനടന്‍‌മാര്‍ക്ക് ഉള്ളതാണ്. നായകന്റെ എന്‍‌ട്രിയുമായി ഒരു ബന്ധവുമില്ലായിരിക്കും.

ഉദ്യോഗസ്ഥ വന്ന് ഒപ്പിടുമ്പോള്‍ മാനേജറോട് ഈ ഡയലോഗ് ഉറക്കെ: “സാറേ ദേ ഇന്നു ഞാന്‍ നേരത്തെ വന്നു കേട്ടോ..ഇന്നലെ താമസിച്ച് വന്നതിന് ചീത്ത പറഞ്ഞ സ്ഥിതിക്ക് ഇന്ന് ഒന്നു അഭിനന്ദിച്ചേക്ക് സാറേ.”
മാനേജര്‍ തല ഉയര്‍ത്തി: “ഓഹോ..ഇന്നലെ താമസിച്ച് വന്നപ്പോള്‍ കുറ്റം ബസ്സിനല്ലാരുന്നോ, ഇന്നത്തെ ക്രെഡിറ്റും സമയത്തിന് വന്ന ബസ്സിന് തന്നെ അങ്ങിരിക്കട്ടെ കേട്ടോ.”
ഇതു കേട്ട് ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാവരും തല ഉയര്‍ത്തി ചിരിക്കുന്നു.
ഉദ്യോഗസ്ഥയും ചിരിച്ചു കൊണ്ട് സീറ്റിലേക്ക്.
കഴിഞ്ഞു. മ്യൂസിക് ഒന്നും ഇല്ല.

ഇനി റ്റൈം പോലെ ഉള്ള ഒരു അതി ഭീകര പടത്തില്‍ എങ്ങനെയെന്ന് നോക്കാം.

ആദ്യം സുരേഷ് ഗോപി ഇങ്ങനെ കയറി വരുകയാണ്. കാലുകള്‍ മാത്രം കാണാം.
പിന്നെ ക്ലോക്കിന്റെ ഒരു ക്ലോസപ്പ്. ബാക്ക് ഗ്രൊഉണ്ടില്‍ കുഷ്ക്..കുഷ്ക് എന്ന മ്യൂസിക്.
ക്യാമറ ഇങ്ങനെ മുന്നോട്ടും പിന്നോട്ടും, തുടലില്‍ കിടന്നു ചാടുന്ന പട്ടിയുടെ നോട്ടം പോലെ ക്ലോക്കിന്റെ ക്ലോസപ്പ്, ലോംഗ് ഷോട്ട്..രണ്ടു മൂന്ന് തവണ.

ആകെ ടെന്‍‌ഷന്‍ അടിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥ…
സുരേഷ് ഗോപിയെ കാണുമ്പോള്‍ ഇറങ്ങി വന്ന് ഡയലോഗ് പറയാന്‍ നടവഴിയുടെ സൈഡില്‍ നില്പുറപ്പിക്കുന്നു. ആഹഹ.

ഉദ്യേഗസ്ഥയുടെ മുഖത്തിന്റെ ക്ലോസപ്പ്: സാര്‍…
സുരേഷ് ഗോപിയുടെ തലയുടെ പിന്‍‌വശം.
സുരേഷ് ഗോപി നില്‍ക്കുന്നു. നാടകീയ മായി തിരിയുന്നു..വൂഷ് വൂഷ്ക്…..എന്ന ശബ്ദം..ഒരു തല തിരിക്കുമ്പോഴേ!
എന്താ? ഒരു മാതിരി ബാലേ സ്റ്റൈല്‍ പുരികമൊക്കയുയര്‍ത്തി സുരേഷ് ഗോപി.
ഉദ്യേഗസ്ഥ ഡയലോഗ് പറയുന്നു.
പറഞ്ഞു കഴിയുമ്പോള്‍ സുരേഷ് ഗോപിയുടെ മുഖം ക്ലോസപ്പ്. ഒരു അവിഞ്ഞ മന്ദഹാസത്തിന്റെ.
പിന്നെ കൈയ്യുടെ ക്ലോസപ്പ്…വിരലില്‍ ഞൊട്ട വിടുന്നു. ബാക്ക് ഗ്രൊഉണ്ടില്‍ ഭയങ്കര ആന്‍‌റ്റിസിപ്പേറ്ററി മ്യൂസിക്. ഓരോ ഞൊട്ടക്കും ഡിഷ്ക് ഡിഷ്ക്..ക്രിക്ക് എന്നൊക്കെയുള്ള ശബ്ദം.
മനസ്സിലായില്ലേ? വലിയ വാളും കുന്തവും ഒക്കെയെടുത്ത് യുദ്ധം ചെയുമ്പോള്‍ കേള്‍പ്പികുന്ന ശബ്ദം.
എന്നിട്ട് സുരേഷ് ഗോപിയുടെ ഡയലോഗ്: ഇന്നലെ താന്‍ താമസിച്ചു വന്നപ്പോള്‍ കുറ്റം സമയത്തിനു ഓടാത്ത ബസ്സിനായിരുന്നില്ലേ?

ഠെങ്ങ്..ഠെങ്ങ്….ഡിഷ്ക് ഡിഷ്ക്…ഉദ്യോഗസ്ഥയുടെ പരുങ്ങുന്ന മുഖത്തിന്റെ ക്ലോസപ്പ്..സുരേഷ് ഗോപിയുടെ മുഖത്തിന്റെ ചിരിക്കുന്ന ക്ലോസപ്പ്. ഡയലോഗിന്റെ പകുതി പറഞ്ഞപ്പോഴത്തെ ഇഫക്റ്റ് കാണിക്കുകയാണേ.

…അപ്പോള്‍ ഇന്ന് സമയത്തിന് വന്നപ്പോള്‍ ആ ക്രെഡിറ്റും സമയത്തിനോടിയ ബസ്സിനു തന്നെയല്ലേ വേണ്ടത്?
ബാക്ക് ഗ്രൊഉണ്ടില്‍ ഭയങ്കര വിക്റ്ററി മ്യൂസിക്. ക്ലോക്കിന്റെ വ്യൂ..പഴയ പട്ടി ചാടുന്ന സ്റ്റൈലില്‍. ഡിഷ്ക് ഡിഷ്ക് എന്ന മ്യൂസിക് ഉച്ചസ്ഥായിയില്‍.
ചമ്മി വിയര്‍ത്തു ഇപ്പൊള്‍ താഴെ വീഴും എന്ന നിലയില്‍ ഉദ്യോഗസ്ഥ!

വിജയ ശ്രീലാളിതനായി സുരേശ് ഗോവി തിരിയുന്നു..അത് പിന്നില്‍ നിന്ന്.
പിന്നെ നടക്കുന്ന ഷോട്ട് മുന്നില്‍ നിന്ന്. എന്നിട്ട് നടപ്പ് സ്ലോ മോഷന്‍.
പിന്നണിയില്‍ കൊട്ടും ബഹളവും പെരുമ്പറയും ആനയും അമ്പാരിയും ഒലക്കേടെ മൂടും!

എങ്ങനെ നേരെയാകും!

Picture courtesy : http://www.Indulekha.com


കേരളഹോട്ടല്‍@ആഫ്രിക്ക

ജൂലൈ 10, 2009

Joburg2ആഫ്രിക്കയിലാണെങ്കിലും ജോബര്‍ഗ്ഗിനു എന്താണൊരു കുറവ്?

ലോകത്തിലെ ഏറ്റവും വലിയ ഫെരാരി ഷോ റൂം എവിടാ?
ലോകത്തിലെ ഒരത്ഭുതമായ ‘forests of Joburg’ എവിടാ?
ലോകത്തില്‍ എക്സ്‌പാറ്റ്സിനു താമസിക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞ സിറ്റി ഏതാ?
സതേണ്‍ ഹെമിസ്ഫിയറിലെ ഏറ്റവും തിരക്കുകൂടിയ ഹൈവേ എവിടാ?
മലയാള ബ്ലോഗിന്റെ പൊന്നോമനപുത്രന്‍ അരവിന്ദിന്റെ വാസസ്ഥലം ഏതാ?

എല്ലാം ജോബര്‍ഗ്ഗാ.

എന്നാലും ഒരു കുറവുണ്ടായിരുന്നു.
ഒരു കേരളാ റെസ്റ്റോറന്റിന്റെ.

ഉള്ള ഇന്ത്യന്‍ റെസ്റ്റോറന്റുകളെല്ലാം വടക്കന്‍. നാനും റൂമാലിയും പനീറും മുര്‍ഗ്ഗ് കടായിയും വെജിറ്റബിള്‍ ലാബ്രഡോറും(ലവാബ്‌ദാര്‍ എന്നും പറയും).
എന്നാല്‍ വടക്കേന്ത്യയില്‍ കിട്ടുന്ന റ്റേസ്റ്റ് ഉണ്ടോ അതും ഇല്ല.

പാവം മലയാളികള്‍!

രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ളവര്‍ അവിടെ സുഭിക്ഷമായി കിട്ടുന്ന കപ്പ, ഇടിച്ചക്ക, ചക്ക, മീന്‍ (ഫ്രെഷ്) മുതലായ ഫലമൂലമാംസ്യാദികള്‍ കൊണ്ട് രുചികരമായ ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്തു കേരളതനിമ പിന്‍‌തുടര്‍ന്നപ്പോള്‍ ഇങ്ങു നഗരത്തിലുള്ളവര്‍ ബ്രെഡ്ഡും ബട്ടറും പോത്തിനെ വെട്ടിഅരിഞ്ഞതും കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
പിന്നെ വല്ലപ്പോഴും ബോട്ട്‌സ്‌വാനയില്‍ നിന്നും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്ത ടിന്നിലടച്ച കപ്പ, ഇറക്കുമതി ചെയ്ത് കഴിക്കുകയായിരുന്നു ആശ്വാസമേകിയിരുന്നത്.

അതിനൊരു മാറ്റം വന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് ഗ്രീന്‍‌വേയില്‍ പുതുതായി തുറന്നു പ്രവര്‍ത്തനമാരംഭിച്ച സ്പൈസ്‌ബര്‍ഗ്ഗ് എന്ന സതേണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് കുഞ്ഞു കുട്ടി പരാധീനമടക്കം ചെന്നത്.

ഒരു സ്വകാര്യം : ജോബര്‍ഗ്ഗിലുള്ള മലയാളികളേ, എം1 സൊഉത്ത് എടുത്ത് വരുമ്പൊള്‍ ഗ്ലെന്‍‌ഹോവ് കയറി റൈറ്റ്. പിന്നെ നേരെ, ഗ്ലെന്‍‌ഹോഹ് ബോള്‍ട്ടന്‍ ആകും, ബോള്‍ട്ടന്‍ ചെസ്റ്ററാകും, ചെസ്റ്റര്‍ ഡെറി ആകും, ഡെറി ഗ്ലെന്‍ ഈഗിള്‍ ആകും. നേരെ നേരെ നേരെ. കുറേ കൂടി പോയാല്‍ ഇടത് ഗ്രീന്‍ വേ കാണാം, നേരെ നോക്കിയാല്‍ മുന്നില്‍ സ്പൈസ് ബര്‍ഗ്ഗും. വേറെ എവിടെ നിന്നെങ്കിലും വരുന്നവര്‍ എന്റെ വീടിന്റെ പരിസരത്ത് ആദ്യം വന്ന ശേഷം മുകളില്‍ പറഞ്ഞ വഴിയിലൂടെ വെച്ചു പിടിക്കുക-ഇത് വായിച്ചിറ്റ്.

മെനു കണ്ടപ്പോള്‍ ഞെട്ടി. സ്റ്റാര്‍ട്ടേര്‍സില്‍ തന്നെ വീണതല്ലോ കിടക്കുന്നു സാമ്പാര്‍ വട, മീന്‍‌പുട്ട് (ങേ?), മട്ടണ്‍ കൊത്തു പൊറോട്ട, മുട്ടകൊത്ത് പൊറോട്ട, ഉരുളക്കിഴങ്ങു ബോണ്ട, ഞണ്ടുരസം ഇത്യാദി.
ബാംഗ്ലൂര്‍ ആയിരുന്നപ്പോള്‍ ഞാനൊരു കൊത്തുപൊറോട്ട ആരാധകന്‍ ആയിരുന്നു.
മഡിവാലയില്‍ മുത്തശി ഒക്കെയുള്ള ഒരു സ്ട്രീറ്റ് ഉണ്ടല്ലോ..അവിടെ ആ ഓട കഴിഞ്ഞ് ഒരു ചെറിയ വൃത്തികെട്ട തമിഴ് കടയുണ്ടായിരുന്നു. ഇഡ്ഡലിയായിരുന്നു അവരുടെ സിഗ്നേച്ചര്‍ പീസ്. ഹോസ്റ്റലിലായിരുന്നപ്പോള്‍ ഇഡ്ഡലിക്കകത്തു നിന്നും ഈച്ചയെ കിട്ടിയതിനെ തുടര്‍ന്ന് എനിക്ക് ഇഡ്ഡലി കഴിക്കാന്‍ ഒരു വൈക്ലബ്യം ഉണ്ടായിരുന്നത് കൊണ്ട്, കൊത്തുപൊറോട്ട ട്രൈ ചെയ്യുകയായിരുന്നു.
നല്ല രസികന്‍ സാധനം!
പിന്നെ വാരാന്ത്യങ്ങളില്‍ ബിയറടിക്കുമ്പോള്‍ നല്ല മുളകിട്ട് മൂപ്പിച്ച കൊത്തു പൊറോട്ട റ്റേക്ക് അവേ പതിവായി.
അവിടം വിട്ടതില്‍ പിന്നെ ഇപ്പോഴാ മൂപ്പരെ കാണുന്നത്.

മുട്ട/മട്ടണ്‍ കൊത്തു പൊറോട്ടകള്‍ മുന്‍പില്‍ നിരന്നു. കണ്ടപ്പോഴേ എന്തോ പിശക്. അങ്ങോട്ട് മൂത്തിട്ടില്ല. മുട്ടയേക്കാള്‍ മട്ടന്‍ ഭേദം.
സാമ്പാര്‍ വടയില്‍ സാമ്പാര്‍ അയഞ്ഞു പോയി.
ഉഴുന്നുവടക്ക് നേരിയ കയ്പ്.
മീന്‍ പുട്ട് ദുരന്തമായി. മീന്‍‌പീരയുടെ കൂടെ തേങ്ങാ ചിരകിയിടുന്നതാണ് സാധനം എന്നറിയില്ലായിരുന്നു.
ഉള്ളത് പറയണമല്ലോ ഉരുളക്കിഴങ്ങ് ബോണ്ട നല്ലതായിരുന്നു.

കന്യാകുമാരിയില്‍ നിന്നും രവി എന്ന വ്യക്തി പാര്‍ട്ട് ടൈം ബേസിസില്‍ തുടങ്ങിയ സം‌രംഭം ആണ് ഇത്. കേരളഫുഡും കിട്ടുമെന്നേയുള്ളൂ. അതുകൊണ്ടാണല്ലോ മെയിന്‍ കോഴ്സിനു മലബാര്‍ മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അം‌ബൂര്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു കൂടേ എന്ന് അദ്ദേഹം ചോദിച്ചത്!
മലബാര്‍ മട്ടന്‍ ബിരിയാണി, നെയ്ചോര്‍, ഫിഷ് മോളി, കാലിക്കട്ട് ചിക്കണ്‍, അവിയല്‍, കായ്‌കറി കുറുമ , മലബാര്‍ പൊറോട്ട എന്നിവ നിരന്നു.
വിഭവമേതായാലും ചോറെല്ലാം ഒന്നു തന്നെ എന്നു മനസ്സിലായി. നെയ്‌ചോറും ബിരിയാണി ചോറും എല്ലാം ഒരേ റ്റേസ്റ്റ്. പക്ഷേ അത്ര കുഴപ്പമില്ലാരുന്നു. മലബാര്‍ ബിരിയാണി എന്നൊക്കെ ചേട്ടന്‍ ഒരു ധൈര്യത്തിന് പേരിട്ടതാണെങ്കിലും. പോട്ടെ, പേരെങ്കിലും ഉണ്ടല്ലോ.
ഫിഷ് മോളി ഫ്ലോപ്പ് എന്നു കേട്ടു. കാലിക്കട്ട് ചിക്കന്‍ പാസ്സ് മാര്‍ക്ക് – ജസ്റ്റ്. അവിയല്‍ റ്റോറ്റല്‍ ഡി‌സാസ്റ്റര്‍. അത് അവിയലല്ല അല്ല അല്ല അല്ല. കുറുമ ഞാന്‍ കൂട്ടിയില്ല. പൊറോട്ട സൂപ്പര്‍ ആയിരുന്നു. സോഫ്റ്റ് ആന്റ് ഫ്ലഫി. ജസ്റ്റ് ലൈക്ക് നാടന്‍.
എന്നാലും ബിരിയാണി കഴിക്കുകയാണ് ഭേദം. അറുപത് റാന്‍ഡ്. ഒരു മസാലദോശക്ക് അന്‍‌പത്! ഒരു പൊറോട്ടക്ക് പതിനഞ്ച്. മൊതലാവൂല.
ഡിസ്സേര്‍ട്ടിനു പഞ്ചാമൃതവും ഗുലാബ് ജാമുനു. പഴനിയിലോ മധുരയിലോ മറ്റോ നല്‍കുന്ന പഞ്ചാമൃതത്തിന്റെ രുചി വായിലിള്ളത് കൊണ്ട് പറഞ്ഞതാണ് – കൂടാതെ തമിഴ് ഡിസ്സേര്‍‌ട്ടല്ലേ..മോശമാവില്ല എന്ന് കരുതി. പഴവും പഞ്ചസാരയും മിക്സിയിലിട്ടടിച്ചാല്‍ പഞ്ചാമൃതമാകുമോ? അലപം ഉണക്കമുന്തിരിയെങ്കിലും ഇടാമായിരുന്നു. കുറ്റം പറയരുതല്ലോ, ഞാന്‍ റ്റേസ്റ്റ് നോക്കി വേണ്ടാ എന്ന് വെച്ചത് അച്ചു തിന്നു. പക്ഷേ ഗുലാബ് ജാമുന്‍ നന്നായി. നാട്ടിലേതുമായൊന്നും കം‌പയര്‍ ചെയ്യല്ലേ. ഇവിടുത്തെ ഒരു സെറ്റപ്പ് വെച്ച്.

സ്ഥലത്ത് മൊത്തം മലയാളികളായിരുന്നു. അങ്ങനെ ആരോടും മിണ്ടിയില്ല, കണ്ടാല്‍ അറിയാം. ഇങ്ങോട്ട് നോക്കുന്നത് കണ്ട് തിരിച്ച് നോക്കുമ്പോള്‍ ഐ കോണ്ടാക്റ്റ് തരാതെ പെട്ടെന്ന് മുഖം തിരിക്കുന്നത് മലയാളീകളല്ലേ? അങ്ങനെ ഊഹിച്ചതാ.
റ്റേസ്റ്റ് അത്രക്കൊന്നുമില്ലെങ്കിലും വിലക്കൊരു കുറവുമില്ല. ഞാനിനി അങ്ങോട്ടില്ല.
കൂടാതെ ബീഫ് എന്നു പറയുന്നതുമില്ല. ബീഫ് ഇല്ലാതെ എന്ത് കേരള ഫുഡ്! (ഞാന്‍ ബീഫ് കഴിക്കാറില്ലെങ്കിലും, അതിന്റെ മണമെങ്കിലും പ്രതീക്ഷിച്ചാണ് പോയത്! ഏയ് രാമസേനയെ പേടിച്ചൊന്നുമല്ലട്ടോ ബീഫ് നിര്‍ത്തിയത്)
വീട്ടില്‍ സാദാ ദോശയുണ്ടാക്കി നടുക്ക് അല്പം മസാല വെച്ച് കഴിച്ചോളാം. സാദാ പൊറോട്ട നെ‌ള്‍സ്പ്രീറ്റില്‍ നിന്ന് പാക്കറ്റിന് പതിനഞ്ച് റാന്‍ഡിനു വാങ്ങി കടിച്ച് മുറിച്ച് കൊത്തു പൊറോട്ട ആക്കി തിന്നാം. വീട്ടില്‍ റൈസ് കുക്ക് ചെയ്തിട്ട് മലബാര്‍ മട്ടന്‍ ബിരിയാണി എന്ന് ഞാന്‍ പേര് ചൊല്ലി വിളിച്ചോളാം.

പക്ഷേ ഈ സ്ഥലം ട്രൈ ചെയ്യാത്ത മലയാളികള്‍ ഒരു സഹകരണമനോഭാവം വെച്ച് ഒന്നു പോകേണ്ടതാണ്. എല്ലാര്‍ക്കും ഇഷ്ടപ്പെടാതെയിരിക്കണം എന്നില്ല! മാത്രമല്ല അം‌ബൂര്‍ ചിക്കന്‍ ബിരിയാണി ഞാന്‍ ട്രൈ ചെയ്തുമില്ല. യേത്?

ഫുള്‍ മെനു

മൈക്രോസോഫ്റ്റിന് ഒരുപദേശം

ജൂലൈ 6, 2009

imagesമൈക്രോസോഫ്റ്റ് എത്ര നാളായി ഗൂഗിളിനെ ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ തോല്പ്പിക്കാന്‍ നോക്കുന്നു!

ആദ്യം ലൈവ് കൊണ്ടു വന്നു, പിന്നെ യാഹുവിനെ വാങ്ങിക്കാന്‍ നടന്നു, പിന്നെ ബിംഗ് കൊണ്ടു വന്നു.
എവിടെ ജയിക്കാന്‍!
ഗൂഗിള്‍ അജയ്യമായി അങ്ങനെ നിലകൊള്ളുന്നു.

പുതിയ അവതാരമായ ബിംഗും കണക്കന്നെ. സേര്‍ച്ചിനൊന്നും ഒരു ഗുമ്മില്ല.
അല്‍ഗ്ഗോരിതത്തിന്റെ ഹ്യൂറിസ്റ്റിക്സ് ശരിയല്ലെന്ന് തോന്നുന്നു (എന്റമ്മേ! എന്റെ ധൈര്യം) ! വരുന്ന റിസള്‍ട്ടിനൊന്നും ഒരു റെലെവന്‍സ് ഇല്ല.
പ്രത്യേകിച്ച് അറിയാന്‍ വയ്യാത്ത വേര്‍ഡുകളോ റ്റോപ്പിക്കുകളോ തപ്പുമ്പോള്‍.
ബിംഗും എട്ടു നിലയില്‍ പൊട്ടും എന്നതിന് എനിക്ക് സംശയമൊന്നുമില്ല.

വെറുതേ എന്തിനാണ് ഈ മൈക്രോസോഫ്റ്റ് ഗൂഗിളിനെ സേര്‍ച്ചില്‍ പൊട്ടിക്കാന്‍ നടക്കുന്നത്?
ശക്തനായ എതിരാളിയുടെ ശക്തി ഉപയോഗിച്ച് കിട്ടാവുന്ന ഗുണം നേടിയെടുക്കുകയല്ലേ വേണ്ടത്?
ഏതായാലും ഇന്റര്‍നെറ്റിന് രണ്ട് അതിഭയങ്കര സേര്‍ച്ച് സൈറ്റുകളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
യാഹു വന്നപ്പോള്‍ അല്‍റ്റാവിസ്റ്റ പൊട്ടി, ഗൂഗില്‍ വന്നപ്പോള്‍ യാഹു പൊട്ടി, ബിംഗ് വരുമ്പോള്‍?
ബിംഗ് പൊട്ടും.

ഇനി പറയാന്‍ പോകുന്നത് ഇന്നു രാവിലെ ബാത്ത്‌റൂമില്‍ കുത്തിയിരുന്ന് മൊബൈലില്‍ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ (ഉം, ഞാന്‍ ലേറ്റസ്റ്റ് റ്റെക്നോളജിയാ)
ബിംഗിനെ കുറിച്ചു വന്ന ‘ബിംഗ് ഏറ്റില്ല’ റ്റൈപ്പ് വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ഐഡിയ ആണ്.

സേര്‍ച്ച് എഞ്ചിന്‍ സേര്‍ച്ച് എഞ്ചിന്‍ എന്നു പറഞ്ഞ് ഉള്ള പൈസ വേസ്റ്റാക്കാതെ മൈക്രോസോഫ്റ്റിന് എങ്ങനെ ഗൂഗിളിനെ തോല്‍‌പിക്കാം..
അല്ലെങ്കില്‍ അറ്റ്‌ലീസ്റ്റ് വേറൊരു ഇന്റര്‍നെറ്റ് ഭീമന്‍ ആകാം?

സിം‌പിള്‍.

വിക്കിപീഡിയ കണ്ടിട്ടില്ലേ? ഗൂഗിളിലെ ഒരു മാതിരി പെട്ട സര്‍ച്ചിനൊക്കെ വിക്കിപീഡിയ ലിങ്കാണ് ആദ്യ മൂന്നില്‍.
ആ ലൈന്‍ പിടിച്ച് പോയാല്‍ മതി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ഒരു സാധനമുണ്ട്. വിക്കിപീഡിയയുടെ അപ്പന്‍. ക്വോട്ട് ചെയ്താല്‍ നല്ല വിലയുള്ളത്.
പക്ഷേ നഷ്ടത്തില്‍ പോകുന്ന കമ്പനി. പണ്ടത്തെ പേപ്പര്‍ ഗൂഗിള്‍. എന്‍‌കാര്‍ട്ട എന്ന സ്വന്തം എന്‍‌സൈക്ലോപീഡിയ ഉപയോഗിക്കുന്നതിന് പകരം, നല്ല വില കൊടുത്താണെങ്കിലും മൈകൊരോസോഫ്റ്റ് ബ്രിട്ടാനിക്ക ബ്രാന്റും അതിന്റെ കണ്ടന്റും വാങ്ങിക്കുകയാണ് വേണ്ടത്.
എന്നിട്ട് അത് ഓണ്‍ലൈനില്‍ ഫ്രീ ആയിട്ട് വയ്കുക. അതെ ഫ്രീ!!!
എന്നിട്ട് അനുബന്ധമായി ഒരു സേര്‍ച്ച്.
ബ്രിട്ടാനിക്കയില്‍ പോയി തിരയേണ്ടവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് ഉപയോഗിക്കാം. അല്ലാത്തവര്‍ ഗൂഗിളില്‍ തിരയട്ടെ.

ഗൂഗിള്‍ പോക്രിത്തരം കാട്ടിയില്ലെങ്കില്‍ ഒരു മാതിരിപെട്ട എല്ലാ സേര്‍ച്ചിനും ബ്രിട്ടാനിക്കയുടെ ഒരു ലിങ്ക് ഗൂഗിളില്‍ മുകളില്‍ കാണും.
ബ്രിട്ടാനിക്ക എന്നത് മൈക്രോസോഫ്റ്റിന്റേതാണ് എന്നറിയിച്ചാല്‍ നല്ല മാര്‍ക്കെറ്റിംഗും ആയി. ഗൂഗിളിന്റെ ‘ചിലവില്‍’.
ഇനി ഗൂഗിള്‍ മനപ്പൂര്‍‌വ്വം ബ്രിട്ടാനിക്ക ലിങ്ക് കാട്ടാതിരുന്നാല്‍, ആള്‍ക്കാര്‍ ഗൂഗിളിനെ തള്ളി പറയും.
അന്നും ഇന്നും എന്നും ഉപഭോക്താവിന് സ്വന്തം കാര്യമേയുള്ളൂ.
ഒരു റ്റോപിക് തിരയുമ്പോള്‍ ബ്രിട്ടാനിക്ക ലിങ്ക് കാട്ടാത്ത സേര്‍ച്ച് എന്ത് സേര്‍ച്ച്?

നേരെ പോയി ബ്രിട്ടാനിക്കയിലെ മൈക്രോസോഫ്റ്റ് സേര്‍ച്ച് ഉപയോഗിക്കും.

ബ്രിട്ടാനിക്കയെ അപ്‌റ്റുഡേറ്റ് ആയി മൈക്രോസോഫ്റ്റ് സൂക്ഷിച്ചാല്‍ ബ്രിട്ടാനിക്കയുടെ കണ്ടന്റ് കാട്ടിക്കൊടുക്കുന്ന ഒരു ഇന്റര്‍ഫേസ് മാത്രമായി ഗൂഗില്‍ അധപ്പതിക്കും!
സേര്‍ജി ബിന്‍ കരയും, ലാറി പേജ് നെഞ്ചത്തടിക്കും, എറിക് ഷ്മിറ്റ് രാജി വക്കും..ദേ ആലോചിക്കുമ്പോള്‍ തന്നെ എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു.

തീര്‍ച്ചയായും കൊടുക്കേണ്ട വില, വര്‍ഷങ്ങളായി വിജ്ഞാനത്തിന്റെ അവസാന വാക്കായി കരുതപ്പെടുന്ന ബ്രിട്ടാനിക്ക ഫ്രീ ആക്കുക എന്നതാണ്. ആയിരങ്ങള്‍ കൊടുത്ത് അത് വാങ്ങി വെച്ചവര്‍ ഗോപി. അല്ല, സോഷ്യല്‍ സ്റ്റാറ്റസ് ആയി അല്ലാതെ ഈ ബ്രിട്ടാനിക്ക വോള്യംസ് എത്ര പേര് വാങ്ങിച്ചിട്ടുണ്ട്?

മൈക്രോസോഫ്റ്റ് ഇങ്ങനെ ചെയ്യാത്തതെന്താണ് എന്ന് അമേരിക്കയിലുള്ള ഏതെങ്കിലും മലയാളി ബ്ലോഗര്‍ ബില്‍ ഗേറ്റ്സിനോടോ സ്റ്റീവ് ബാള്‍മറിനോടോ ഒന്നു ചോദിച്ച് എന്നോട് ഒന്ന് പറയണേ. ബ്രിട്ടാനിക്ക വില്‍ക്കാന്‍ വയ്കാത്തത് കൊണ്ടാണ് എന്നു മാത്രം പറയരുത് (പണ്ട് മൈക്രോസോഫ്റ്റ് ടി കായെ ഒന്നു വാങ്ങിക്കാന്‍ ശ്രമിച്ചതായും കിട്ടാത്ത ചൊരുക്കില്‍ എന്‍‌കാര്‍ട്ട തുടങ്ങി വിന്‍‌ഡോസ് വാങ്ങുമ്പോള്‍ ഫ്രീ ആയി കൊടുക്കാന്‍ തുടങ്ങിയതാണെന്നും അനുസ്മരിക്കുന്നു. എങ്കിലും അതു കഴിഞ്ഞു കാലം കുറേ ആയല്ലോ.)

ഓ:ടോ : ഓകെ ഓകെ..തലയില്‍ വെയില് കൊള്ളിക്കില്ല.


ഐ പി എല്‍ 2

മേയ് 26, 2009

“അങ്ങട് നടക്കമ്മേ കളി തൊടങ്ങാന്‍ പോണൂ.”
“നിന്നോടാരാടാ പറഞ്ഞേ ഇത്ര ദൂരെ കൊണ്ടോയി പാര്‍ക്ക് ചെയ്യാന്‍?”
“അച്ചൂനെ ഇങ്ങട് താടീ..ഞാന്‍ എട്‌ക്കാം”

“നിങ്ങളെവിട്യാ?”
“ഞങ്ങള്‍ ഗേറ്റ് റ്റു വില്‍…”
“കളി തൊടങ്ങ്യോ”
“ആ!”

“ഹോ ക്ഷീണിച്ചു…ഇവനെന്ത് കനമാ ഹോ! എടുത്തോണ്ട് നടന്ന് അരപ്പു കലങ്ങി.”
“ഹിഹി”
“ശോ അവനെ കണ്ടോ..അചൂനെ എടുത്തോട് നടന്ന് പതം വന്നു.”
“ഇന്നാടാ പെപ്സി”
“കൊണ്ടു പോ അവ്‌ട്ന്ന്…ഗേറ്റില്‍ വന്നപ്പോ തന്നെ തുടങ്ങി തീറ്റേം കുടീം.”

“ദേ കുംബ്ളെ!”
“അയ്യേ അതേതോ ഡൂക്കിലിയാ..കുംബ്ലെ ഒന്നും അല്ല.”

“ങ്ങേ..സീറ്റിലെല്ലാം സായിപ്പന്മാരാണല്ലോ”
“അതേയ് ഇത് ഞങ്ങടെ സീറ്റാ..”
“ദേ സെഡ് വീ ക്യാന്‍ സിറ്റ് എനി‌വെയര്‍”
“യേസ് യു ക്യാന്‍ സിറ്റ് എനിവെയര്‍, ബട്ട് വീ വാണ്ട് റ്റു സിറ്റ് ഓണ്‍ അവര്‍ സീറ്റ്സ്.”
“അങ്ങട് എണീറ്റേ അപ്പച്ചാ..കച്ചറയുണ്ടാക്കാതെ”
“ആ കേറ് കേറ്.”

ദേ കുംബ്ലെ,
ദേ ദ്രാവിഡ്
ദേ സച്ചിന്‍ സച്ചിന്‍…
ഇതാരാ?
ഇത് കോഹ്‌ലി
കോഴിയോ
ആ അങ്ങനേം പറയാം.

ദേ ദ്രാവിഡ്
വിളി വിളി
ദ്രാവീഡേയ് പൂയ് ദ്രാവീഡേയ് പൂയ്..ശ് ശ്
അവന്റെ ഒടുക്കത്തെ ജാഡ..നോക്കാനുള്ള മര്യാദയില്ല..ചെറ്റ
നീ തോറ്റു പൂവെട

റോബിന്‍ പൂയ്..റോബിന്‍..കൂയ്
ദേ നോക്കി നോക്കി.. ഹഹ
കൈ വീശി.

ക്യാമറ ക്യാമറ!
ചേട്ടാ എടുക്ക് എടുക്ക് പ്ലാക്കാര്‍ഡ് പൊക്കെടാ
‘ഫ്യൂച്ചര്‍ സച്ചിന്‍, റെഡി റ്റു സൈന്‍’
അച്ചൂന്റെ മോളില്‍ പിടി
ദേ എടുത്തൂ..എടുത്തൂന്ന്
വണ്‍സ് മോര്‍ വണ്‍സ് മോര്‍
ദേ സ്ക്രീനില്‍…
ഹേയ്.ഹോയ് ഹേയ് ഹോയ്……..

ഹലോ ഹലോ കണ്ടോ?
ഹഹഹ അചൂനേം കണ്‍ടോ?..അടിപൊളി റിക്കാര്‍ഡ് ചെയ്തേക്കണേ…ഓകെ..ബൈ

ഇന്നാ കടല
ഇന്നാ ജ്യൂസ്
ചിപ്സ് വേണോ
പഴം വേണോടാ
ഒരു ഇഡ്ഡലി എടുക്കട്ടെ?
ഇതിനിടെ ഇഡ്ഡലീം കൊണ്ടു വന്നോ മൈ ഗോഡ്!
ഒന്നു മിണ്ടാതിരി..ഒടുക്കത്തെ ഒരു തീറ്റി, കളി കാണട്ടെ.

ഈ നശിച്ച പാക്കികളേ കൊണ്ട് തോറ്റു.
മുന്നീന്ന് മാറെടാ താടി.
ഇന്നാ ഇവിടെ ഇരി, അങ്ങനേലും ഈ ചുരീദാറൂം ഇട്ടോണ്ട് മുന്നില്‍ നില്‍ക്കാതെ.
ഹോ അവന്റെ നോട്ടം കണ്ടില്ലേ…സീറ്റ് കൊടുത്തിട്ടും നന്ദിയില്ല.
ഇവനൊക്കെ നമ്മടെ കളി കാണാന്‍ നാണമില്ലല്ലോ കെട്ടിയെടുക്കാന്‍.

ഓ ഇന്നും ബോംബേക്കാരു പൊട്ടും.
സച്ചിന്‍..കുച്ചിന്‍ ചുമ്മാ കാശ് പോയി.
കാലിസ് ഒടൂക്കത്തെ കളിയായിരുന്നു ഊത്തപ്പേം.
അവനു പോലും സച്ചിനോട് ഒന്ന് തോറ്റ് കൊടുക്കാന്‍ തോന്നിയില്ലല്ലോ ഈശ്വരാ.
ബഹുമാനം വേണം ബഹുമാനം.

ആ ബാ വീട്ടി പാം.
നാളെ ഓഫീസി പോണം.
അച്ചു ഒറങ്ങ്യോടീ?
എപ്ലേ ഒറങ്ങി.

******************

ബാന്ന്..വെറുതേ ഇതീക്കൂടി കറങ്ങ്യാ മതി ചേട്ടാ..ആരെങ്കിലും ഒക്കെ കാണും.
ഒറപ്പാ?
ഉം. കഴിഞ്ഞ പ്രാവിശ്യം കം‌പ്ലീറ്റ് റ്റീമിനെ കണ്ടതല്ലേ?

ദേ പോണു ഇര്‍ഫാന്‍ പഥാന്‍..
കൂടെ ആരാ
പീയൂഷ് ചൊഉള..
അതാര്?
അതൊരു ഡൂക്കിലി.

പഥാന്‍ പഥാന്‍
യേസ് ക്
യാന്‍ വി റ്റേക്ക് എ സ്നാപ് വിത്ത് യൂ പ്ലീസ്
ഓ ഷുവര്‍
ക്ലിക്ക്
വണ്‍സ് മോര്‍ പ്ലീസ്
ക്ലിക്ക്
വേര്‍ ഈസ് ശ്രീശാന്ത്?
ഹീ വില്‍ ബി സം വെയര്‍ ഹിയര്‍
ഓള്‍ ദി ബെസ്റ്റ് ഫൊര്‍ ദി മാച്ച് ട്ടാ
ഓകെ താങ്കസ്.
നീ എന്തിനാടാ അവന് ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞത്? നീ ഡെക്കാനല്ലേ
പാവല്ലേ ചേട്ടാ..ഒരു മര്യാദക്ക് പറഞ്ഞതാ.
പാവം ചൊഉള ഒരു പട്ടിക്കും അവനെ മൈന്‍ഡില്ല
ഹഹഹ

ബാ ഇതില്‍ക്കൂടെ ഞൂഴ്ന്ന് ഹോട്ടല്‍ ലോബീ കയറാം.
ഇ വഴി കൊള്ളാവല്ലോ
ആ അതാ…ഇതൊക്കെ നമ്മടെ സ്തിരം റൂട്ടല്ലേ

ദേ പോണു വാസിം ജാഫര്‍.
ഫോട്ടോ വേണോ?
യെവനാര്? പോവാന്‍ പറ

ദേ പോണു റ്റോം മൂഡി
ഓ അതൊന്നും വേണ്ടറാ. ആര്‍ക്കും അറിയൂല ഈ മാക്കാനെയൊന്നും

ദേ പോവാര്‍
ബെസ്റ്റ്.

യ്യോ! ശ്രീശാന്ത്..ദേ ലിഫ്റ്റില്‍!
ഹേ ഹേ ശ്രീശാന്ത് …
ദേ ശ്രീ കൈ വീശി. ങ്
ങേ..അങ്ങട് ചെല്ലാനോ? ഓടി വാ..
ദേ വരണു ലിഫ്റ്റില്‍ന്ന് നമ്മളെ കണ്ടിട്ട്.
ഹലോ ശ്രീ
ഹ എന്തൊക്കെയിണ്ട് ചേട്ടാ? സ്വാമി ശരണം
നമസ്കാരം. ഓര്‍മ്മയുണ്ടോ?
പിന്നേ! നമ്മടെ (ഒരാംഗ്യം കാട്ടുന്നു) ചേട്ടന്‍ അല്ലേ?
ഹഹഹ തന്നെ തന്നെ… എങ്ങനിണ്ട് ഷോള്‍ഡര്‍? ഇനീം കളിക്ക്വോ?
ഷോള്‍ഡറല്ല, ബാക്ക്..കൊഴപ്പില്ല. കളിക്കും.
ഒരു ഫോട്ടോ പ്ലീസ്..ചേട്ടാ നിക്ക്
ക്ലിക്ക്
ഇനി എന്റെ കൂടെ
ക്ലീക്ക്
പോട്ടെ ചേട്ടാ ധൃതിയുണ്ട്..പോയിട്ട് കുളിക്കണം..പ്രാക്റ്റീസ് കഴിഞ്ഞ് വരണ വഴിയാ.
ഓ കെ ബൈ
ബൈ

ഹോ എന്നാലും നിന്നെ അവന് ഓര്‍മ്മയുണ്ടല്ലോടാ
ഹഹഹ…വാട്ട് റ്റു ഡു..എന്റെ ഒരു കാര്യം
നീ അവനെ ഫുഡ് കഴിക്കാന്‍ വിളിക്കണ്ടേ? മോശമായിപ്പോയി.
ശോ! ശരിയാ..മറന്നേ പോയി
ചേ..നമ്മളെ പറ്റി അവന്‍ എന്തു വിചാരിക്കും
അയ്യേ
അയ്യേ…

ദേ വരണു പിന്നേം … ശ്
രീ ശ്രീ…. ദേ പോണു റിസപ്ഷനിലേക്കാ.
വച്ചു പിടി.
ശ്രീ ഹലോ..അതേയ് ഊണ് കഴിക്കാന്‍ വീട്ടിലേക്ക് വര്വോ? കേരള ഫുഡ് കഴിക്കാം..
അയ്യോ ചേട്ടാ ഭയങ്കര റ്റൈറ്റാ..ഇന്നെന്തായാലും പറ്റില്ല
ഇന്നു വേണ്ടാ, കളി കഴിഞ്ഞു പോകാറാകുമ്പം വിളിച്ചാല്‍ മതി.
ഓ കെ എന്നാല്‍ ചേട്ടന്റെ നമ്പറ് താ.
ഇതാ നമ്പര്‍. പേരറിയോ?
പിന്നേ!
അരവിന്ദ്
ഓ കെ.
ഞാന്‍ പോട്ടെ ചേട്ടാ. ന്റെ റൂം ലോക്ക്ഡ് ആയി. തൊറക്കാന്‍ പറ്റണില്ല
ഓ കെ ശ്രീ..സമയം കിട്ട്യാ വിളിക്കൂ..ഞാന്‍ വന്ന് പിക്ക് ചെയ്യാം
ഓ കെ ന്നാ.

എടാ നീ നിന്റെ നമ്പറ് കൊടുത്തിട്ടെന്ത് കാര്യം? നീ അവന്റെ നമ്പറ് വാങ്ങിക്കണ്ടേ?
അയ്യോ ചേ
അയ്യേ
ഇയാള് അവടെ വായും പൊളിച്ച് നിക്ക്വല്ലാരുന്നോ..പറയാന്‍ മേലാരുന്നോ
ഓ എനിക്ക് ഇത്തരം കാര്യങ്ങടെ എടക്ക് നിന്നേക്കാളും റ്റെന്‍‌ഷനാ
അവന്‍ വിളിക്വാരിക്കും
വിളിക്വാരിക്കും.
ആ.
ആ ബാ.

*********************************
ഐ പി എല്‍ ഹീറ്റ് സ്കോളര്‍ഷിപ്പ്
————————-
അല്ല തെം‌ബാ നിനക്ക് സത്യമായിട്ടും പതിനയ്യായിരം റാന്‍‌ഡ് പഠിക്കാന്‍ കിട്ടിയോ?
കിട്ടി
എങ്ങനാടാ അതിലൊന്ന് കയറി പറ്റുക
അയ്യേ അത് പിള്ളേര്‍ക്കാ..മുതുക്കന്മാര്‍ക്ക് ഒന്നും കിട്ടൂല
മ്മടെ വീട്ടില്‍ പിള്ളേരുണ്ടെടാ
ങാ..എന്നാ ട്രിക് പറഞ്ഞു തരാം
പറ
കളി തുടങ്ങുന്നതിന് കുറേ നേരത്തെ പോയി സ്കോര്‍ ബോര്‍ഡിന്റെ ചോട്ടില് നിന്നാല്‍ മതി.
ആണോ?
ഉം. അവന്മാര് അവിടെ വന്ന് തപ്പും. അഞ്ചെണ്ണത്തിനെ സെലക്റ്റ് ചെയ്യും.
താങ്ക്യു താങ്ക്യു.
…..
ഹലോ അമ്മൂന് കിട്ടിയെടാ, പതിനയ്യായിരം !
ഉവ്വോ! അടിപൊളി..ചെലവ് ചെയ്യണം..പറഞ്ഞത് കറക്റ്റല്ലേ?
കറക്റ്റ്. സ്കോര്‍ബോര്‍ഡിന്റെ ചോട്ടില് നിന്നപ്പോല്‍ വന്നു പൊക്കി
ഹഹഹ.
എനിക്ക് ഒരു പ്ലേ സ്റ്റേഷന്‍ വാങ്ങിക്കണം..അമ്മൂന് കുറേ ഡ്രസ്സ് എടുത്ത് കൊട്
എടാ പൈസ കൈയ്യില്‍ കിട്ടൂല
പിന്നേ?
സ്കൂളില്‍ കൊടൂക്കും. ഫീ ആയിട്ട്.
അയ്യേ ഡാഷുകള്‍. പത്തു പൈസേടെ ഉപകാരമില്ലാതായല്ലോ.

***************************************

ഇതാരാടാ നമ്മടെ പറമ്പില്‍ കെളയ്കാന്‍ വരുന്ന ജോണിടെ പോലെ ഒരെണ്ണം ?
അയ്യോ ഇത് എഡ്ഡി ഗ്രാന്റാ..വേള്‍ഡ് ഫേയ്മസ് അല്ലേ..ഭയങ്കര പാട്ടുകാരാനാ
ഹും! കണ്ടാ പറയൂല.
വൃത്തികെട്ട പാട്ട്..ഇതൊക്കെയാണോ പാട്ട്
എന്നാ പോയി യേശുദാസിനെ കൊണ്ടു വാ അല്ല പിന്നെ

ദേ നമ്മടെ പ്രസിഡന്റ്
ശോ ദേ ശില്പാഷെട്ടീടെ അടുത്ത്.
ഹെന്റമ്മേ അവടെയൊക്കെ റ്റൈം.
ചീ അവടെ മൂക്കിന്റെ ഷേപ്പ് കണ്ടോ..ഇവളൊക്കെ എങ്ങനെ സിനിമാ നടി ആയടെ!
യോഗം വേണം.

************************************
ദേ ഗാംഗുലി.
കൊച്ചു കള്ളന്‍..അടി വരാത്ത സൈഡില്‍ പതുങ്ങി നിക്കുവാ. ഫീല്‍ഡ് ചെയ്യാന്‍ പറ്റൂല.
ദാദാ..ദാദാ
എവടെ നോക്കാന്‍
ദാദാ..ദാദാ..
ദേ നോക്കി, ബാക്കി കൂടെ പറ.
കേറി പോടാ.
ഹഹഹ

ദേ ചീര്‍ ലീഡേര്‍സ്
ഹോ കൊള്ളാം, നല്ല വ്യൂ.
അയ്യേ
എന്ത്?
ദേ നോക്യേ
എന്തറാ?
ഇവളുമാര് സ്റ്റോക്കിംഗ്സ് ഇട്ടിട്ടുണ്ട്!
അയ്യേ
തൊലീടെ കളറുള്ളത്
ഇതൊരുമാതിരി മനുഷ്യനെ വടിയാക്കി.
ഹോ നാട്ടിലുള്ളോന്മാരെയോര്‍ത്ത് എന്റെ ചങ്ക് പൊട്ടുന്നു..
പാവങ്ങള്‍..എന്തൊക്കെ ആലോചിച്ചു കൂട്ടുന്നുണ്ടാകും.
വഞ്ചകികള്‍. നിന്റെ സ്റ്റോക്കിംഗിനകത്ത് ഉറുമ്പ് കയറുമെടീ.


ഒരു ക്രിക്കറ്റ് കദ

മേയ് 22, 2009

“The medical board has reported that Shoaib Akhtar was suffering from genital viral warts, and electrofulguration was done on May 12, 2009.” -The Pakistan Cricket Board offer an advisory over Shoaib Akhtar’s latest injury problem and, for once, offer rather too much information

Cricinfo.com: May 21, 2009 

ഒട്ടും ബന്ധമില്ലാത്ത ഒരു കഥ (സാങ്കല്പികം)

പോക്കിരിസ്ഥാന്‍ ക്യാപ്റ്റന്‍ യൂണീക് ഖാനു Condylomata acuminata, Human papilloma virus (HPV) എന്നതിനെക്കുറിച്ചൊന്നും വലിയ വിവരമില്ല. ഷോയിബ് ശക്തര്‍ മര്‍മ്മസ്ഥാനത്ത് മറുക് വന്ന് കിടപ്പിലായി എന്നു കേട്ട് മൂപ്പര്‍ എന്തോ ചൊറിയോ ചിരങ്ങോ മറ്റോ ആണെന്നേ കരുതിയുള്ളൂ. കൂടാതെ കാളക്കൂറ്റനെപോലെയുള്ള ശക്തര്‍ റ്റീമിലില്ലാത്തത് കൊണ്ട് അല്പം ആശ്വാസവും തോന്നി.
ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ പത്രക്കാര്‍ വിടുമോ? നല്ല വിശദീകരിച്ച് ക്രിക്കറ്റ് ബോര്‍ഡ് ഷോയിബിന്റെ അസുഖം വിവരിച്ചു കൊടുത്തതാണ്. ചെളി കാണുമ്പോഴെല്ലാം ചവുട്ടുന്നവര്‍ക്ക് കിട്ടുന്ന തരം രോഗമാണത്രേ. എന്നാലും പത്രക്കാര്‍ക്ക് യൂണിക് ഖാന്റെ അഭിപ്രായം അറിയണം.
മൂപ്പര്‍ക്ക് ആകെ കൂടെ മുറി ഇംഗ്ലീഷേ അറിയൂ-ഈ സായിപ്പന്മാരെക്കൊണ്ട് തോറ്റു.

സര്‍,സര്‍,സര്‍..വൈ ഈസ് ഷോയിബ് നോട്ട് ഇന്‍ ദി റ്റീം? വാട്ട് ഈസ് യുവര്‍ ഒപീനിയന്‍ എബൊഉട്ട് ഹിസ് ഒമിഷന്‍?

ങ്..ഹ്…യാ… യാ.. യു നോ…ഹീ ഈസ് ഡൊഉണ്‍ വിത്ത് സം ഇന്‍ഫെക്ഷന്‍..ദാറ്റ് ഈസ് വൈ ഹീ ഈസ് നോട്ട് ഇന്‍ ദി റ്റീം…

ആന്റ് വാട്ട് ഡു യു തിങ്ക് അബൊഉട്ട് ദി ഡിസിഷന്‍ റ്റു ഒമിറ്റ് ഹിം?

ങ്..ഹ്…യാ… യാ.. യു നോ…വെരി ഗുഡ് ഡിസിഷന്‍….ബികോസ് ഇഫ് ഹീ ഈസ് ഇന്‍ ദി റ്റീം ദെന്‍ ദിസ് ഇന്‍ഫെക്ഷന്‍ ക്യാന്‍ സ്പ്രെഡ് റ്റു അദര്‍ പ്ലെയേര്‍സ് ഇന്‍ ഔര്‍ റ്റീം..യു നോ..ഔര്‍ അദര്‍ പ്ലെയേര്‍സ് ക്യാന്‍ ആള്‍സോ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഹിം…സോ റ്റു സ്റ്റോപ്പ് ദാറ്റ് വീ ഹാവ് റ്റു കീപ്പ് ഹിം അറ്റ് ഹോം..

വാട്ട്?

ങ്..ഹ്…യാ… യാ.. യു നോ…യെസ്..എസ്പെഷ്യലി യങ്ങര്‍ പ്ലെയേര്‍സ് ഇന്‍ ഔര്‍ റ്റീം ലൈക്ക് മഫ്രീദി,കസ്ബാ…. ഇഫ് ദേ ആള്‍സൊ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഷോയിബ്, ദെന്‍ ഔര്‍ ചാന്‍സസ് റ്റു വിന്‍ ദി വേള്‍ഡ് കപ്പ് വില്‍ ബി അഫക്റ്റഡ്..സോ ഇറ്റ് വാസ് എ ഗുഡ് ഡിസിഷന്‍ റ്റു റെസ്റ്റ് ഷോയിബ്…

 പോയന്റ് അത്ര ഏശിയില്ല എന്ന് പത്രക്കാര്‍ വാ പൊളിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ യൂണിഖ് ഖാനു തോന്നി. കിടക്കട്ടെ അല്പം കൂടി എന്നു കരുതി..

“ആള്‍സോ യു നോ…ഐ ക്യാന്‍ ആള്‍സോ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഷോയിബ്, എന്‍ ദാറ്റ് കേസ് പാക്കിസ്ഥാന്‍ റ്റീം വില്‍ ഹാവ് നോ ക്യാപ്റ്റന്‍ ഹിഹി…സോ വീ വില്‍ ബി ഇന്‍ ട്രബിള്‍..സോ ഗുഡ് ഡിസിഷന്‍ ഗുഡ് ഡിസിഷന്‍”.

പത്രക്കാര്‍ ബോധം കെട്ടു.


നന്ദി നന്ദി നന്ദി.

മേയ് 17, 2009

ibru_udf2

 

മുതാലിക്കന്മാര്‍ക്കും, അമ്പലം‌വിഴുങ്ങികള്‍ക്കും, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന എല്ലാ മത-ജാതി ഭ്രാന്തന്മാര്‍ക്കും വോട്ടുകളാല്‍ ചങ്ങല തീര്‍ത്ത പ്രബുദ്ധ സമ്മതിദായകര്‍ക് എന്റെ അഭിവാദ്യങ്ങള്‍.
അമേരിക്ക, ഇസ്രായേല്‍, ഇറാഖ്, പോളണ്ട് മുതലായ ഗിമ്മിക്കുകളിലും പരിഹാസ്യമായ മറ്റു പ്രൊപ്പഗാന്‍ഡകളിലും വീഴാതെ നമുക്കെന്താണ് ഗുണം എന്ന് ചിന്തിച്ചു വോട്ട് ചെയ്ത് എല്ലാ ഇന്ത്യക്കാര്‍ക്കും. അവരെ ഒരു പക്ഷേ മാറ്റി ചിന്തിക്കാന്‍ പേരിപ്പിക്കുന്ന ഈ വിധിയെഴുത്തിന് എന്റെ പ്രണാമം.

ഇനി ഒത്തൊരുമിച്ച് മുന്നോട്ട് (ജാതി/മത കോമരങ്ങള്‍ ഒഴികെ)


വോട്ട് പാഴാക്കാതിരിക്കുക.

ഏപ്രില്‍ 15, 2009

 

progressമതത്തിന്റെ പേരിലായാലും ഇസത്തിന്റെ പേരിലായാലും മനുഷ്യന്റെ സ്വാതന്ത്ര്യം അടിയറ വയ്കുന്നതിനെതിരെ.

രാജ്യത്തിനെ അമേരിക്ക,ഇസ്രായേല്‍, പോളണ്ട് (പോളണ്ട് ഇപ്പോള്‍ ലിസ്റ്റില്‍ കാണില്ല-പോളണ്ട് കണ്ടിട്ടുണ്ടെങ്കില്‍) എന്നൊക്കെ പറഞ്ഞ് പിന്നോട്ട് വലിക്കുന്നതിനെതിരെ.
അക്രമ രാഷ്ട്രീയത്തിനെതിരെ. തത്വശാസ്ത്രത്തിനു വേണ്ടി രാജ്യ‌താല്പര്യം ബലികഴിക്കാതിരിക്കാന്‍.
സങ്കുചിതമായ ചിന്താഗതിയും ഹ്രസ്വകാല പദ്ധതികള്‍ക്കുമെതിരെ.
പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.

 പാവങ്ങള്‍ക്ക് വേണ്ടി.
ഹിപ്പോക്രസിക്കെതിരെ.
ചെകുത്താനും കടലിനുമെതിരെ.

എന്റെ വോട്ട് യു ഡി എഫിന്.


ഐ പി എല്‍ (SA)

മാര്‍ച്ച് 25, 2009

അങ്ങനെ ഇത്തവണ ഐ പി എല്‍ ദക്ഷിണ ആഫ്രിക്കയിലായി.

ആദ്യം ഭയങ്കര ആവേശം തോന്നിയെങ്കിലും പിന്നെ ഇത് വയ്യാവേലി ആകുമോ എന്നു ചിന്തിക്കുകയായിരുന്നു!
കാര്യം റ്റൂര്‍ണ്‍നമെന്റില്‍ എട്ടു റ്റീമൊക്കെയുണ്ടെങ്കിലും നമ്മുടെ കൊച്ചിയില്‍ നിന്നോ കോഴിക്കോട്ട് നിന്നോ ഒറ്റ റ്റീമുമിലല്ലോ, ഒന്നു സപ്പോര്‍ട്ട് ചെയ്യാന്‍.
കൈയില്‍ കാശുണ്ടായിരുന്നെങ്കില്‍ കേരള ലുങ്കി കിം‌ഗ്സ് എന്നൊരു റ്റീം ഞാനിറക്കിയേനെ!

മാത്രമല്ല, ഇന്ത്യ എന്നു കേട്ടാല്‍ അരയില്‍ പടക്കവും വാരിക്കെട്ടി വരുന്ന, ഒന്നിനും കൊള്ളാത്ത(അന്തസ്സായി മരിക്കാന്‍ പോലും)ചില പാറ്റകള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ളതും ചെറിയ റ്റെന്‍ഷന്‍ തരുന്നു.
വെല്‍-എക്വിപ്‌ഡ് ആയ ഒരു ലോകോത്തര പോലീസ് സേനയുണ്ടെങ്കിലും, ജോബര്‍ഗ്ഗ് എന്നത് ലോകത്തിലെ ക്രൈം ക്യാപ്പിറ്റല്‍ എന്നറിയപ്പെടൂന്ന സ്ഥലമാണെങ്കിലും, മത-രാജ്യാന്തര തീവ്രവാദത്തെ നേരിട്ട പരിചയം ദക്ഷിണാഫ്രിക്കന്‍ പോലീസിനു കുറവാണെന്നു വേണം കരുതാന്‍. പാക്കിസ്ഥാനികളും, ഇന്ത്യക്കാരും, ബംഗ്ലാദേശികളും തിങ്ങിപ്പാര്‍ക്കുന്ന, അവരില്‍ പലരും ഇല്ലീഗലായി താമസിക്കുന്ന, സ്ഥലങ്ങളുണ്ടെങ്കിലും ഇതു വരെ “പാറ്റാശല്യം” ഇവിടെ ഉണ്ടായിട്ടില്ല. അത് മുതലാക്കാന്‍ കസബിനെ പോലെയുള്ള മുന്‍ പോക്കറ്റടിക്കാരും കൂട്ടിക്കൊടുപ്പുകാരും കഞ്ചാവുമടിച്ച് തോക്കുമെടുത്തിറങ്ങുമോ എന്നൊരു ഭയം.
ദക്ഷിണ ആഫ്രിക്കയിലേക്ക് വരാന്‍ എന്തെളുപ്പമാണ് (സാധാരണ ആള്‍ക്കാരുടെ കാര്യമല്ല-മനുഷ്യരോടുള്ള വെറുപ്പുമൂലം അന്ധത ബാധിച്ച പാറ്റകളുടെ കാര്യമാണ്)-സിംബാവേയിലോ മൊസാംബിക്കിലോ ചെന്ന് ഒരു വേലി ചാടിയാല്‍ ദക്ഷിണ ആഫ്രിക്കയായി. അനേകം ക്രൈം സിന്‍‌ഡിക്കേറ്റുകള്‍ വാണരുളുന്ന ജോബര്‍ഗ്ഗിലെ അധോലോകത്ത് വളരെ ചീപ്പ് റേറ്റിന് എ കെ 47 വരെ കിട്ടും എന്നാണ് കേട്ടറിവ്. ഒരുത്തന് വട്ടിളകിയാല്‍ പോരേ?
ഇവിടെ എയര്‍ പോര്‍ട്ടില്‍ തന്നെ ആര്‍ക്കും എവിടേയും കയറി മേയാം എന്നുള്ളത് അവസാനിപ്പിച്ചത് ഈയിടെയാണ്. ദക്ഷിണാഫ്രിക്കന്‍ എയര്‍ വേയ്സ് വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കുപ്രസിദ്ധമാണല്ലോ..ചെക്കിംഗ് ഒക്കെ പേരിനേയുള്ളായിരുന്നുവത്രേ. ഇപ്പോള്‍ മാറ്റിയോ എന്നറിയില്ല. സ്റ്റേഡിയത്തിലും അതു പോലെ തന്നെ. കളി ആസ്വദിക്കാന്‍ ചെല്ലുന്ന കാണികളാണ്, അവരെ തടഞ്ഞ് നിര്‍ത്തി അണ്ടര്വെയര്‍ വരെയൂരി കുടഞ്ഞ് പരിശോധിക്കലൊന്നും ഇവിടെയില്ലായിരുന്നു. ഐ പി എല്‍ വന്ന സ്ഥിതിക്ക് അത് വേണ്ടി വരും എന്ന് തോന്നുന്നു.
ഇന്ത്യന്‍ കളിക്കാരൊക്കെ എന്തു ഫ്രീ ആയിട്ടാണ് ഇവിടെ കഴിഞ്ഞ തവണ വന്നപ്പോള്‍ ചുറ്റു നടന്നത്! ഇപ്പൊള്‍ അത് സാധിക്കും എന്ന് തോന്നുന്നില്ല. കളിക്കാരെ കണ്ടില്ലെങ്കിലും വേണ്ടില്ല, ഇന്ത്യന്‍ പോലീസും ദക്ഷിണ ആഫ്രിക്കന്‍ പോലീസും സം‌യുക്തമായി കളിക്കാര്‍ക്ക് നല്ല സുരക്ഷ നല്‍കുക തന്നെ വേണം. കാണികള്‍ക്കും സുരക്ഷ ഉറപ്പാക്കണം. അല്പം ബുദ്ധിമുട്ടിയാലും വേണ്ടില്ല.
ഇതൊക്കെ വെറും ഇരുപത്തഞ്ച ദിവസം കൊണ്ട് അറേഞ്ച് ചെയ്യാന്‍ പറ്റുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. പ്രത്യേകിച്ച് സെക്യൂരിറ്റി. ലോകത്തിലെ ഏറ്റവും വലിയ ഒരു കായിക ഇവന്റാണ്. എട്ടു റ്റീമുകള്‍ക്ക് ഒരോരോ സ്റ്റേഡിയം കൊടുക്കാന്‍ പോലും ഇവിടെയില്ല. ലോക കപ്പിനു വേണ്ടി റോഡിലെങ്ങും പണി തിരക്കാണ്. അതിനിടക്ക് ഇവരുടെ ലോജിസ്റ്റിക്സ്.
ഹോട്ടല്‍ റൂം ഒക്കെ കാണുമ്മോ എന്നു തന്നെ സംശയമാണ്, പല ഹോട്ടലുകളും പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്. റ്റീമിലെ അപ്രമുഖ കളിക്കാര്‍ ബെഡ്ഡ് ആന്റ് ബ്രേക്ക്ഫാസ്റ്റില്‍ കിടക്കുമെന്ന് കണിശം.

ഏറ്റവും പ്രശ്നം, ഏപ്രില്‍ 22നു ഇവിടേയും തിരഞ്ഞെടുപ്പാണ്. കേന്ദ്രത്തിലേക്ക് തന്നെ! ജേക്കബ്ബ് സൂമ എന്ന എ എന്‍ സി പ്രസിഡന്ന്റാണ് പ്രസിഡന്‍ഷ്യല്‍ റേസില്‍ മുന്നില്‍. അഴിമതിയാരോപണങ്ങള്‍ക്ക് കോടതി കയറിയിറങ്ങുന്ന അദ്ദേഹം പ്രസിഡന്റാകുന്നതിനെ എതിര്‍ക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അദ്ദേഹത്തിനെ ചോര ചിന്തിയായാലും പ്രസിഡന്റാക്കും എന്നു പറയുന്ന തീവ്രവിഭാഗവും ഇവിടെയുണ്ട്. ഇതിന്റെയൊക്കെ ഇടയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഉണ്ട്.

ഇതിന്റെയൊക്കെ ഇടയില്‍ ഐ പി എല്ലും!
ഇലക്ഷന്‍ സംബന്ധിയായി ഇവിടെ വല്ല അക്രമവും നടന്നാല്‍ ഐ പി എല്‍ എന്തു ചെയ്യും എന്നു ഞാന്‍ ആലോചിക്കുകയാണ് സുഹൃത്തുക്കളേ.ഐ പി എല്‍ കട്ടേം പടോം മടക്കേണ്ടി വരും.

ഇത്ര റിസ്കിയായിട്ട് ഈ റ്റൂര്‍ണ്ണമെന്റ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യം വളരെ ന്യായമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ കളിക്കാരെ പോലുമെടുത്താല്‍ ഒരു റെസ്റ്റുമില്ലാതെയാണ്, ക്രിക്കറ്റ് കളീക്കുന്നതെന്ന് കാണാം.

പൊന്‍‌മുട്ടയിടുന്ന താറാവുകളെ ഇത്ര വേഗം കൊല്ലണോ?

ഈ കൊല്ലം ഇതങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ എന്തായിരുന്നു കുഴപ്പം!


ഇന്ത്യന്‍ റുപീ – സിംബല്‍ ഡിസൈന്‍

മാര്‍ച്ച് 21, 2009

indian_rupeeകൈപ്പള്ളിയുടെ ഡിസന്‍സ് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്.

I – ഇന്ത്യ

R – റുപ്പീ (I ഇംഗ്ലീഷിലും R എന്നത് ഹിന്ദി ര ആയും വായിക്കാം..നമ്മുടെ നാനാത്വം. :-))

മുകളിലത്തെ പൊട്ട്, ഭാരതാം‌ബയുടെ പൊട്ട് (രാജ്യസ്നേഹം അസ്ഥിക്ക് പിടിച്ചവര്‍ക്ക്), നമ്മുടെ സംസ്കാരം. എങ്ങനുണ്ട്? അയച്ചിട്ട് തന്നെ ബാക്കി കാര്യം.
(ആര്‍ക്കെങ്കിലും ഈ ഐഡിയ നല്ല ഫോണ്ടില്‍ അല്പം ആര്‍ട്ടിസ്റ്റിക്കായി വരയ്കാം എന്ന് തോന്നുകയാണെങ്കില്‍ അറിയിക്കാന്‍ മടിക്കരുതേ :-))

എന്റേയ് ഉത്തരങ്ങള്‍

മാര്‍ച്ച് 17, 2009

മലയാളം ബ്ലോഗ് ലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്ന ആരുടേയ് ഉത്തരങ്ങള്‍ എന്ന ഗെയിമില്‍ പങ്കെടുക്കാനുള്ള എന്റെ എണ്ട്രി ലഫറി ശ്രീ കൈപ്പള്ളിജി നിര്‍ദ്ദയം വാലില്‍ പിടിച്ചു തൂക്കി പുറത്തേക്ക് കളയുകയായിരുന്നു!
ഒരു നിയമവും വായിച്ചു നോക്കാതെ ചന്തക്ക് പോകുന്നത് പോലെ കുറേ ഉത്തരങ്ങളുമായി ചെന്നാല്‍? ഗള്‍ഫിലായിരുന്നെങ്കില്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞേനെ.

മത്സരത്തില്‍ പങ്കെടുക്കാന്‍ എന്തോ ഫോം പൂരിപ്പിക്കണം എന്നു അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും അതിനായി സമയം വീണ്ടും മാറ്റി വയ്കാന്‍ കഴിയാത്തത് കൊണ്ട് കിട്ടിയതാകട്ടെ എന്ന മട്ടില്‍ അപേക്ഷാ ഫോറവും മടക്കി കക്ഷത്തില്‍ വെച്ച് നേരെ ഇങ്ങു പോരുകയായിരുന്നു! 🙂

എഴുതിയത് മുതലാക്കാന്‍ ഇവിടെ പോസ്റ്റുന്നു. 🙂

എല്ലാവര്‍ക്കും നന്ദി! (എല്ലാറ്റിനേം പിന്നെടുത്തോളാം എന്നല്ലാ ട്ടാ. ശരിക്കും :-))

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?

->ഉണ്ട്. എനിക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രം.
just to form an opinion, to know more.

എന്താണു് സമൂഹിക പ്രതിബദ്ധത?

->ഒരു പാര ഇങ്ങോട്ട് കിട്ടുമ്പോള്‍ തിരിച്ച് ഡബിള്‍ പാര അങ്ങോട്ട്
പണിയാനുള്ള വൈദഗ്ദ്ധ്യം.

എന്താണ്‌ സൌന്ദര്യം?

->എന്റെ ശാപമാണ് ചേട്ടാ ഈ പറേണ സാധനം.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു
തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

->അദ്ധ്യാപകന്‍. ഒരു സംശയവുമില്ല. മറ്റേതെല്ലാം സ്കില്‍‌ഡ്
‘ജോബ്‌സ്/പ്രൊഫഷന്‍സ്’ ആണ്. പക്ഷേ ഏത് ‘പോലീസ്‌കാരനും’
ഒരദ്ധ്യാപകനാകാം-ക്ലാസ്സില്‍ കേട്ടെഴുത്തും കോം‌പ്രിഹെന്‍‌ഷനും കൊടുത്ത്
ജീവിച്ചു പോകാം.

എന്താണ്‌ ദൈവം?

->മേഴ്സിക്ക് പിന്നാലെ പോകുന്നതാണ് ദൈവം (കോട്ടയം-അയ്‌മനം റൂട്ടില്‍,
നാലേ മുപ്പത്തൊമ്പതിന്)

കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?

->രണ്ടിനേയും കഴിച്ചു നോക്കിയിട്ടില്ല. എന്നാലും കൊറ്റി
റോസ്റ്റായിരിക്കും നല്ലതെന്ന ഊഹത്തില്‍ കൊറ്റിക്ക് വോട്ട്.

ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?

->ശരിയാണ്. വയറിന്റെ അല്പം ഇടത് മാറി, ഇടുപ്പിന്റെ മുകളിലായി ആണ് അനുഭവപ്പെടാറ്.

പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടപെട്ടിട്ടുണ്ടോ?

-> ഉണ്ട്. രണ്ട് ജോടി ചെരുപ്പും (ഒന്ന് ഹവായ് ചപ്പല്‍ ആയിരുന്നു), മൂന്ന്
അണ്ടര്‍‌വെയറും, രണ്ട് ഷര്‍ട്ടും നഷ്ടപ്പെട്ടിട്ടുണ്ട്.

കഷ്ടകാലം എന്നാലെന്താണ്‌?

->ഇഷ്ടമില്ലാത്ത ദുഷ്ടന്മാരുടെ കൂടെ ശിഷ്ടകാലം.

ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്

-> കുളിക്കാത്ത പെണ്ണുങ്ങളുടെ മുടിയില്‍ നിന്നുള്ള വിയര്‍പ്പ്/സ്പ്രേ
കുഴഞ്ഞ നാറ്റം.

മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി
അറിയപ്പെടുന്നത്‌?

->പല്ലു തേച്ചതിന് ശേഷം വായില്‍ വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ് അഞ്ച്
മീറ്റര്‍ ദൂരത്തേക്ക് നീട്ടിത്തുപ്പാനുള്ള അദ്ദേഹത്തിന്റെ കഴിവു കൊണ്ടു
തന്നെയാകണം.

വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?

->യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ആള്‍ക്കാര്‍ യുദ്ധം
ചെയ്യുന്നില്ലേ? അതേ ഒരു മനസ്ഥിതി വെച്ചായിരിക്കും.

മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

->ആണോ എന്ന്! രണ്ട് കൈയ്യിലും കൂടെ മിനിമം ആറ് മോതിരം-കല്ല് വെച്ചതും,
അല്ലാത്തതും. ഒരു കൈയ്യില്‍ ആനത്തുടല്‍ ബ്രേസ്ലെറ്റ്, മറ്റേതില്‍
സ്വര്‍ണ്ണ ഇടിവള, കഴുത്തില്‍ ചേരപ്പാമ്പ് വീതിയില്‍ ഒരു ചെയിന്‍. കാതില്‍
ഒരു കടുക്കന്‍. കൈയ്യില്‍ കെട്ടാന്‍ ഒരു ചെറിയ റോളക്സ് ശേഖരം (ഒരു
അഞ്ചെണ്ണം മതി, തല്‍‌ക്കാലം). ഇത് എന്റെ സ്വപ്നമാണ്.

പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍
നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
->ഇല്ല. പുരുഷന്മാര്‍ കൊച്ചിയില്‍ നിന്നും സ്ത്രീകള്‍ കൊയിലാണ്ടിയില്‍
നിന്നും ആണെന്നു പറഞ്ഞാല്‍ നോക്കാം.

ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
-> ആള്‍ക്കാരെ ചിരിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. ഇനിയും സമയം കിട്ടിയാല്‍ എഴുതും.

കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket,
Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു്
ഇഷടം. എന്തുകൊണ്ടു്?
->
BK ഇവിടെയില്ല, ട്രഫിള്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ലിവറ് കഴിക്കാന്‍
പാങ്ങില്ല, കബ്‌സ കിട്ടില്ല. ബാക്കി എല്ലാം ഇഷ്ടമാണ്. കപ്പ വലിയ
ഇഷ്ടമല്ല, ചക്കപ്പുഴുക്കാണ് വീക്ക്നെസ്സ്.

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും?
-> സിറ്റിബാങ്ക്, എ ഐ ജി മുതലായ ഇപ്പോള്‍ പൊട്ടിയ ഷെയറെല്ലാം
വാങ്ങിക്കൂറ്റീട്ട് പുറകോട്ട് നീക്കും.

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
-> ആക്‌ച്വലി തൊഴുത്തല്ല പ്രശ്നം. കെട്ടുക എന്ന വാക്കാണ്. ആനയാണെങ്കില്‍
തൊഴുത്തിലായാലും തളച്ചാല്‍ പ്രശ്നമില്ല.

ഏറ്റവും വലുതെന്താണ്‌?
->ശൂന്യത.

കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ
ഈവരിയുടെ അര്‍ത്ഥം?

->വളരെ കോം‌പ്ലിക്കേറ്റഡ് ആണ്. ഡാ നോക്കി നില്‍ക്കാതെ ആ അമിട്ടും
കുഴിബോംബും എടുത്തോണ്ട് വാടാ പന്നീ എന്നതിന്റെ കോഡ് വാക്യം ആണെന്നാണ്
തോന്നുന്നത്. കാശ്മീര്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത്.

പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം.
തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി
പറയാമോ?

->നമ്പൂതിരിയുടെ പൂണൂല്‍, മൊല്ലാക്കേന്റെ തൊപ്പി, അച്ചന്റെ ളോഹ.

Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ
നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?

->ഇഴയും.(അല്ലാതെ പിന്നെ ഒറ്റക്കാലില്‍ ചാടാന്‍ പറ്റ്വോ?)

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ
ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം
ചോദിക്കും?
ഗാന്ധി
Pierce Brosnan
Che Guevara
മമ്മൂട്ടി
Gabriel Garcia Marquez
Pres. Barack Obama
Adoor Gopalaksrihsnan
Jackie chan
Nelson Mandela
Khalil Gibran
Desmond Tutu
കുറുമാൻ
സാമ്പശിവൻ (കാഥികൻ)
K. J. Yesudas
Shakeela
കുമാരനാശാൻ
Robert Mugabe
K. Karunakaran
വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
ഇഞ്ചിപ്പെണ്ണു്

-> ശ്രീ ഒബാമ – ഫുഡ് എല്ലാം ക്യാന്‍ഡ് ഫുഡ് ആയിരിക്കും.
yes we can, yes we can എന്നു പറഞ്ഞു നടക്കണ ആളല്ലേ. നല്ല എരിവുള്ള കറി
കൊടുക്കും. കുശലം ചോദിക്കും.
-> വിശാലമനസ്കന്‍ – മൂപ്പര്‍ക്ക് എന്നെ കണ്ടാല്‍ —–, നീയാണ് കിടു,
നീയാണ് ബെസ്റ്റ് എന്നൊക്കെ പറയാനേ നേരള്ളൂ. അതൊക്കെ കേള്‍ക്കണത് ഒരു
സുഖല്ലേ. പിന്നെ മൂപ്പരെ എനിക്കും ഭയങ്കര ഇഷ്ടാണ്.
തിന്നാന്‍ മൂപ്പര്‍ക്ക് ഇഷ്ടള്ളതൊക്കെ വെച്ചു കൊടുക്കും. അടിച്ച്
പിമ്പിരിയാക്കിക്കും-വാളു വെപ്പിക്കും- അന്നവടെ തന്നെ കിടത്തും.
ചോദിക്കാന്‍ അങ്ങനെ പ്രത്യേകിച്ചൊന്നൂല..വെറുതേ കൊച്ചു വര്‍ത്തമാനം
പറഞ്ഞിരിക്കും.

അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
->പോര. എലിയെ പിടിച്ചിട്ട്, ദൂരെ കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയും വേണം.

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?

->ചും‌ബിക്കുമ്പോള്‍ മനുഷ്യന്മാര്‍ കണ്ണടക്കുന്നതെന്തിനാണ്? ഈ രാജ്യത്ത്
തോന്നുമ്പോള്‍ കണ്ണടക്കാനുള്ള സ്വാതന്ത്ര്യമില്ലെടേയ്?

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
->തട്ടാന് തട്ടാത്തി പൊരിച്ച മത്തിയാണ് ലഞ്ചിന് നല്‍കി
വിട്ടിരിക്കുന്നതെങ്കില്‍ കാര്യമുണ്ട്.

മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?

->ഈ ഹംസലീല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഷാജഹാന്‍ മന്‍‌സിലിലെ
ഹംസയുടെ ലീല ആണോ? ചേ! എന്നാല്‍ മാര്‍ജ്ജാരപ്രണയം തന്നെ ഭേദം.

Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ
അദ്ദേഹത്തോടു എന്തു് ചോദിക്കും?

-> അഞ്ചരേടെ ബിജുമോന്‍ പോയോ എന്ന്.

മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം
ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക
എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?

->തീര്‍ച്ചയായും. റവന്യൂ സൂപ്രണ്ട് എന്നെഴുതിയതിനാല്‍ പാവപ്പെട്ട
വായനക്കാര്‍ വാര്‍ത്തകള്‍ മനസ്സിലാക്കാനാകാതെ വെമ്പല്‍ കൊള്ളുകയാണ്.
എക്സൈസ്: പീറ വക എന്നതാണ് കൂടുതല്‍ ചേരുക.

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌
താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

->for gentlemen, life begins at 40.
അതിനാല്‍ ഉത്തരം പിന്നെത്തേയ്ക് മാറ്റി വച്ചിരിക്കുന്നു.

എന്താണ്‌ ശരിയല്ലാത്തത്‌?

->മനുഷ്യന്റെ ദൈവ സങ്കല്പം

എന്താണ്‌ സന്തോഷം?

->ജീവിതമാണ് സന്തോഷം.

ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം

->ബെസ്റ്റ്. രാവിലെ ന്യൂസ് പേപ്പര്‍ കിട്ടിയില്ലെങ്കിലും വയറൊഴിയാന്‍ സഹായകം.

ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം

->നല്ല അഭിപ്രായമാണ്. ഓര്‍മകള്‍ എഴുതുന്നത് നല്ലതല്ലേ?
ഒരാളുടെ ഓര്‍മകള്‍ എഴുതി വെച്ചാള്‍ മറ്റുള്ളവരും അത് ഓര്‍ക്കുകില്ലേ?

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.

->സത്യം പറഞ്ഞാല്‍, സഗീര്‍ പണ്ടാരത്തിനെ ഇഷ്ടമാണ്. മൂപ്പരുടെ കവിതകളും
അവയുടെ കമന്റുകളും! എന്തൊരു രസമായിരുന്നു! വേറെ ആരെയും ഇഷ്ടമല്ല. ലാപുഡ
മിടുക്കനാണ് എന്ന് തോന്നിയിട്ടുണ്ട്.

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്

->എല്ലാം ഓര്‍മകളല്ലേ? കുറിപ്പായാലും, കവിതയായാലും, കഥ ആയാലും. അങ്ങിനെ
നോക്കുമ്പോള്‍
വിശാലമനസ്കനാണ് തമാശയില്‍ മുന്‍പന്‍.
all rounderസ് ആയി ആദരിക്കുന്ന ഉമേഷുണ്ട്, ദേവരാഗമുണ്ട്.
കഥയില്‍ ഏവൂരാനെ ഇഷ്ടമാണ്, രേഷ്മയെ ഇഷ്ടമാണ്.
പിന്നെ സൊറ പറയാന്‍ ഇടിവാളിനെ ഇഷ്ടമാണ്, ദില്‍‌ബാസുരനുണ്ട്.
ഇഞ്ചിയുടെ എഴുത്തും/പാചകവും ഇഷ്ടമാണ്.
പിന്നെ അങ്ങനെ കുറേ കുറേ പേരുണ്ട്. എഴുതിയാല്‍ നീളും.
വായനക്കാര്‍ക്ക് മനസ്സിലാകാത്തത് പോലെയെഴുതുന്നത് ഇഷ്ടമല്ല.
ലോകത്തെ നല്ല ഒരു കഥാകാരന്മാരും അങ്ങനെയെഴുതുന്നത് എന്റെ പരിമിതമായ
വായനയില്‍ കണ്ടിട്ടില്ല.

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും
വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ
കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക)
->

കുറിപ്പിസ്റ്റ് ബാറില്‍. കാരണം കവികള്‍ ബീഡി/സിഗര്‍ട്ട് വലിക്കും.
എനിക്ക് അതിന്റെ പുക അലര്‍ജിയാണ്. മറ്റുള്ളവരുടെ വായിലും മൂക്കിലും കൂടി
കയറി വരുന്ന പുക ശ്വസിച്ചാല്‍ ഞാന്‍ അപ്പോള്‍ വാളു വയ്കു.

താങ്കളുടെ Camera ഏതാണു്?

->ഞാന്‍ തന്നെ.
ലെന്‍സ് എന്റെ കണ്ണാണ്. മെമ്മറി തലച്ചോറാണ്, പ്രിന്റര്‍ കൈകളാണ്, ഫ്ലാഷ്
പുഞ്ചിരിയാണ്.
(അല്ലാതെ പുട്ടുകുറ്റി വാങ്ങാന്‍ കാശില്ലാഞ്ഞിട്ടല്ല! ;-))

ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം

->അപാര്‍ട്ട് ഫ്രം റ്റു – ത്രീ ഫോട്ടോ ബ്ലോഗ്സ്.. ബാക്കിയെല്ലാം പാട്ടബ്ലോഗ്സ് (എന്റെയടക്കം).